
ഇടുക്കി: തൊടുപുഴ നഗരസഭയിൽ എൽ ഡി എഫ് അട്ടിമറി. യു ഡി എഫ് വിമതൻ ചെയർമാനായി. മുസ്ലീംലീഗ് സ്വതന്ത്രയുടെയും യു ഡി എഫ് വിമതന്റെയും പിന്തുണയോടെയാണ് എൽ ഡി എഫ് അധികാരം പിടിച്ചത്. നഗരസഭാ 12-ാം വാർഡിൽ യു ഡി എഫ് വിമതനായി മത്സരിച്ച് ജയിച്ച സനീഷ് ജോർജാണ് ചെയർമാനായത്.
പി ജെ ജോസഫ് വിഭാഗത്തിന്റെ ജോസഫ് ജോണിനെ ചെയർമാനാക്കുന്നതിൽ യു ഡി എഫിലുണ്ടായ ഭിന്നതയാണ് അട്ടിമറിയിലേക്ക് നയിച്ചത്. ചെയർമാൻ തിരഞ്ഞെടുപ്പിൽ എൽ ഡി.എഫിന് 14 ഉം യു ഡി എഫിന് 13 ഉം ബി ജെ പിയ്ക്ക് എട്ടും വോട്ടുകളാണ് ആദ്യഘട്ടത്തിൽ ലഭിച്ചത്. രണ്ടാം ഘട്ടത്തിൽ ബി ജെ പി തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇതേതുടർന്നാണ് എൽ ഡി എഫ് പിന്തുണയോടെ മത്സരിച്ച സനീഷ് ജോർജ് ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്.