
ന്യൂഡൽഹി: ഇന്ത്യൻ നൃത്തങ്ങളുടെ ഇതിഹാസകാരൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന നൃത്തചരിത്രകാരനും നിരൂപകനുമായ സുനിൽ കോത്താരി (87) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഞായറാഴ്ച രാവിലെ ഡൽഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരുമാസംമുമ്പ് അദ്ദേഹത്തിന് കൊവിഡ് ബാധിച്ചിരുന്നു.
2001-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. 1933 ഡിസംബർ 20-ന് മുംബയിൽ ജനിച്ച അദ്ദേഹം ചാർട്ടേഡ് അക്കൗണ്ടന്റായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. ഭരതനാട്യം, കുച്ചിപ്പുടി, കഥക്, സത്രിയ തുടങ്ങിയ ഭാരതീയ നൃത്തശാഖകളെക്കുറിച്ച് ഇരുപതിലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. സംഗീത നാടക അക്കാഡമി അവാർഡ് (1995), ഗുജറാത്ത് സംഗീത നാടക അക്കാഡമിയുടെ ഗൗരവ് പുരസ്കാരം (2000), ന്യൂയോർക്കിലെ ഡാൻസ് ക്രിട്ടിക്സ് അസോസിയേഷന്റെ ആജീവനാന്ത ബഹുമതി (2011) എന്നിവ ലഭിച്ചിട്ടുണ്ട്. ന്യൂയോർക്ക് സർവകലാശാലയിലെ നൃത്തവിഭാഗം പ്രൊഫസർ, സംഗീത നാടക അക്കാഡമി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.