
ചെന്നൈ: സംസ്ഥാനത്തെ തീയേറ്ററുകൾക്ക് പൂർണ പ്രവേശനാനുമതി ആവശ്യപ്പെട്ട് നടൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ സന്ദർശിച്ചു. തമിഴ്‌നാട്ടിലെ തീയേറ്ററുകളിൽ ഇപ്പോഴുളള നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്നും നൂറ് ശതമാനം ആളുകളെയും പ്രവേശിപ്പിക്കണം എന്നുമാണ് വിജയ്‌യുടെ ആവശ്യം. മുഖ്യമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്‌ച.
തന്റെ പുതിയ ചിത്രമായ മാസ്റ്റർ റിലീസ് ചെയ്യാനിരിക്കെയാണ് വിജയ് മുഖ്യമന്ത്രിയെ കണ്ടത്. അതേസമയം, കൂടിക്കാഴ്‌ചയെപ്പറ്റി ഔദ്യോഗികമായി പ്രതികരിക്കാൻ മുഖ്യമന്ത്രിയോ താരമോ തയ്യാറായിട്ടില്ല. പൊങ്കൽ റിലീസായിട്ടാണ് മാസ്റ്റർ അണിയറയിൽ ഒരുങ്ങുന്നത്.
ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സത്യൻ സൂര്യൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ഫിലോമിൻ രാജാണ്. വിജയ് ജെ ഡി എന്ന കോളേജ് അദ്ധ്യാപകനായാണ് ചിത്രത്തിൽ എത്തുന്നത്. വിജയ് സേതുപതിയും ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മാളവിക മോഹനാണ് ചിത്രത്തിലെ നായിക.
മാസ്റ്ററിന്റെ ഹിന്ദി പതിപ്പ് ഇന്ത്യയിലാകെ റിലീസ് ചെയ്യുമെന്നാണ് വിവരം. ‘വിജയ് ദി മാസ്റ്റർ’ എന്നാണ് ഹിന്ദി പതിപ്പിന്റെ പേര്. ചിത്രത്തിന്റെ സെൻസറിംഗ് പൂർത്തിയായിട്ടുണ്ട്.