
തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രത്തിൽ പരാമർശിക്കുന്ന റസിയുണ്ണി അനെർട്ടിലെ ജീവനക്കാരിയായ റെസി ജോർജ്. വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ആസൂത്രണ ബോർഡ് അംഗമായിരുന്ന പി.വി.ഉണ്ണികൃഷ്ണന്റെ ഭാര്യയാണ്. അനെർട്ടിലെ ജീവനക്കാരിയായിരുന്ന ഇവർ ഡെപ്യൂട്ടേഷനിലാണ് ലൈഫ് മിഷനിൽ എത്തിയത്. പിന്നീട് മാതൃവകുപ്പിലേക്ക് തന്നെ മടങ്ങുകയും ചെയ്തു.
കള്ളപ്പണ കേസിൽ പ്രതിയായ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറുമായി വാട്സ് ആപ്പ് വഴി റെസി ജോർജ് ചാറ്റ് ചെയ്തതിന്റെ വിവരങ്ങൾ ഇ.ഡിക്ക് ലഭിച്ചിരുന്നു. തുടർന്നാണ് ഇവരുടെ പേര് കൂടി ഉൾപ്പെടുത്തി ഇ.ഡി ശിവശങ്കറിനെതിരെ കുറ്റപത്രം സമർപ്പിച്ചത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകളും കൂടുതൽ വിവരങ്ങളും ഇവരുമായി ദിനംപ്രതി ചർച്ചചെയ്തിരുന്നു. 80 ലക്ഷം രൂപയുടെ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ അഴിമതിയെ കുറിച്ചും സരിത്ത്, സ്വപ്ന തുടങ്ങിയവരെ കുറിച്ചും റെസിയുണ്ണിയുമായി ചർച്ചചെയ്തിട്ടുണ്ടെന്നും കുറ്റപത്രത്തിൽ ഇ.ഡി പറയുന്നുണ്ട്. സി.പി.എം അനുഭാവിയായ ഇവരുമായി ശിവശങ്കർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചു എന്നതിനെ കുറിച്ച് ഇ.ഡി വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഉടൻ തന്നെ ഇവരെ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. പ്രൈസ് വാട്ടർ കൂപ്പേഴ്സുമായുള്ള ഇടപാടുകളെക്കുറിച്ച് ഇവരുമായി ശിവശങ്കർ ചർച്ച ചെയ്തിരുന്നുവെന്ന് ഇ.ഡി പറയുന്നു.
സ്വർണക്കടത്തു കേസിൽ പിടിച്ചെടുത്ത 1.85 കോടി രൂപയിൽ ഒരുകോടി രൂപ ശിവശങ്കറിന് ലൈഫ് മിഷൻ പദ്ധതിയിൽനിന്ന് ലഭിച്ച കോഴയാണെന്നും ബാക്കി തുക സ്വപ്ന സ്വർണക്കടത്തിലൂടെ സമ്പാദിച്ചതാണെന്നും ഇ.ഡി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ പറയുന്നുണ്ട്. അതേസമയം, സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ അഡിഷണൽ പൊളിറ്റിക്കൽ സെക്രട്ടറി സി.എം.രവീന്ദ്രനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ നിന്ന് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. നേരത്തെ മൂന്ന് തവണ രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു.
ആറ് മാസത്തിന് ശേഷമായിരിക്കും കേസിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുക. ശിവശങ്കറിന്റെ സ്വത്ത് വിവരങ്ങളെ കുറിച്ചുള്ള അന്വേഷണം ഇതുവരെ പൂർത്തിയായിട്ടില്ല. മറ്റു പ്രധാന പ്രതികളായ റബിൻസ്, കെ.ടി.റമീസ് തുടങ്ങിയവരെയും ചോദ്യം ചെയ്യണം. കേസിൽ നേരത്തെ സ്വപ്ന, സരിത്ത്, സന്ദീപ് നായർ എന്നിവർക്കെതിരെ കുറ്റപത്രം നൽകിയിരുന്നു. ശിവശങ്കറിനു പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അനുബന്ധ കുറ്റപത്രം നൽകിയത്.