palakkad-elect

പാലക്കാട്: നഗരസഭയിൽ അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ പേര്മാറി വോട്ട് ചെയ്‌തുവെന്ന് കാണിച്ച് ബിജെപി നഗരസഭാംഗം ബാല‌റ്റ് പേപ്പർ തിരികെ വാങ്ങിയതിനെ തുടർന്ന് സഭയിൽ പ്രതിപക്ഷ ബഹളം. ബിജെപി അംഗം നടേശനാണ് ഇടത് സ്ഥാനാർത്ഥിക്ക് മാറി വോട്ട് ചെയ്‌തതിനെ തുടർന്ന് ബാലറ്റ് തിരികെയെടുത്തത്. ഇതോടെ ഇദ്ദേഹത്തിന്റെ വോട്ട് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്, സി.പി.എം അംഗങ്ങൾ വരണാധികാരിയുമായി വാക്ക് തർക്കത്തിലേർപ്പെട്ടു.

നടേശൻ വോട്ട് ചെയ്‌തതൊഴിച്ച് ബാക്കി എണ്ണാമെന്ന് വരണാധികാരി പ്രഖ്യാപിച്ചെങ്കിലും പ്രതിപക്ഷാംഗങ്ങൾ അത് അംഗീകരിച്ചില്ല. തുടർന്ന് നടേശന്റെ വോട്ട് അസാധുവായതായി വരണാധികാരി അറിയിച്ചു. എന്നാൽ തീരുമാനം അംഗീകരിക്കില്ലെന്ന് ബിജെപി അറിയിച്ചു. നിലവിൽ വോട്ട് അസാധുവായാലും ബിജെപിക്ക് അദ്ധ്യക്ഷതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കും. സംഭവ വികാസങ്ങളെ തുടർന്ന് നഗരസഭയിൽ രഹസ്യ ബാല‌റ്റ് വോട്ടിംഗിന് തീരുമാനമായിരിക്കുകയാണ്. വോട്ട് മാറിചെയ്‌ത ബിജെപി അംഗത്തെ ഒഴിവാക്കിയാകും ഇനി തിരഞ്ഞെടുപ്പ് നടക്കുക.

ആകെ 50 സീ‌റ്റിൽ 28 സീ‌റ്റുകളിൽ വിജയിച്ച ബിജെപിയ്‌ക്കാണ് നഗരസഭയിൽ ഭൂരിപക്ഷമുള‌ളത്. ബിജെപിയിലെ പ്രിയ.കെ അദ്ധ്യക്ഷ സ്ഥാനത്തേക്കും അഡ്വ.ഇ.കൃഷ്‌ണദാസ് ഉപാദ്ധ്യക്ഷനായും മത്സരിക്കുകയാണ്.