cctv

തിരുവനന്തപുരം: സ്വർണക്കടത്തുകേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് എൻ ഐ എ സംഘം വീണ്ടും സെക്രട്ടറിയേറ്റിലെത്തി. സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കാനാണ് സംഘം എത്തിയത്. രണ്ട് അന്വേഷണ ഉദ്യോഗസ്ഥരും ഒരു സാങ്കേതിക വിദഗ്ദ്ധനും അടങ്ങുന്ന സംഘം ഇന്ന് രാവിലെ 11 മണിയോടെ എത്തിയത്. പരിശോധന നടത്താൻ ഇവർക്ക് ചീഫ് സെക്രട്ടറിയുടെ അനുമതി ലഭിച്ചിരുന്നു.

നേരത്തേയും സെക്രട്ടറിയേറ്റിലെ സി സി ടി വി ദൃശ്യങ്ങൾ തേടി എൻ ഐ എ സംഘം എത്തിയിരുന്നു. കഴിഞ്ഞ വർഷം ജൂൺ മുതൽ ഈ വർഷം ജൂലായ് വരെയുള്ള ദൃശ്യങ്ങൾ വേണമെന്നാണ് എൻ ഐ എ പൊതുഭരണവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നത്. എൻ.ഐ.എ. നിയമത്തിന്റെ ഒമ്പതാംവകുപ്പ് പ്രകാരമാണ് അവർ ദൃശ്യങ്ങൾ ആവശ്യപ്പെട്ടത്. എന്നാൽ ഇത് പകർത്തി നൽകുന്നതിന് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെന്ന് സർക്കാർ എൻ ഐ എയെ അറിയിക്കുകയായിരുന്നു.

സ്വർണക്കടത്തുകേസിലെ പ്രധാന പ്രതികളായ സ്വപ്നയും സരിത്തും സന്ദീപും സെക്രട്ടറിയേറ്റിൽ പലതവണ എത്തിയിരുന്നോ എന്നും ആരൊക്കെയായി ബന്ധപ്പെട്ടിരുന്നുവെന്നും പരിശോധിക്കാനാണ് എൻ ഐ എ ദൃശ്യങ്ങൾ ആവശ്യപ്പെട്ടത്. ഇവർ മുഖ്യമന്ത്രിയുടെ മുൻ ഐ ടി. സെക്രട്ടറി ശിവശങ്കറുമായി കൂടിക്കാഴ്ച നടത്തിയോയെന്നും പരിശോധിക്കും.

സെക്രട്ടറിയേറ്റിൽ 83 ക്യാമറകളാണ് ഉളളത്. ദർബാർഹാളിനു പിറകിലാണ് ഇവയുടെ കൺട്രോൾ റൂം. ചീഫ് സെക്യൂരിറ്റി ഓഫീസറായ ഡിവൈ.എസ്.പി. പദവിയിലുള്ള ഉദ്യോഗസ്ഥനാണ് കൺട്രോൾ റൂമിന്റെ ചുമതല. ഒരുവർഷം വരെയുള്ള ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത് സൂക്ഷിക്കാൻ ഇപ്പോൾ സംവിധാനമുണ്ട്.