thodu

കൊല്ലം പട്ടണത്തെ കീറിമുറിച്ചൊഴുകുന്ന കൊല്ലം തോട് ദേശിംഗനാടിന്റെ ചരിത്രത്തോളം പഴക്കമുള്ളതാണ്. കൊല്ലത്തിന്റെ വ്യാവസായിക വാണിജ്യ മേഖലകളിൽ ഒരുകാലത്ത് വൻപ്രാധാന്യമുണ്ടായിരുന്ന ഈ ജലപാത നാഗരികതയുടെ തള്ളിക്കയറ്റത്തിൽപ്പെട്ടാണ് ഉപയോഗശൂന്യമായി മാറിയത്. പിൽക്കാലത്ത് കോവളം മുതൽ കാസർകോട് വരെ നീളുന്ന ദേശീയ ജലപാതയുടെ ഭാഗമായതോടെ തോട് നവീകരിക്കാൻ സാദ്ധ്യത തെളിഞ്ഞു. ആധുനിക കൊല്ലത്തിന്റെ വളർച്ചയ്‌ക്ക് ഏറ്റവും പ്രയോജനപ്പെടുമെന്ന് കരുതിയ തോടിന്റെ നവീകരണ വേഗം കണ്ടാൽ ബോധം പോകും. പരവൂർ കായലിനെ അഷ്ടമുടിക്കായലുമായി ബന്ധിപ്പിക്കുന്ന ഏഴരക്കിലോമീറ്റർ ദൈർഘ്യമുള്ള തോടിന്റെ നവീകരണം തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് പിന്നിടുകയാണ് !

പതിറ്റാണ്ട് പിന്നിട്ടിട്ടും....

200​​8​​​​​​​​​​​​​​​​​​​​​ ​​​​​​​​​ 2009 കാലഘട്ടത്തിൽ ആരംഭിച്ച തോട് നവീകരണം 2020 അവസാനിക്കാറായിട്ടും പൂർത്തീകരിക്കാനായിട്ടില്ല. ഇതിനിടെ പലതവണ ഉദ്ഘാടന തീയതി വരെ പ്രഖ്യാപിച്ചു. കരാറുകാർ മാറിമാറി വന്നതല്ലാതെ നവീകരണം പൂർത്തിയായില്ല. മാത്രമല്ല,​ നവീകരിച്ച ഭാഗങ്ങൾ വീണ്ടും നവീകരിക്കേണ്ട ഗതികേടുമുണ്ടായി. അഷ്ടമുടിക്കായൽ മുതൽ പരവൂർ കായലിലെ താന്നി വരെയുള്ള കൊല്ലം തോടിനെ ആറ് റീച്ചുകളായി തിരിച്ചായിരുന്നു നവീകരണം ലക്ഷ്യമിട്ടത്. ഇതിൽ നാല് റീച്ചുകൾ പൂർത്തിയായിട്ട് വർഷങ്ങൾ കഴിഞ്ഞു. അവശേഷിക്കുന്ന രണ്ട് റീച്ചുകളുടെ നിർമ്മാണമാണ് ഇഴയുന്നത്. മൂന്നാം റീച്ചായ കച്ചിക്കടവ്​ ​​​മുതൽ കൊല്ലം ബീച്ചിന് സമീപത്തെ ജലകേളീകേന്ദ്രം വരെയുള്ള 1.8 കിലോമീറ്റർ ദൈർഘ്യമുള്ള ഭാഗത്തെ നവീകരണമാണ് സ്തംഭിച്ചത്. ഇതിന്റെ കരാർ കാലാവധി 2021 മാർച്ച് 20 വരെ നീട്ടി നൽകിയിട്ടുണ്ട്. വീഴ്ച വരുത്തിയ കരാറുകാരനെ കഴിഞ്ഞ ജനുവരിയിൽ നീക്കം ചെയ്ത് റീ ടെൻഡർ ചെയ്തിരുന്നു. എന്നാൽ കരാറുകാരൻ കോടതിയെ സമീപിച്ച് അനുകൂലവിധി നേടിയതിനെ തുടർന്നാണ് കരാർ കാലാവധി വരുന്ന മാർച്ച് വരെ നീട്ടിയത്. ജില്ലാകളക്ടർ പലതവണ സ്ഥലം സന്ദർശിച്ച് നിർദ്ദേശം നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇരവിപുരം മുതൽ കച്ചിക്കടവ് വരെയുള്ള രണ്ടാം റീച്ചിന്റെ നവീകരണം പുരോഗമിക്കുന്നുണ്ട്. മാർച്ചിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. പൂർത്തീകരിച്ച മറ്റു റീച്ചുകളുടെ ഭാഗത്തെ ഒഴുക്ക് നിലച്ച് പോളകളും മാലിന്യങ്ങളും നിറഞ്ഞു. തോടിന്റെ ഇരുകരകളും കാട്കയറി മൂടുകയും ചെയ്തു. ഉദ്ഘാടനത്തിനു മുൻപ് ഈ ഭാഗങ്ങൾ വീണ്ടും നവീകരിക്കേണ്ടിവരും.

