
കൊവിഡ് മൂലമുണ്ടായ ലോക്‌ഡൗണിൽ പെട്ടുപോയ നമ്മളിൽ പലരും ഒഴിവ് സമയം ചിലവഴിക്കുന്നത് ടിവി കണ്ടോ മൊബൈലിൽ സിനിമ കണ്ടോ കംപ്യൂട്ടറിൽ ഗെയിം കളിച്ചോ ഒക്കെയാകും. ഏറെ നേരം ഇങ്ങനെ കണ്ട് ബോറടിക്കുന്നവർക്ക് അത്തരം ബോറടി മാറ്റാൻ പുതിയൊരു വഴിയുമായെത്തുകയാണ് ഇലക്‌ട്രിക് കമ്പനിയായ കിക്‌സിൻ. കൈപിടിയിൽ ഒതുങ്ങുന്ന ചെറിയൊരു പ്രൊജക്‌ടറാണ് കമ്പനി അവതരിപ്പിക്കുന്നത്.
ചെറിയ വലുപ്പവും കൈപ്പിടിയിലൊതുക്കുന്ന സൗകര്യവുമുളള കിക്‌സിൻ കെ5എച്ച് പ്രൊജക്‌ടറിന് 854*480 പിക്‌സലാണ് റെസല്യൂഷൻ. ഒരു ജിബി റാം,8 ജിബി ഓൺ ബോർഡ് സ്‌റ്റോറേജും മൈക്രോ എസ്.ഡി കാർഡ് സ്‌ളോട്ടും ഉണ്ട്. ഇത്തരം പ്രോജക്‌ടറുകളിൽ കാണാത്ത എച്ച്.ഡി.എം.ഐ പോർട്ടും ഫുൾസൈസ് യു.എസ്.ബി കണക്‌ടറും കിക്‌സിൻ കെ5എച്ച് പ്രൊജക്‌ടറിലുണ്ട്. മൂന്ന് വാട്ടിന്റെ സ്‌പീക്കറുമുണ്ട്. പ്രൊജക്‌ടറിന്റെ ബാറ്ററി ശേഷി 6000 എംഎഎച്ച് ആണ്. 160 മിനുട്ടുകളോളം തുടർച്ചയായി ഇത് പ്രവർത്തിപ്പിക്കാനാകും. എന്നാൽ പകൽ സമയത്ത് ഇതിന്റെ പ്രവർത്തനത്തിൽ അൽപം പോരായ്‌മകളുണ്ട്. 17000ത്തോളം രൂപയാണ് ഈ പ്രൊജക്‌ടറിന് വില വരിക( ഉദ്ദേശം 235.99 ഡോളർ). വൈഫൈ, ബ്ളൂടൂത്ത് കണക്‌ടിവിറ്റിയുളള പ്രൊജക്‌ടറിൽ ഹെഡ്ഫോൺ സ്‌ലോട്ടുമുണ്ട്.