
തളിപ്പറമ്പ്: പ്രശസ്ത നാടക നടനും സംവിധായകനും ചമയക്കാരനുമായിരുന്ന ചേണിച്ചേരി വളപ്പിൽ നാരായണൻ (സി.വി.എൻ. 79) നിര്യാതനായി.
ആറു പതിറ്റാണ്ടിലധികം നാടകത്തിന്റെ വിവിധ തലങ്ങളിൽ നിറഞ്ഞുനിന്നു.1988ൽ ശിരസുകൾ എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. ഷെറിയുടെ ഗോഡ്സോസോ, ചന്ദ്രൻ നരിക്കോടിന്റെ പാതി, പ്രജേഷ് സെന്നിന്റെ വെള്ളം തുടങ്ങിയ സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
1955-ൽ പി.ജി. ഇരിണാവ് (പയ്യനാട് ഗോവിന്ദൻ വൈദ്യർ) സംവിധാനം ചെയ്ത `പ്രഹസനം' എന്ന രാഷ്ട്രീയ നാടകത്തിലൂടെയായിരുന്നു അരങ്ങേറ്റം. കെ.ടി.മുഹമ്മദിന്റെ `കാഫർ', കെ.എം.ആറിന്റെ `രാജസൂയം', ഇബ്രാഹിം വേങ്ങരയുടെ `ജഹന്നം ', ഇ.കെ.അയമുവിന്റെ `ജ്ജ് നല്ല മന്സനാവാൻ നോക്ക് ', തോപ്പിൽ ഭാസിയുടെ `ഒളിവിലെ ഓർമ്മകൾ', കാലടി ഗോപിയുടെ `ഏഴു രാത്രി' തുടങ്ങിയ പ്രശസ്തമായ നാടകങ്ങളുടെ സംവിധായകനായും അഭിനേതാവായും ചമയക്കാരനായും സി.വി.എൻ.കൈയൊപ്പു ചാർത്തി.
കോഴിക്കോട് ശാന്താദേവി, നിലമ്പൂർ ആയിഷ, ഇന്ദ്രൻസ്, കനകലത, മഞ്ജു വാര്യർ, കാവ്യാമാധവൻ, ബേബി ചന്ദന, ബേബി ശ്രുതി തുടങ്ങി മൂന്നു തലമുറയിലെ അഭിനേതാക്കൾക്ക് ചമയമൊരുക്കിയിട്ടുണ്ട്.
ഭാര്യ: രാധ. മക്കൾ: അജിത, സജിത, രജിത, അജിത്ത്, അനിൽ, സ്മിത. മരുമക്കൾ: മനോഹരൻ, വത്സരാജ്, മധു, ഷൈമ, പ്രജിത്ത്, ഷാജി