മുഖ്യമന്ത്രിയുടെ വിമർശനം

കൊല്ലം തോടിന്റെ നവീകരണം ഇഴയുന്നത് ദേശീയ ജലപാതയുടെ പൂർത്തീകരണത്തിന് തടസമാവുകയാണെന്ന് കേരളയാത്രയുടെ തുടക്കം കുറിച്ച് കഴിഞ്ഞ ദിവസം കൊല്ലത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനം ഉന്നയിച്ചിരുന്നു. കരാറുകാരുടെ മെല്ലെപ്പോക്കാണ് നവീകരണം നീളാൻ കാരണം. തോട് നവീകരണം വൈകിപ്പിച്ച് ദേശീയജലപാതയുടെ ഉദ്ഘാടനം വൈകിപ്പിക്കാനാണോ കരാറുകാരുടെ ശ്രമമെന്ന് സംശയിക്കേണ്ടതായും അദ്ദേഹം പറഞ്ഞു.

നിർമ്മാണം തുടങ്ങിയത് 1824 ൽ

ഒരിയ്ക്കൽ ടി.എസ്. കനാലിന്റെ ഭാഗമായിരുന്ന കൊല്ലം തോടിന്റെ നിർമ്മാണം 1824 നും 1829 നും മദ്ധ്യേയാണ് ആരംഭിച്ചത്. റാണി പാർവ്വതീഭായിയുടെ കാലത്താണ് തോട് വെട്ടിയത്. ദിവാൻ വെങ്കട്ടറാവുവാണ് നിർമ്മാണ ജോലികൾക്ക് മേൽനോട്ടം വഹിച്ചത്. സൂയസ് കനാലിന്റെ മാതൃകയിൽ കൃത്രിമമായി നിർമ്മിച്ച തോടിന് അന്ന് ചിലവായത് 10,928 രൂപയായിരുന്നു. പരവൂർ കായലിൽ നിന്നാരംഭിച്ച് കടലിനു സമാന്തരമായി സഞ്ചരിച്ച് തോട് അഷ്ടമുടിക്കായലുമായി സന്ധിക്കും. തോട് വന്നതോടെ ഇരുകരകളിലായി മാറിയ ചാമക്കട മുതൽ ലക്ഷ്‌മിനട വരെയുള്ള കച്ചവടശാലകളെ ബന്ധിപ്പിക്കാനായി കല്ലുപാലം നിർമ്മിച്ചു. റോഡ് ഗതാഗതം ഇന്നത്തെ രീതിയിൽ പുരോഗമിക്കും മുമ്പ് കേരളത്തിലെ ചരക്കുനീക്കത്തിന്റെ പ്രധാന ഭാഗമായിരുന്നു കൊല്ലം തോട്. കെട്ടുവള്ളങ്ങളിൽ കയറും സുഗന്ധദ്രവ്യങ്ങളും കശുഅണ്ടിയും കൊല്ലത്തെത്തിയതും ഇവിടെനിന്ന് കയറ്റി അയച്ചതും കൊല്ലത്തിന്റെ ഗതകാല സ്മരണകളിൽ തിളങ്ങി നിൽക്കുന്നുണ്ട്. പിൽക്കാലത്ത് തോട്ടിലൂടെയുള്ള ഗതാഗതം നിലച്ചു. പലയിടങ്ങളിലും ഒഴുക്കു നിലച്ച് തോട് ശുഷ്‌കമായി. മലിനീകരണവും കയ്യേറ്റവും തോടിന്റെ ആവാസവ്യവസ്ഥയെ തകർത്തു. തോട് നവീകരണത്തിനായി കോടികൾ ചെലവഴിച്ചുള്ള പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടപ്പിലായില്ല. ഹോട്ടലുകളിലും ആശുപത്രികളിലും വീടുകളിൽ നിന്നുമുള്ള മാലിന്യങ്ങൾ തോട്ടിലൂടെയാണ് അഷ്ടമുടിക്കായലിലേക്കാണ് ഒഴുക്കുന്നത്.

