
സെൻസർഷിപ്പ് ഏകാധിപത്യത്തിന്റെ ഊന്നുവടിയാണെന്ന വിമർശനവുമായി നടൻ മുരളി ഗോപിയുടെ ഫേസ്‌ബുക്ക് കുറിപ്പ്. സെൻസർ ബോർഡിനെ ഭരണപാർട്ടിയുടെ അജണ്ടകളും തത്വശാസ്ത്രവും അരക്കിട്ടുറപ്പിക്കാനുളള ഒരു പണിയായുധമായി ഉപയോഗിക്കുന്ന രീതി മാറിയേ മതിയാകൂവെന്നാണ് അദ്ദേഹം പറയുന്നത്. രാജ്യസ്നേഹവും ദേശീയതയും ഒരു വിഭാഗത്തിന്റെ നിർവചനത്തിൽ മാത്രം ഒതുങ്ങുന്ന, ഒതുക്കപ്പെടേണ്ട രണ്ടു വാക്കുകളല്ലെന്നും മുരളി ഗോപി കുറിക്കുന്നു. സേ നോ ടൂ സെൻസർഷിപ്പ് എന്ന ഹാഷ്‌ടാഗിലാണ് മുരളിഗോപിയുടെ ഫേസ്‌ബുക്ക് കുറിപ്പ്.
പാർവതി തിരുവോത്ത് നായികയായി എത്തിയ വർത്തമാനത്തിന് പ്രദർശനാനുമതി നിഷേധിച്ചത് വലിയ ചർച്ചകൾക്ക് വഴി തുറന്നിരുന്നു. ചിത്രം ദേശവിരുദ്ധമാണെന്ന് ആരോപിച്ചായിരുന്നു നടപടി. തുടർന്ന് സെൻസർ ബോർഡ് അംഗമായ ബി ജെ പി നേതാവിന്റെ ട്വീറ്റും വലിയ വിമർശനങ്ങൾക്ക് കാരണമായി. ഇതേ തുടർന്നാണ് സെൻസർഷിപ്പ് നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് മുരളി ഗോപി അടക്കമുളളവർ രംഗത്തെത്തിയിരിക്കുന്നത്.
മുരളി ഗോപിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സെൻസർ ബോർഡിനെ ഭരണപ്പാർട്ടിയുടെ അജണ്ടകളും തത്വശാസ്ത്രവും അരക്കിട്ടുറപ്പിക്കാനുള്ള ഒരു പണിയായുധമായി ഉപയോഗിക്കുന്ന ഈ രീതി മാറിയേ മതിയാകൂ. രാജ്യസ്നേഹവും ദേശീയതയും ഒരു വിഭാഗത്തിന്റെ നിർവചനത്തിൽ മാത്രം ഒതുങ്ങുന്ന, ഒതുക്കപ്പെടേണ്ട രണ്ടു വാക്കുകൾ അല്ല. അങ്ങനെ ഒതുക്കപ്പെടുന്ന പക്ഷം, അതിനെതിരെ ശബ്ദിക്കേണ്ട ഉത്തരവാദിത്തം ഇവിടത്തെ ഓരോ കലാകാരനും കലാകാരിയ്ക്കും ഉണ്ട്. സെൻസർഷിപ്പ് എന്നത് ഏകാധിപത്യത്തിന്റെ ഊന്നുവടിയാണ്. ഒരു ജനാധിപത്യത്തിൽ അത് ഒരു ശീലമായി മാറിയെങ്കിൽ, അതിന്റെ അർഥം ജനാധിപത്യം പരാജയപ്പെട്ടു എന്ന് തന്നെയാണ്. പതിനെട്ട് വയസു തികഞ്ഞ ഒരു മനുഷ്യന് രാഷ്ട്രീയത്തിലെ നല്ലതും ചീത്തയും കണ്ടും കെട്ടും മനസ്സിലാക്കി സമ്മതിദാനം നടത്താനുള്ള അവകാശവും അവബോധവും ഉണ്ടെന്ന് ഇവിടത്തെ നിയമവ്യവസ്ഥ അനുശാസിക്കുന്നുണ്ടെങ്കിൽ, അവന്/അവൾക്ക് മുന്നിൽ വരുന്ന ഒരു സിനിമയിലും അത് തിരിച്ചറിയുവാനുള്ള കഴിവും ബുദ്ധിയും ഉണ്ടെന്ന് സമ്മതിച്ചുതന്നേ മതിയാകൂ. ഇല്ലാത്തപക്ഷം, ഇത് പൗരനിന്ദയുടെ ഒരു ഉത്തമ ദൃഷ്ടാന്തം ആയി തന്നെ നിലനിൽക്കും.
#വർത്തമാനം
#SayNoToCensorship
സെൻസർ ബോർഡിനെ ഭരണപ്പാർട്ടിയുടെ അജണ്ടകളും തത്വശാസ്ത്രവും അരക്കിട്ടുറപ്പിക്കാനുള്ള ഒരു പണിയായുധമായി ഉപയോഗിക്കുന്ന ഈ രീതി...
Posted by Murali Gopy on Sunday, December 27, 2020