covid

ന്യൂയോർക്ക്: യാത്രപോവുകയാണോ? എങ്കിൽ കൈയിൽ വാക്സിൻ പാസ്പോർട്ട് കരുതിക്കോളൂ. മറ്റൊരു രാജ്യത്തെന്നല്ല സ്റ്റേഡിയങ്ങൾ, തീയേറ്ററുകൾ, പ്രധാന ഓഫീസുകൾ എന്നിവിടങ്ങളിൽ കയറണമെങ്കിലും വാക്സിൻ പാസ്പോർട്ട് മസ്റ്റാണ്. കേട്ട് അന്തംവിടേണ്ട. ഒരു വ്യക്തി കൊവിഡ് നെഗറ്റീവാണെന്നും കൊവിഡ് പ്രതിരോധ വാക്സിൻ എടുത്തു എന്നതിനും തെളിവായുളള ഒരു മൊബൈൽ ആപ്ളിക്കേഷനാണ് വാക്സിൻ പാസ്പോർട്ട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കൊവിഡിന്റെ വ്യാപനം തടയുന്നതിനുവേണ്ടിയാണ് ഇത്തരമൊരു സംവിധാന ഏർപ്പെടുത്താൻ അധികൃതർ ആലാേചിക്കുന്നതെന്നാണ് റിപ്പോർട്ട്.

ഈ ആപ്ളിക്കേഷനിൽ ഒരു വ്യക്തിയുടെ കൊവിഡ് പരിശോധനകളെ സംബന്ധിച്ച പൂർണമായ വിശദാംശങ്ങൾ ഉണ്ടാവും. ഒപ്പം കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചോ എന്നത് സംബന്ധിച്ച വിശദാംശങ്ങളും ഉണ്ടാവും. ഈ വിവരങ്ങൾ വ്യക്തി സ്വന്തമായി വേണം ആപ്ളിക്കേഷനിൽ ഉൾക്കൊളളിക്കേണ്ടത്. ആവശ്യമുളളപ്പോൾ ഇത് പരിശോധനയ്ക്ക് വിധേയമാക്കണം. ക്യൂആർ കോഡ് രൂപത്തിലുളള പാസ്‌വേഡ് ഉപയോഗിച്ചായിരിക്കും ഇത് പരിശോധിക്കുക. മൊബൈൽ ആപ്ളിക്കേഷനിൽ നൽകിയിട്ടുളള വിവരങ്ങൾ സത്യമാണോ എന്ന് ഇതിലൂടെ അറിയാൻ കഴിയും. കോമൺ പ്രോജക്ടിന്റെയും വേൾഡ് ഇക്കണോമിക് ഫോറത്തിന്റെയും സംരഭമായ കോമൺട്രസ്റ്റ് വർക്ക് സൃഷ്ടിച്ച കോമൺപാസ് ആപ്ളിക്കേഷൻ ഇതിനുളള ഉദാഹരണമായാണ് ബന്ധപ്പെട്ടവർ ചൂണ്ടിക്കാണിക്കുന്നത്.

എന്നാൽ വാക്സിൻ പാസ്പോർട്ട് എന്ന ആശയം പ്രായോഗികമല്ല എന്ന വിമർശനം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ഇത്തരമൊരു സംരംഭത്തിന് ലോകാരോഗ്യസംഘടനയും അനുകൂലമല്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതിനിടെ കൊവിഡ് പ്രതിരോധ വാക്‌സിൻ കുത്തിവയ്പ്പിന് യൂറോപ്യൻ യൂണിയൻ തുടക്കം കുറിച്ചുകഴിഞ്ഞു.ശനിയാഴ്ചയാണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൾ പ്രതിരോധ വാക്‌സിൻ എത്തിയത്. 200 മില്യൺ ഡോസുകളുടെ വിതരണം അടുത്തവർഷം സെപ്തംബറോടെ പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. വിവിധ മരുന്നുകമ്പനികളുമായി രണ്ടു കോടി വാക്‌സിൻ ഡോസിന്റെ കരാറിലാണ് യുറോപ്യൻ കമ്മിഷൻ ഏർപ്പെട്ടിരിക്കുന്നത്.