
ലണ്ടൻ: ബ്രിട്ടീഷ് മരുന്ന് നിർമ്മാണ കമ്പനിയായ ആസ്‌ട്ര സെനെക്കയും ഓക്‌സ്‌ഫോർഡ് സർവകലാശാലയും ചേർന്ന് പുറത്തിറക്കിയ കൊവിഡ് വാക്‌സിൻ നൂറ് ശതമാനവും കാര്യക്ഷമമെന്ന് കമ്പനി. ശക്തമായ കൊവിഡ് രോഗത്തിൽ നിന്ന് നൂറ് ശതമാനവും സംരക്ഷണമേകുന്നുണ്ട് വാക്‌സിനെന്നാണ് കമ്പനി അറിയിച്ചത്.
ഫൈസർ ബയോൺടെകിന്റെ 95 ശതമാനം ഫലപ്രാപ്‌തിയുളള വാക്‌സിനും മോഡേണയുടെ 94.5 ശതമാനം വാക്‌സിനും തുല്യമായ ഫലപ്രാപ്‌തി ആസ്‌ട്ര സെനെക്ക വാക്‌സിൻ നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.
യു.കെയിൽ ഉപയോഗത്തിനുളള അംഗീകാരത്തിന് ഡിസംബർ 23ന് കമ്പനി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് യു.കെ സർക്കാർ അറിയിച്ചിരുന്നു. ഇത് ജനുവരി നാലിന് ലഭിക്കുമെന്നാണ് കരുതുന്നത്. രാജ്യത്ത് ഉപയോഗത്തിന് അനുമതി ലഭിച്ച ആദ്യ വാക്‌സിൻ ഫൈസർ-ബയോൺടെകിന്റേതാണ്. അടിയന്തരമായി നൽകേണ്ട ആറ് ലക്ഷത്തോളം പേർക്ക് വാക്‌സിൻ നൽകിക്കഴിഞ്ഞു. ആദ്യ ഘട്ടങ്ങളിൽ 70 ശതമാനം ഫലപ്രാപ്‌തിയാണ് ആസ്‌ട്ര സെനെക്ക വാക്‌സിൻ പ്രദർശിപ്പിച്ചിരുന്നത്. പിന്നീട് ഇത് 90 ശതമാനം വരെയായി ഉയർന്നിരുന്നു. എന്നാൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച യു.കെ, ബ്രസീൽ രാജ്യങ്ങളിലുളളവരിൽ 62 ശതമാനം ഫലപ്രാപ്‌തിയാണ് കാണിച്ചത്.
ഏറ്റവും വിലക്കുറവിൽ ലഭിക്കുക ആസ്ട്ര സെനെക്ക വാക്‌സിനാകുമെന്നാണ് കരുതുന്നത്. വാക്‌സിൻ സൂക്ഷിക്കുന്നതിനും കൊണ്ടുപോകുന്നതിനും കൈകാര്യം ചെയ്യുന്നതിനും സാധാരണ അന്തരീക്ഷത്തിൽ സാദ്ധ്യമാകുമെന്നതിനാൽ ലഭ്യമാകുമ്പോൾ വിലക്കുറവ് ഉണ്ടാകുമെന്ന് കരുതുന്നു. പത്ത് കോടി ഡോസ് വാക്‌സിനാണ് യു.കെ സർക്കാർ ഓർഡർ ചെയ്‌തിരിക്കുന്നത്. ഇതിൽ നാല് കോടി വാക്‌സിൻ മാർച്ച് മാസത്തോടെ ലഭ്യമാകുമെന്ന് കരുതുന്നു. ഇതുവരെ 70,000 ആളുകളാണ് കൊവിഡ് ബാധിച്ച് യു.കെയിൽ മാത്രം മരണമടഞ്ഞത്.
കഴിഞ്ഞയാഴ്‌ച പരിവർത്തനം സംഭവിച്ച അതിവേഗം പടരുന്ന കൊവിഡ് രോഗം യു.കെയിലാകെ പടർന്നിരുന്നു. വിവിധ രാജ്യങ്ങൾ ബ്രിട്ടണിലേക്കുളള യാത്രാവിലക്ക് ഏർപ്പെടുത്തി. ഡിസംബർ 26 മുതൽ രാജ്യത്ത് കർശനമായ നിയന്ത്രണങ്ങൾ പലയിടത്തും നടപ്പാക്കിയിരിക്കുകയാണ്.