
തിരുവനന്തപുരം: നഗരത്തിന്റെ പുതിയ മേയറായി സ്ഥാനമേറ്റെടുത്ത ആര്യ രാജേന്ദ്രന്റെ പേരിൽ മറ്റ് പാർട്ടിക്കാരെ കുറ്റപ്പെടുത്തുന്നവരുടെ അറിവ്കേടിനെതിരെ പ്രതികരിച്ച് അഖിലേന്ത്യ പ്രഫഷണൽസ് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഡോ.എസ്.എസ് ലാൽ. ഒരു പാർട്ടി ആരെ മേയറാക്കുന്നു എന്നത് ആ പാർട്ടിയുടെ മാത്രം ആഭ്യന്തര കാര്യമാണ്. എന്നാൽ ആര്യയെ പാർട്ടിയുടെ മാത്രം മേയറായി ആ പാർട്ടിയിലെ തന്നെ ചിലർ ചിത്രീകരിക്കുന്നത് നല്ലതല്ലെന്നും ഡോ.എസ്.എസ്.ലാൽ അഭിപ്രായപ്പെടുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു ഡോ.എസ്.എസ് ലാലിന്റെ പ്രതികരണം.
ഡോ.എസ്.എസ് ലാലിന്റെ ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം താഴെ വായിക്കാം:
തിരുവനന്തപുരം മേയറാകുന്ന ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങൾ . ഈ ചെറിയ പ്രായത്തിൽ കൈവന്ന വലിയ ഉത്തരവാദിത്വം ആര്യക്ക് അങ്ങേയറ്റം വിജയകരമായി നിർവഹിക്കാൻ കഴിയണം. അത് ആര്യയുടെയും സി.പി.എം. ൻറെയും മാത്രം ആവശ്യമല്ല. നാടിൻറെ കൂടി ആവശ്യമാണ്. ആര്യ മുഴുവൻ നഗരത്തിൻറെയും മേയറാവുകയാണ്. നഗരത്തിലെ എല്ലാ മനുഷ്യരുടെയും. വോട്ടു ചെയ്തവരുടെയും ചെയ്യാത്തവരുടെയും. വോട്ടവകാശം ഇനിയും കിട്ടിയിട്ടില്ലാത്തവരുടെയും. ആര്യയെ മേയറാക്കാൻ സി.പി.എം. ന് പല കാരണങ്ങൾ കാണും. അതിനു പിന്നിൽ പല രാഷ്ട്രീയ തന്ത്രങ്ങളും കാണും. എന്ത് കാരണങ്ങളും തന്ത്രങ്ങളും കൊണ്ട് ആര്യ മേയറായാലും അത് ജനാധിപത്യത്തിന് മൊത്തത്തിൽ മുതൽക്കൂട്ടാണ്. പുതിയ തലമുറയെ ഭരണത്തിലേക്ക് കൊണ്ടുവരാൻ സി.പി.എം. ന് കഴിഞ്ഞത് സി.പി.എം. ന് ഉൾപ്പെടെ എല്ലാ ജനാധിപത്യ പാർട്ടികൾക്കും നല്ലതാണ്. ഇനി പറയുന്നത് ആര്യയ്ക്ക് യാതൊരു ഉത്തരവാദിത്തവുമില്ലാത്ത ഒരു കാര്യത്തെപ്പറ്റിയാണ്. എന്നാൽ ആര്യ ശ്രദ്ധിക്കേണ്ട കാര്യവും. ആര്യയുടെ സ്ഥാനലബ്ധി ആഘോഷിച്ചുകൊണ്ട് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ചില എഴുത്തുകളെപ്പറ്റിയാണ് പറയുന്നത് . ഒരു പാർട്ടി ആരെ മേയറാക്കുന്നു എന്നത് ആ പാർട്ടിയുടെ മാത്രം ആഭ്യന്തര കാര്യമാണ്. എന്നാൽ ആര്യയെ ഒരു പാർട്ടിയുടെ മാത്രം മേയറാക്കി ആ പാർട്ടിയിലെ തന്നെ ചിലർ ചിത്രീകരിക്കുന്നത് ആർക്കും നല്ലതല്ല. ആര്യയ്ക്കും. ഇരുപത്തൊന്നു വയസുകാരിയെ മേയറാക്കിയത് തിരുവനന്തപുരത്ത് ചരിത്രത്തിലാദ്യമാണ്. അതുകൊണ്ട് ആര്യയുടെ പേരും പറഞ്ഞ് ബാക്കി രാഷ്ട്രീയ പ്രസ്ഥാനങ്ങളെ, പ്രത്യേകിച്ച് കോൺഗ്രസിനെ, ആക്ഷേപിക്കാൻ ഈ അവസരം ചിലർ ഉപയോഗിക്കുന്നത് അറിവുകേടാണ്. അത് ആര്യയുടെ നേട്ടത്തിൻറെ തിളക്കം കുറയ്ക്കാനേ ഉപകരിക്കൂ. ജനാധിപത്യത്തിൽ ഇത്തരം വിപ്ലവകരമായ തീരുമാനങ്ങൾ ആദ്യമായല്ല ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടാകുന്നതെന്ന ചരിത്രം അറിയാത്തവരെ ഓർമിപ്പിക്കാൻ ശ്രമിക്കുകയാണ് ഇവിടെ. സത്യങ്ങൾ മറച്ചുപിടിക്കുന്നവരെ തുറന്നുകാട്ടാനും. ഈ സംസ്ഥാനത്തു തന്നെയാണ് മുപ്പത്താറു വയസ്സിൽ ശ്രീ. എ.