tarique-anwar

തിരുവനന്തപുരം: സംസ്ഥാനത്ത് കോൺഗ്രസിൽ ഡി.സി.സി തലത്തിലും മണ്ഡലം തലത്തിലും അഴിച്ചുപണിയ്‌ക്കുള‌ള സൂചനകൾ നൽകി എ.ഐ.സി.സി പ്രതിനിധി താരീഖ് അൻവർ. അഭിപ്രായങ്ങൾ നേതാക്കൾ പാർട്ടിക്കുള‌ളിൽ പറയണം. പരസ്യ വിഴുപ്പലക്കൽ പാടില്ലെന്നും താരീഖ് അൻവർ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വലിയ തിരിച്ചടിയുണ്ടായിട്ടില്ലെന്നും എൽ.ഡി.എഫുമായി 0.95 ശതമാനത്തിന്റെ വോട്ട് വ്യത്യാസം മാത്രമാണുള‌ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പ് ഫലം ഇതിലും മെച്ചപ്പെടുത്താമായിരുന്നു. ഇതൊരു മുന്നറിയിപ്പാണ്. സംസ്ഥാനത്തെ നേതാക്കളുമായി സംസാരിച്ചതിലൂടെ പല നിർദ്ദേശങ്ങളും ലഭിച്ചു. സംസ്ഥാനത്ത് മൂന്ന് മേഖലകളായി തിരിച്ച് എഐസിസി സെക്രട്ടറിമാർക്ക് അതിന്റെ ചുമതല നൽകും. നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് താഴേത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്തും. ജില്ലാതല പുനസംഘടനകളുണ്ടാകും ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കുക കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയായിരിക്കും. യു.ഡി.എഫിന്റെ നിർദ്ദേശങ്ങളും തനിക്ക് ലഭിച്ചിട്ടുണ്ടെന്നും കോൺഗ്രസിൽ സംസ്ഥാന തലത്തിലെ നേതൃമാ‌റ്റം തൽക്കാലം ഇല്ലെന്നും താരീഖ് അൻവർ പറഞ്ഞു.