
കഴിഞ്ഞ ദിവസമായിരുന്നു നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹം. ഉറ്റ സുഹൃത്തും സന്തത സഹചാരിയുമായ ആന്റണിയുടെ മകളുടെ വിവാഹ ചടങ്ങിൽ സജീവ സാന്നിദ്ധ്യമായിരുന്നു മോഹൻലാലും കുടുംബവും. തന്റെ വീട്ടിൽ നടക്കുന്ന ഒരു ചടങ്ങുപോലെയാണ് തോന്നുന്നതെന്നാണ് മോഹൻലാൽ വേദിയിൽ വച്ച് പറഞ്ഞത്.
നവദമ്പതികൾക്ക് താരം ആശംസയറിയിക്കുകയും ചെയ്തു. വേദിയിൽവച്ച് ആന്റണി പെരുമ്പാവൂരിനെപ്പറ്റി മോഹൻലാൽ പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. 'കഴിഞ്ഞ ഏഴെട്ട് മാസമായിട്ട് കാണാത്ത ഒരുപാട് മുഖങ്ങൾ, അതിന്റെയൊരു സന്തോഷമുണ്ട്.എല്ലാം ശരിയാകട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം. എന്തായാലും ഇങ്ങനെയൊരു ചടങ്ങിൽവച്ച് നിങ്ങളെയൊക്കെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ട്. എന്റെ വീട്ടിൽ നടക്കുന്നൊരു ചടങ്ങ് പോലെയാണ് ഞാൻ ഇതിനെ കാണുന്നത്.
ആന്റണി എന്റെ കൂടെ കൂടിയിട്ട് ഏകദേശം മുപ്പത്തിമൂന്ന് വർഷമായി. മുപ്പത്തിമൂന്ന് വർഷങ്ങൾ എന്നു പറയുന്നത് വലിയ വർഷങ്ങൾ തന്നെയാണ്. എന്നോടൊപ്പം സഞ്ചരിച്ചു. എല്ലാം നല്ലത് തന്നെയാണ് ജീവിതത്തിൽ സംഭവിച്ചത്. അത്തരത്തിലൊരു നല്ല സംഭവത്തിന്റെ സാക്ഷിയാകാൻ എനിക്ക് സാധിച്ചു. എന്റെ കുടുംബം ഉണ്ടായിരുന്നു. അവരിപ്പോൾ പോയി. എന്തായാലും ഈ കുട്ടികൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ'-മോഹൻലാൽ പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ മകൾ ഡോക്ടർ അനിഷയുടേയും പെരുമ്പാവൂർ ചക്കിയത്ത് ഡോക്ടർ വിൻസന്റിന്റെയും സിന്ധുവിന്റെയും മകനായ ഡോക്‌ടർ എമിൽ വിൻസെന്റിന്റെയും വിവാഹം. സിനിമ മേഖലയിൽ നിന്ന് ദിലീപ് ഉൾപ്പടെയുള്ള നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു.