cm1

തിരുവനന്തപുരം: വെൽഫെയർ പാർട്ടിയും യു ഡി എഫുമായുളള ബന്ധത്തിന്റെ പേരിൽ സർക്കാരിന് പിന്തുണയുമായെത്തിയ സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തെ തള്ളി സമസ്ത അദ്ധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ രംഗത്തെത്തി. സമസ്തയുടെ നിലപാട് പറയാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സമസ്തയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ ആരെയും അനുവദിക്കില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. വ്യക്തികളുടെ അഭിപ്രായങ്ങൾ സംഘടനയുടെ പേരിൽ ചാർത്തരുത്. സമസ്തയുടെ അഭിപ്രായങ്ങളും നിലപാടുകളും പ്രസിഡന്റോ ജനറൽ സെക്രട്ടറിയോ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം കോഴിക്കോട്ട് കേരളപര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗവുമായി ബന്ധപ്പെട്ടാണ് മുശാവറ അംഗം ഉമർ ഫൈസി മുക്കം യു ഡി എഫിനെ വിമർശിക്കുകയും സർക്കാരിന് പൂർണ പിന്തുണ നൽകുകയും ചെയ്തത്. സമുദായത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്ന സർക്കാർ അധികാരത്തിൽ വരണം.മത രാഷ്ട്രവാദം ഉന്നയിക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമി. സമസ്ത അതിന് എതിരാണ്. ജമാഅത്തിനെ കൂട്ടുപിടിച്ചാൽ തെരഞ്ഞെടുപ്പിൽ യു ഡി എഫിനെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോഴിക്കോട്ടും മലപ്പുറത്തും മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ യോഗത്തിലേക്ക് ജമാഅത്തെ ഇസ്ലാമിയെ ക്ഷണിച്ചിരുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ യു ഡി എഫുമായുളള നീക്കുപോക്കിന്റെ പേരിലായിരുന്നു ഇത്. എന്നാൽ ലീഗുമായി അടുപ്പം പുലർത്തുന്ന ഇകെ സുന്നി, മുജാഹിദ് വിഭാഗങ്ങളുടെ നേതാക്കളെ യോഗത്തിന് ക്ഷണിച്ചിരുന്നു.

ഇന്ന് മലപ്പുറത്ത് നടന്ന യോഗത്തിലേക്ക് ക്ഷണിച്ചവരിൽ സമസ്തയുടെ നേതാക്കളൊഴികെ ബാക്കി എല്ലാവരും നേരത്തേ തന്നെ എത്തിയിരുന്നു. സമസ്തയുടെ ജനറൽ സെക്രട്ടറിയും പ്രധാനനേതാക്കളിൽ ഒരാളുമായ കെ ആലിക്കുട്ടി മുസ്ല്യാരെ ക്ഷണിച്ചിരുന്നെങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി അദ്ദേഹം വിട്ടുനിന്നു. പകരം ഒരു പ്രതിനിധിയെയാണ് അയച്ചത്.