
പാലക്കാട്: നഗരസഭയിലെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വലിയങ്ങാടി വാർഡ് കൗൺസിലർ ബിജെപിയിലെ പ്രിയ.കെ തിരഞ്ഞെടുക്കപ്പെട്ടു. ഉപാദ്ധ്യക്ഷനായി ബിജെപി പാലക്കാട് ജില്ലാ അദ്ധ്യക്ഷനും പുത്തൂർ നോർത്ത് കൗൺസിലറുമായ അഡ്വ.ഇ.കൃഷ്‌ണദാസ് തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി പാർലമെന്ററി പാർട്ടി യോഗം ചേർന്നാണ് ഇരുവരെയും തീരുമാനിച്ചത്. ആകെ 50 സീറ്റിൽ 28ലും വിജയിച്ചാണ് ബിജെപി പാലക്കാട് നഗരസഭയിൽ അധികാരത്തിലെത്തിയത്.
വലിയങ്ങാടിയിൽ 500ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രിയ വിജയിച്ചത്. കൗൺസിലർമാരിൽ ഏറ്റവും പ്രായകുറവും പ്രിയയ്‌ക്കാണ്. നിലവിൽ ബിജെപി പാലക്കാട് നിയോജകമണ്ഡലം സെക്രട്ടറിയാണ്.
അതേസമയം പാലക്കാടിന് പുറമേ ബിജെപിയ്‌ക്ക് ഒറ്റയ്‌ക്ക് കേവലഭൂരിപക്ഷം ലഭിച്ച മറ്റൊരു നഗരസഭയായ പന്തളത്ത് അദ്ധ്യക്ഷ സ്ഥാനത്തെ ചൊല്ലി അനിശ്ചിതത്വമുണ്ടായി. നീണ്ട ചർച്ചകൾക്കൊടുവിൽ സുശീല സന്തോഷ് ചെയർപേഴ്‌സൺ ആകുമെന്ന് തീരുമാനമായി. യു.രമ്യ വൈസ് ചെയർപേഴ്‌സണാകും. ഇവിടെ 33 സീറ്റുകളിൽ 18 എണ്ണം നേടിയാണ് ബിജെപി ഇവിടെ ഭരണം നേടിയത്. 2015ൽ ഏഴ് സീറ്റുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്താണിത്. അന്ന് 14 സീറ്റുകൾ നേടി ഭരണത്തിലെത്തിയ സിപിഎമ്മിന് ഇത്തവണ ഒൻപത് സീറ്റുകളിലെ വിജയിക്കാനായുളളു.