
മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നത് ശ്രീനാരായണ ഗുരുവിന്റെ ആപ്‌തവാക്യമാണ്. എന്നാൽ ഇന്നത്തെ കാലത്ത് നിറമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന് അതിനെ തിരുത്തി വായിക്കേണ്ടി വരും. കാരണം അത്തരത്തിൽ കറുപ്പ് നിറത്തിന്റെ പേരിൽ നടക്കുന്ന അധിക്ഷേപങ്ങൾ ഏറെയാണ്. ഈ പശ്ചാത്തലത്തിലാണ് കൗമുദി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച, ജിന്റോ തെക്കിനിയത്ത് സംവിധാനം ചെയ്‌ത കറുത്തോൻ എന്ന ഹ്രസ്വ ചിത്രം പ്രസക്തമാകുന്നത്.
പാടത്ത് താറാക്കൂട്ടങ്ങളെ വളർത്തുന്ന ശിവ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. കറുപ്പും വെളുപ്പുമായ രണ്ട് താറാവുകളെ കശാപ്പുകാരന് വിറ്റ് ആ തുക കൊണ്ട് ആശാന് മദ്യം വാങ്ങാൻ പോകുന്നു ശിവൻ. പണവും വാങ്ങി മടങ്ങാനൊരുങ്ങുന്ന ശിവൻ, താറാവിനെ വാങ്ങാൻ വന്നയാൾ പറഞ്ഞതുകേട്ട് തകർന്നു പോകുന്നു. ആരെങ്കിലും വെളുത്ത താറാവിനെ കൊല്ലുമോ, ആ കറുപ്പ് താറാവിനെ കശാപ്പ് ചെയ്യൂ എന്നാണ് അയാൾ പറയുന്നത്. അത് ശിവനെ വല്ലാതെ വേദനിപ്പിക്കുന്നു. താൻ ജീവന് തുല്യം സ്‌നേഹിക്കുന്ന കറുത്തോനെ (താറാവ് ) മടക്കിവാങ്ങാനായി ശിവൻ വീണ്ടും കടയിലെത്തുമ്പോൾ കറുത്ത താറാവ് ഇറച്ചി ആയിക്കഴിഞ്ഞിരുന്നു. പിന്നാലെ കടയിലെത്തുന്ന മറ്റൊരാൾ കരിങ്കോഴിയെയാണ് ആവശ്യപ്പെടുന്നത്. അത് എന്തുകൊണ്ടാണെന്ന് കടക്കാരൻ ചോദിക്കുമ്പോൾ കറുത്തത്തിന്റെ ഇറച്ചി മികച്ചതാണെന്ന് പറഞ്ഞ് അവർ ഉച്ചത്തിൽ ചിരിക്കുകയാണ്.
കറുത്ത താറാവ് എന്നതിലുപരി കറുപ്പ് എന്ന നിറത്തോട് ശിവനുള്ള ഇഷ്ടമാണ് ചിത്രത്തിലൂടെ പ്രകടമാകുന്നത്. കറുപ്പ് നിറത്തോടുള്ള സമൂഹത്തിന്റെ കാഴ്‌ചപ്പാടിനെ ലളിതമായി അവതരിപ്പിക്കുക കൂടിയാണ് സംവിധായകൻ ചെയ്യുന്നത്. രാജീവ് രാജനാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.