തിരുവനന്തപുരം:ജില്ലയിലെ സർക്കാർ സ്കൂളുകളുടെ മുഖച്ഛായ മാറ്റിയ പ്രവർത്തന മികവിനും,കിസാൻ സഭ ദേശീയ ഭാരവാഹിയെന്ന നിലയിലെ സംഘടനാ ശേഷിക്കും പാർട്ടിയും ജനങ്ങളും നൽകിയ അംഗീകാരവുമായി അഡ്വ.എസ്.കെ.പ്രീജ നേമം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവിയിലേക്ക്.പ്രമുഖ സി.പി.എം നേതാവായിരുന്ന അന്തരിച്ച പള്ളിച്ചൽ സദാശിവന്റെ മകളായ പ്രീജ, കഴിഞ്ഞ ജില്ലാ പഞ്ചായത്തിലെ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എന്ന നിലയിൽ ജില്ലയിലെ നിരവധി സർക്കാർ സ്കൂളുകൾക്ക് പുതിയ മന്ദിരങ്ങളും ടോയ്ലെറ്റുകളും ചുറ്റുമതിലും പണിയുന്നതിന് നേതൃത്വം നൽകി. ദേശീയപാതയിൽ ബാലരാമപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്രത്യേക ബ്ളോക്കും, പുതിയ ചുറ്റുമതിലും, പി.ഫക്കീർഖാൻ സ്മാരക കവാടവും ഇതിൽപ്പെടും.സി.പി.എം നേമം ഏരിയാ കമ്മിറ്റി അംഗമായ പ്രീജയെ പാർട്ടി നേതൃത്വത്തിലുള്ള കിസാൻ സഭയുടെ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പദവി വരെ എത്തിച്ചതും ചിട്ടയായ പ്രവർത്തന മികവാണ്.അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നേമം ഏരിയാ പ്രസിഡന്റ്, ലായേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗം, കർഷക ക്ഷേമനിധി ബോർഡംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്ന പ്രീജ മികച്ച അഭിഭാഷകയും പ്രഭാഷകയുമാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ നേമം ബ്ളോക്കിലെ പൂങ്കോട് ഡിവിഷനിൽ നിന്ന് ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെയാണ് (1675 വോട്ട്) വിജയിച്ചത്. അഡ്വ.വി.കെ.സഞ്ജയൻ ഭർത്താവ്.രണ്ട് മക്കൾ.