
ഡിജിറ്റൽ യുഗത്തിൽ ജീവിക്കുന്ന പുതുതലമുറയ്ക്ക് ഫോൺ പോലെ തന്നെ പ്രിയപ്പെട്ടതാണ് ടിവിയും. ഉറക്കവും ടിവിയും ബലഹീനതയായവർക്ക് ഇതാ ഒരു സന്തോഷ വാർത്ത. ടിവി ഘടിപ്പിച്ച കട്ടിൽ അവതരിപ്പിച്ച് വിപണി കീഴടക്കാൻ ഒരുങ്ങുകയാണ് ഇറ്റാലിയൻ ഫർണിച്ചർ ബ്രാൻഡായ ഹൈ– ഇന്റീരിയേഴ്സ്. കട്ടിലിനൊപ്പം ടിവിയും കൂടി ചേർത്താണ് പുതിയ സ്മാർട്ട് കട്ടിൽ രൂപകൽപന ചെയ്തിരിക്കുന്നത്. കട്ടിലിൽ ഘടിപ്പിച്ചിട്ടുള്ള ടിവിയിൽ നോക്കിക്കിടക്കാം... ഉറങ്ങാം. 4കെ പ്രൊജ്കറ്ററും 70 ഇഞ്ച് സ്‌ക്രീനും ചേർന്നതാണ് ഈ ടിവി സിസ്റ്റം. ഈ പ്രൊജക്‌റ്റകറുമായി മൊബൈലും മറ്റു ഡിവൈസുകളും ഘടിപ്പിക്കാൻ കഴിയും. അതിലെ വീഡിയോകളെല്ലാം സ്‌ക്രീനിൽ കാണാനും കഴിയും. ചുറ്റിലും അത്യുഗ്രൻ സ്പീക്കറുകളുമുണ്ട്. ഇതിനോടു ചേർന്നു തന്നെ ഒരു ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്. സ്വന്തമായി വൈ–ഫൈ സംവിധാനവുമുണ്ട് ഈ സ്മാർട്ട് കട്ടിലിന്. ഇതിലൂടെ ഇഷ്ടമുള്ള സിനിമയും സീരിയലും വെബ് സീരീസുകളും ഒക്കെ ഇഷ്ടാനുസരണം കാണാനും കഴിയും. കട്ടിലിലെ ഫ്രെയിമിൽ കർട്ടനും ഘടിപ്പിച്ചിട്ടുണ്ട്. കർട്ടനിട്ടാൽ തിയേറ്ററിലിരുന്നു സിനിമ കാണും പോലെ ഇരുണ്ട സാഹചര്യത്തിലിരുന്നു സിനിമ കാണാൻ കഴിയും.
ഇറ്റാലിയൻ ഫർണിച്ചർ ബ്രാന്റായ ഹൈ–ഇന്റീരിയേഴ്സിനു വേണ്ടി ഫാബിയോ വിനെല്ല എന്ന പ്രശസ്ത ആർക്കിടെക്ടാണ് ഈ സ്മാർട് കട്ടിൽ നിർമ്മിച്ചത്. ഹൈബെഡ് എന്നാണ് ഇൗ കട്ടിൽ അറിയപ്പെടുന്നത്. ഇത്തരമൊരു കട്ടിലിന്റെ ആവശ്യത്തെക്കുറിച്ച് നിരവധി ചോദ്യങ്ങളുയർന്നിരുന്നു. എന്നാൽ, ജനങ്ങളെ പരമാവധി ആനന്ദിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് വ്യത്യസ്തമായൊരു ആശയം അവതരിപ്പിച്ചതെന്നാണ് കമ്പനി വൃത്തങ്ങൾ അറിയിച്ചത്. കസേരയ്ക്കു പോലും ഇന്നു തനിയെ സഞ്ചരിക്കാനും പടികൾ കയറാനും വരെ സാധിക്കുന്ന യുഗത്തിൽ കട്ടിലിനെയും ഹൈടെക് ആക്കാം എന്ന ആശയത്തിൽ നിന്നാണ് ഈ സ്മാർട്ട് കട്ടിൽ നിർമ്മിച്ചത്.
എന്നാൽ, വില കേട്ട് ഞെട്ടരുത്. 20 ലക്ഷം രൂപയാണ് ഏറ്റവും ഉയർന്ന മോഡൽ ഹൈബെഡിന്റെ വില. കിടക്കുന്ന വ്യക്തിയുടെ ഉറക്കത്തിന്റെ പാറ്റേൺ നിരീക്ഷിക്കാനുള്ള കഴിവുള്ളതിനാൽ ആവശ്യത്തിന് ഉറക്കം കിട്ടിയോ എന്ന് മനസ്സിലാക്കാനുമാകും. ഉറക്കത്തിനിടയിൽ ശ്വസിക്കുമ്പോൾ എന്തെങ്കിലും മാറ്റമുണ്ടോയെന്നെും അറിയാൻ കഴിയും. ഇനി കട്ടിലിലിരുന്നു ഭക്ഷണം കഴിച്ച് ടിവി കണ്ട് തടികൂടിയാൽ അതറിയാനുള്ള ബയോമെട്രിക് സെൻസർ സംവിധാനവും ഈ കട്ടിലിനുണ്ട്. മുറിക്കകത്തെ താപനില, വായുവിന്റെ നിലവാരം, എത്രമാത്രം ശബ്ദതരംഗം മുറിയിൽ കയറുന്നു തുടങ്ങിയ കാര്യങ്ങളെല്ലാം രേഖപ്പെടുത്തും. പലതരം ലൈറ്റുകളും ഘടിപ്പിച്ചിട്ടുണ്ട്. രാത്രിയിലും വായിക്കുന്ന സമയത്തുമെല്ലാം ഉപയോഗിക്കാൻ പ്രത്യേക തരം ലൈറ്റുകളാണ് ക്രമീകരിച്ചിട്ടുള്ളത്. രാവിലെ വിളിച്ചുണർത്തുന്ന അലാമും ഉണ്ട്. കാലാവസ്ഥയെപ്പറ്റിയുള്ള വിവരങ്ങളും വാർത്തകളുമാണ് അലാം നോട്ടിഫിക്കേഷനായി ലഭിക്കുക. കട്ടിലിലെ എല്ലാ സംവിധാനങ്ങളെയും നിങ്ങളുടെ ശബ്ദം വഴി നിയന്ത്റിക്കാനും കഴിയും, അടുത്ത വർഷത്തോടെ ഇതു വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് നിർമ്മാതാക്കൾ.