2007-08 ലാണ് കൊല്ലം തോട് നവീകരണത്തിനായി പദ്ധതി ആവിഷ്കരിച്ചത്. കേന്ദ്രസർക്കാർ ഒൻപതരക്കോടി രൂപയും അനുവദിച്ചു. തോടിന്റെ ഇരുകരകളിലും താമസിച്ചിരുന്നവരുടെ പുനരധിവാസം സംസ്ഥാന സർക്കാർ ഏറ്റെടുത്തു. 2009 മാർച്ച് വരെയായിരുന്നു പദ്ധതിയുടെ കാലാവധി. എന്നാൽ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാതായതോടെ കേന്ദ്രവിഹിതം നഷ്ടമായി. പി.കെ. ഗുരുദാസൻ എം.എൽ.എയുടെ ഇടപെടലോടെയാണ് സർക്കാരിനോട് 12 കോടി രൂപ നവീകരണത്തിനായി ആവശ്യപ്പെട്ടത്. എന്നാൽ എം. മുകേഷിന്റെ എം.എൽ.എ ഫണ്ടിൽ നിന്നും തുക അനുവദിച്ചിരുന്നു. തോടിന്റെ ഇരുവശങ്ങളിലും കല്ലുകെട്ടി സംരക്ഷണഭിത്തി നിർമ്മിച്ചാണ് നവീകരണം. തോടിന്റെ വശങ്ങളിലുണ്ടായിരുന്നവരെ ഇരവിപുരം കാരിക്കുഴി ഭവനനിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വലിയവിള ഫ്ലാറ്റുകളിൽ പുനരധിവസിപ്പിച്ചു.

ചെലവ് കുറഞ്ഞ ജലഗതാഗതം

ജലഗതാഗതം റോഡ് ഗതാഗതത്തെക്കാൾ ചെലവ് കുറഞ്ഞതും മലിനീകരണമുക്തവുമാണെന്ന തിരിച്ചറിവാണ് ദേശീയജലപാത പദ്ധതിയിലേക്ക് എത്തിച്ചത്. ദേശീയ ജലപാത പൂർണമായും യാഥാർത്ഥ്യമായാൽ ജലമാർഗമുള്ള ചരക്ക് ഗതാഗതം ഗണ്യമായി ഉയരും. റോഡുകളിലെ ഗതാഗതക്കുരുക്കും തിരക്കും ഒരു പരിധിവരെ ഒഴിവാക്കാനുമാകും. വിനോദസഞ്ചാര വികസനവും ഇതിന്റെ ഭാഗമാണ്. ദേശീയ ജലപാതയിലൂടെയുള്ള ഗതാഗതസൗകര്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 2019 ഡിസംബറിൽ പൊളിച്ചു നീക്കിയ കല്ലുപാലത്തിന്റെ നിർമ്മാണവും ഇഴഞ്ഞുനീങ്ങുകയാണ്. കൊല്ലം തോടിന്റെ ഭാഗമായ കല്ലുപാലത്തിന്റെ നിർമ്മാണം മാർച്ചിൽ പൂർത്തിയാകുമോ എന്നതും സംശയമാണ്. ഇരുവശത്തുമായി എട്ടുവീതം പില്ലറുകൾ നിർമ്മിക്കേണ്ടതുണ്ട്. ഇതുവരെ ഏഴ് പില്ലറുകളുടെ കോൺക്രീറ്റിംഗ് മാത്രമാണ് പൂർത്തിയായത്. ഒൻപത് പില്ലറുകൾ ഇനി നിർമ്മിക്കേണ്ടതുണ്ട്. 65 മീറ്റർ വരെ ആഴത്തിൽ പൈലിംഗ് നടത്തേണ്ടതും കാലതാമസം സൃഷ്ടിക്കുന്നുണ്ട്.