sreejith-panikkar-

കേരള സർക്കാരിന്റെ '100 ദിവസങ്ങൾ 100 പദ്ധതികൾ' എന്ന പരിപാടി ഇപ്പോൾ സംസ്ഥാന വ്യാപകമായി നടപ്പിലാക്കുകയാണ്. ഇതിന്റെ ഭാഗമായി സർക്കാർ മുൻകൈ എടുത്ത് ലഭ്യമാക്കിയ തൊഴിലവസരങ്ങളെ കുറിച്ച് വെബ്‌സൈറ്റിൽ പ്രസിദ്ധീകിരച്ചിട്ടുണ്ട്. സർക്കാർ മേഖലയ്ക്ക് പുറമേ സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങളും ഈ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. നാട്ടിലെ ചെറിയ വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങൾ പോലും സർക്കാർ മുൻകൈ എടുത്ത് ലഭ്യമാക്കിയത് എന്ന തരത്തിൽ പ്രസിദ്ധീകരിക്കുന്നതിനെ പരിഹസിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേരള സർക്കാരിന്റെ '100 ദിവസങ്ങൾ 100 പദ്ധതികൾ'എന്ന പരിപാടിയെ വിമർശിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കേരള സർക്കാരിന്റെ '100 ദിവസങ്ങൾ 100 പദ്ധതികൾ' എന്ന പരിപാടിയുടെ പെവർ നിങ്ങൾക്കറിയുമോ?

സുതാര്യതയാണ് ഈ സർക്കാരിന്റെ മെയിൻ. പ്രസ്തുത പദ്ധതിയുടെ വെബ്സൈറ്റിൽ സർക്കാർ/പൊതുമേഖലയിൽ നിയമനം ലഭിച്ചവരുടെ വിവരങ്ങൾ ജില്ലാ അടിസ്ഥാനത്തിൽ കൊടുത്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ന്യൂ മെഹറുബ ഫാൻസി, ആർ ജെ ഓട്ടോമൊബൈൽസ് എന്നീ സ്ഥാപങ്ങളിലേക്ക് നടത്തിയ നിയമനങ്ങൾ വരെയുണ്ട് ലിസ്റ്റിൽ. ഈ കടകൾ ഒക്കെ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങൾ ആയ വിവരം ഞാൻ അറിഞ്ഞില്ലുണ്ണീ.

തീർന്നില്ല. കൊല്ലത്ത് കുത്തക മുതലാളിയായ മുകേഷ് അംബാനിയുടെ റിലയൻസ് ഫ്രഷ് എന്ന ‘സർക്കാർ/പൊതുമേഖലാ’ സ്ഥാപനത്തിലേക്കും സർക്കാർ നിയമനം നടത്തിയിട്ടുണ്ടത്രേ!

ഇനി പത്തനംതിട്ട ജില്ലയിൽ സൈക്കിൾ ടയറിൽ കാറ്റു നിറയ്ക്കുന്ന "പാപ്പീസ് ടയറിൽ എയർ ഫില്ലിങ് സെന്റർ" എന്ന ഒരു പൊതുമേഖലാ സ്ഥാപനം വന്നിട്ട്, അവിടെ ഒരു ഒഴിവ് വന്നിട്ട്, അതിൽ അപേക്ഷിച്ചിട്ട്, ജോലി കിട്ടിയിട്ടു വേണം എനിക്കും ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആവാൻ! സർക്കാർ ഇസ്തം. 2764

കണ്ടു കുളിരുകോരാൻ https://100days.kerala.gov.in/.../employee_administartive... എന്ന പേജിൽ പോകുക. ‘ജില്ല തിരിച്ചുള്ള നിയമന വിവരങ്ങൾ’ എന്ന ലിങ്കിൽ ക്ലിക്കുക. ആവശ്യമുള്ള ജില്ല തിരഞ്ഞെടുക്കുക. പുളകിതരാകുക. വേഗം വേണം. ഇത്തിരി കഴിഞ്ഞാൽ ഇതൊക്കെ അതിൽ കാണുമെന്ന് ഗ്യാരന്റി ഇല്ലാട്ടോ.