virat

കഴിഞ്ഞ പതിറ്റാണ്ടിലെ എല്ലാ ഫോർമാറ്റുകളിലെയും ഏറ്റവും മികച്ച പുരുഷ കളിക്കാരനായി വിരാട് കൊഹ്‌ലിയെ പ്രഖ്യാപിക്കുമ്പോൾ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിന് ഒരു സംശയവുമില്ലായിരുന്നു.കഴിഞ്ഞ പത്തുവർഷത്തിനിടെ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര റൺസും (20396),ഏറ്റവും കൂടുതൽ സെഞ്ച്വറികളും (66),അർദ്ധസെഞ്ച്വറികളും (94) 70 ലേറെ ഇന്നിംഗ്സ് കളിച്ചിട്ടുളളവരിലെ ഏറ്റവും ഉയർന്ന ബാറ്റിംഗ് ശരാശരിയും (56.97) സ്വന്തമാക്കിയത് വിരാടാണ്. അവാർഡിന് പരിഗണിക്കപ്പെട്ട കാലയളവിൽ ഏകദിനത്തിൽ 10000ത്തിലധികം റൺസ് നേടിയ ഏക ബാറ്റ്സ്മാനും വിരാട്തന്നെ. അതിനാൽ ഏറ്റവും മികച്ച ഏകദിനതാരത്തിനുള്ള പുരസ്കാരവും ഇന്ത്യൻ ക്യാപ്ടനെ തേടിയെത്തി.

കഴിഞ്ഞ പതിറ്റാണ്ടിലെ മികച്ച ട്വന്റി-20 ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ട റാഷിദ് ഖാൻ ഇക്കാലയളവിൽ ഈ ഫോർമാറ്റിൽ ഏറ്റവും കൂടുതൽ( 89.)വിക്കറ്റുകൾ നേടിയ താരമാണ്. മൂന്ന് തവണ നാലു വിക്കറ്റ് നേട്ടവും രണ്ട് അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. മികച്ച ടെസ്റ്റ് ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റീവൻ സ്മിത്ത് ഇക്കാലയളവിൽ 26 സെഞ്ചുറികളും 28 അർധസെഞ്ചുറികളും സ്വന്തമാക്കി.

ആസ്ട്രേലിയയുടെ എലിസ് പെറി മികച്ച വനിതാ താരമായും, ഏകദിന, ട്വന്റി-20 വനിതാ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

12040 റൺസാണ് കഴിഞ്ഞ 10 വർഷത്തിനിടെ വിരാട് ഏകദിനത്തിൽ നേടിയത്.ടെസ്റ്റിൽ 7318 റൺസും ട്വന്റി-20യിൽ 2829 റൺസും നേടി.

എല്ലാ ഫോർമാറ്റുകളിലും 50ന് മുകളിൽ ബാറ്റിംഗ് ശരാശരി.

ഏകദിനങ്ങളിൽ നിന്ന് മാത്രം 39 സെഞ്ച്വറികളും 48 അർദ്ധസെഞ്ച്വറികളും നേടി.

2011ൽ ലോകകപ്പും 2013ൽ ചാമ്പ്യൻസ് ട്രോഫിയും നേടിയ ടീമുകളിൽ അംഗമായിരുന്നു.

മറ്റാരെയെങ്കിലുംകാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഇതേവരെ ശ്രമിച്ചിട്ടില്ല. എന്റെ കഴിവിനെ ഏറ്റവും മികച്ച രീതിയിൽ പുറത്തെടുക്കാൻ മാത്രമാണ് ശ്രമിക്കുന്നത്.

- വിരാട് കൊഹ്‌ലി