cpm

ആലപ്പുഴ: നഗരസഭാ അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ പ്രതിഷേധിച്ച് പ്രകടനം നടത്തി നഗരത്തിൽ പരസ്യ പ്രതികരണം നടത്തിയ സംഭവത്തിൽ അച്ചടക്ക നടപടിയുമായി സി.പി.എം. മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പാർട്ടിയിൽ നിന്നും പുറത്താക്കി. പി.പ്രദീപ്, സുകേഷ്, പി.പി മനോജ് എന്നിവരെയാണ് പുറത്താക്കിയത്. മറ്റ് പാർട്ടി പ്രവർത്തകർക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.

തിരഞ്ഞെടുപ്പിൽ സൗമ്യ രാജിനെ ചെയർപേഴ്‌സണായി തിരഞ്ഞെടുത്തതിനെതിരായിരുന്നു പാർട്ടിയിലെ പൊട്ടിത്തെറി. മ‌റ്റൊരു കൗൺസിലറായ ജയമ്മയെ ചെയർപേഴ്‌സൺ ആക്കണമെന്ന ആവശ്യം ഉന്നയിച്ചും സി.പി.എം നേതാവ് വി.വി ചിത്തരഞ്ജനെതിരെ മുദ്രാവാക്യം വിളിച്ചുമായിരുന്നു ഒരു വിഭാഗം പാർട്ടി പ്രവർത്തകരുടെ പ്രകടനം. ബ്രാഞ്ച്സെക്രട്ടറിയായ പി.പ്രദീപിന്റെ നേതൃത്വത്തിലായിരുന്നു പ്രകടനം.

പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തവർക്കെതിരെ പാർട്ടി നടപടിയുണ്ടാകുമെന്ന് മുൻപ് മന്ത്രി ജി.സുധാകരൻ പ്രതികരിച്ചിരുന്നു. അഴിമതി രഹിത ഭരണം വേണ്ടെന്ന് കരുതുന്നവരാണ് പ്രകടനം നടത്തിയതെന്നാണ് മന്ത്രി പ്രതികരിച്ചത്. പ്രകടനത്തിൽ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരും 16 അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ഇവർക്കെല്ലാമെതിരെ നടപടിയുണ്ടാകും. ജയമ്മയെ കുറിച്ച് സംഭവത്തിൽ പരാമർശിക്കേണ്ടെന്നും അവരും പാർട്ടി സ്ഥാനാർത്ഥിക്ക് തന്നെ വോട്ട് ചെയ്‌തെന്നും ജി സുധാകരൻ പറഞ്ഞു. ആകെ 52 സീ‌റ്റിൽ 35ഉം നേടിയാണ് ഇടത്‌മുന്നണി ആലപ്പുഴയിൽ അധികാരത്തിലെത്തിയത്.