kridn

അന്തരീക്ഷ മലിനീകരണം കുറയ്‌ക്കുന്നതിന്റെ ഭാഗമായി ലോകമാകെ രാജ്യങ്ങൾ ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രോത്‌സാഹനം നൽകുകയാണ്. വാഹന രംഗത്ത് ഏ‌റ്റവുമധികം പരിഷ്‌കാരങ്ങൾ സംഭവിക്കുന്നത് ഇപ്പോൾ ഇലക്‌ട്രിക് വാഹനങ്ങളിലാണ്. ഇന്ത്യയിൽ ബജാജിന്റെ ഇരുചക്രവാഹന ശ്രേണിയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ ബജാജ് ചേതക് മൂന്ന് മാസത്തിൽ 800ലധികം ബുക്കിംഗുകൾ വന്നത് വാർത്തയായത് ഈയിടെയാണ്. ഇപ്പോഴിതാ മ‌റ്റൊരു കമ്പനി ഏ‌റ്റവും വേഗതയേറിയ ഇലക്‌ട്രിക് മോട്ടോർസൈക്കിൾ രംഗത്തിറക്കിയിരിക്കുന്നു. തമിഴ്‌നാട്ടിലെ നാഗർകോവിൽ ആസ്ഥാനമായുള‌ള വൺ ഇലക്‌ട്രിക് വാഹന കമ്പനിയുടെ ക്രീഡൺ ഇലക്‌ട്രിക് മോട്ടോർസൈക്കിളാണ് ഏറ്റവും വേഗതയേറിയ ഇരുചക്രവാഹനം എന്ന അവകാശവാദവുമായി കമ്പനി മുന്നോട്ട് വന്നിരിക്കുന്നത്. മണിക്കൂറിൽ പരമാവധി 95 കിലോമീ‌റ്റർ വരെ പരമാവധി വേഗം കൈവരിക്കാൻ ക്രീഡൺ മോട്ടോർസൈക്കിളിനാകും.

ഇപ്പോൾ ഹൈദരാബാദിലും ബംഗളുരുവിലുമാണ് ഈ മോട്ടോർസൈക്കിളുകൾ വിൽപനയ്‌ക്കുള‌ളത്. വൈകാതെ ജനുവരി മാസത്തിൽ കേരളത്തിലും തമിഴ്‌നാട്ടിലും വണ്ടി വിൽപനയ്‌ക്കെത്തും. ശേഷം മഹാരാഷ്‌ട്രയിലാകെയും ഡൽഹിയിലും ഇവ വിൽപനയ്‌ക്കെത്തും. എക്‌സ് ഷോറൂം വില 1.29 ലക്ഷം ആണെന്ന് കമ്പനി അധികൃതർ അറിയിക്കുന്നു.

one-electric

5.5 കിലോവാട്ട് അല്ലെങ്കിൽ 7.4 ബിഎച്ച്പി മോട്ടോറാണ് ക്രീഡനുള‌ളത്. പ്രത്യേക ഓഫറായി മൂന്ന് കിലോവാട്ട് ലിഥിയം ഇയോൺ ബാ‌റ്ററിയുമുണ്ട്. ഇക്കോ മോഡിൽ 110 കിലോമീ‌റ്ററും നോർ‌മൽ മോഡിൽ 80 കിലോമീ‌റ്ററും ആണ് പരമാവധി വേഗം ലഭിക്കുക. സംയോജിത ബ്രേക്കിംഗ് സംവിധാനമുള‌ള ബൈക്കിൽ മുന്നിൽ 240 എംഎം ഡിസ്‌കും പിന്നിൽ 220 എംഎം ഡിസ്‌കുമാണുള‌ളത്. 80 ശമതാനവും പ്രാദേശികമായി വികസിപ്പിച്ചെടുത്ത സ്‌പെയർ പാർട്ടുകളാണ് വാഹനത്തിൽ ഉപയോഗിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. ക്രീഡൻ, ക്രീഡൻ ആർ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ മോട്ടോർ സൈക്കിൾ ഉടൻ ലഭ്യമാക്കുമെന്ന് വൺ ഇലക്‌ട്രിക് കമ്പനി പറയുന്നു. കളിക്കുക എന്നർത്ഥം വരുന്ന ക്രീഡ എന്ന സംസ്കൃത വാക്കിൽ നിന്നാണ് ക്രീഡൻ എന്ന് വാഹനത്തിന് കമ്പനി പേര് നൽകിയത്.