indiachina

ന്യൂഡൽഹി: ചൈനീസ് പൗരന്മാരെ ഇന്ത്യയിലേക്ക് യാത്രചെയ്യാൻ അനുവദിക്കേണ്ടെന്ന് വിമാനകമ്പനികൾക്ക് നിർദ്ദേശം. ഇന്ത്യൻ സിവിൽ ഏവിയേഷൻ അതോറി‌റ്റിയാണ് അനൗദ്യോഗികമായി ഈ നിർദ്ദേശം പുറപ്പെടുവിച്ചത്. മുൻപ് കൊവിഡ് രോഗം പൊട്ടിപ്പുറപ്പെട്ട സമയം ചൈനയിലേക്കുള‌ള വിമാന സർവീസുകൾ ഇന്ത്യ നിരോധിച്ചിരുന്നു. എന്നാൽ ഇന്ത്യയുമായി 'എയർ ബബിൾ' സംവിധാനമുള‌ള പ്രത്യേക വിസകൾ വഴി ചൈനീസ് വംശജർ ഇന്ത്യയിലെത്തിയിരുന്നു. നിബന്ധനകൾ പാലിച്ച് ഇന്ത്യയിലേക്കും ഇന്ത്യയിൽ നിന്നും വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കുന്നതാണ് എയർ ബബിൾ സംവിധാനം.

നവംബർ മുതൽ ചൈന ഇന്ത്യൻ യാത്രികരെ രാജ്യത്ത് പ്രവേശിക്കാൻ അനുവദിക്കുന്നില്ല. മുൻപ് നവംബർ‌ 3ന് ശേഷം അനുവദിച്ച വിസയുള‌ള ഇന്ത്യക്കാർക്ക് ഇത് ബാധകമല്ലെന്ന് ചൈന അറിയിച്ചിരുന്നു എന്നാൽ 39 യാത്രക്കാരുമായി വന്ന രണ്ട് ഇന്ത്യൻ ചരക്ക് കപ്പലുകൾ മാസങ്ങളോളം തീരത്ത് അടുപ്പിക്കാൻ ചൈന സമ്മതിക്കാതെയിരുന്നതിനെ തുടർന്നാണ് ഇന്ത്യയുടെ പുതിയ നീക്കം. എം.വി ജഗ് ആനന്ദ്, എം.വി അനസ്‌താസ്യ എന്നിവയാണ് അനുമതി ലഭിക്കാതിരുന്ന കപ്പലുകൾ. ഇവ അടുപ്പിക്കാൻ അനുവദിക്കാത്തത് കൊവിഡ് രോഗം പടർന്നുപിടിച്ചതിനാലാണെന്ന് ചൈനീസ് അധികൃതർ അറിയിച്ചു. എന്നാൽ ഓസ്‌ട്രേലിയയുമായി നടക്കുന്ന വ്യാപാര ശീതയുദ്ധത്തിന്റെ ഭാഗമാണിതെന്നും കരുതുന്നവരുണ്ട്. ഓസ്ട്രേലിയയിൽ നിന്നുള‌ള കൽക്കരിയായിരുന്നു ഈ കപ്പലുകളിൽ. എന്തായാലും ഉത്തരവില്ലാതെയുള‌ള ഇന്ത്യയുടെ പുതിയ നീക്കം മൂലമുണ്ടാകാവുന്ന പ്രശ്‌നങ്ങളെ കുറിച്ച് വിമാനകമ്പനികൾ സിവിൽ ഏവിയേഷൻ അതോറി‌റ്റിയെ അറിയിച്ചതായാണ് വിവരം.