കെ ആൻ്റണി കേരളത്തിൻ്റെ മുഖ്യമന്ത്രിയായത്. അതും നാൽപ്പത്തിമൂന്നു കൊല്ലം മുമ്പ്. ശ്രീ. രമേശ് ചെന്നിത്തല മുപ്പത്തിനാല് വർഷം മുമ്പ് ഇരുപത്തെട്ടാം വയസ്സിലാണ് ഗ്രാമവികസന മന്ത്രിയായത്. ശ്രീമതി. പി.കെ. ജയലക്ഷ്മി 31 വയസിലാണ് പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള ഏക മന്ത്രിയായത്. കേരളത്തിൽ നിന്നും ദളിത് വനിതയായ രമ്യാ ഹരിദാസ് പാർലമെൻ്റിലേക്ക് പോകുമ്പോൾ പ്രായം 32 വയസ്. 1967 -ൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി പോണ്ടിച്ചേരിയിൽ എം.ഒ.എച്ച്. ഫറൂഖ് സ്ഥാനമേൽക്കുമ്പോൾ അദ്ദേഹത്തിന് ഇരുപത്തൊമ്പത് വയസ് ആയിരുന്നു. കുറച്ച് ഉദാഹരണങ്ങൾ മാത്രമാണ് ഇവിടെ പറഞ്ഞത്. ഈ റെക്കോഡുകളുടെയൊക്കെ പിന്നിൽ കോൺഗ്രസ് ആയിരുന്നു. രാജ്യത്തിന് ഏക വനിതാ പ്രധാനമന്ത്രിയേയും ഏക വനിതാ പ്രസിഡന്റിനെയും ഏക ദളിത്-വനിതാ സ്പീക്കറേയും സംഭാവന ചെയ്ത ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ബാക്കി പാർട്ടികൾക്ക് മാതൃക കാട്ടിയ പാർട്ടി. ഭരണ പരിചയമുള്ളതിൻറെ പേരിൽ പ്രായം കൂടിയ ചിലരെയും നമുക്ക് ആവശ്യമുണ്ട്. ചിലപ്പോൾ ഈ ആവശ്യം പാർട്ടികൾക്ക് മാത്രമാണെങ്കിലും. ഇരുപത്തൊന്നുകാരി മേയറാകുന്ന നാട്ടിൽ അതേ പാർട്ടിയുടെ അഭിവന്ദ്യനായ തൊണ്ണൂറ്റേഴുകാരൻ ഇപ്പോഴും ഭരണപരിഷ്കാരം നടത്തുന്നതും അതുകൊണ്ടാണല്ലോ. ജനങ്ങളുടെ ചെലവിലാണെങ്കിലും. തിരുവനന്തപുരം കോർപറേഷനിൽ സി.പി.എം. ന് ഭൂരിപക്ഷം കിട്ടിയ സ്ഥിതിയ്ക്ക് ആ പാർട്ടിക്കേ മേയർ സ്ഥാനം കിട്ടൂ എന്ന് എല്ലാവർക്കും അറിയുന്ന കാര്യം മാത്രമാണ്. സി.പി.എം. നെ രാഷ്ട്രീയമായി എതിർക്കുന്നവരുടെ മുന്നിലും അതൊരു യാഥാർത്ഥ്യമാണ്. ആ സാഹചര്യത്തിൽ 21 വയസുകാരി മേയറായി വരുന്നു എന്ന കാര്യത്തിലെങ്കിലും എതിർ പാർട്ടിക്കാരും പൊതുവേ സന്തോഷിക്കുകയാണ്. രാഷ്ട്രീയ ഭേദമന്യേ എല്ലാ തിരുവനന്തപുരത്തുകാർക്കും അഭിമാനവുമുണ്ട്. എന്നാൽ ആ സന്തോഷം ഇനിയും ഒരു പാർട്ടിയുടേത് മാത്രമാക്കാനും നിയുക്ത മേയറുടെ പേരുപയോഗിച്ച് ബാക്കിയെല്ലാ പാർട്ടികളെയും അധിക്ഷേപിക്കാനും ചരിത്രത്തെ തമസ്കരിക്കാനും നടത്തുന്ന ശ്രമങ്ങൾ അപലപനീയമാണ്. ആര് നടത്തിയാലും. കോർപറേഷനിൽ നൂറ് വാർഡുകൾ ഉള്ളതിൽ ഒരു വാർഡിലെ വോട്ടർമാരാണ് ആര്യയെ ജയിപ്പിച്ചത്. എന്നാൽ ഇനി നൂറ് വാർഡുകൾക്കും കൂടിയുള്ള മേയറാണ് ആര്യ. ഞാനുൾപ്പെടെ ഒരുപാടുപേർ പല രാഷ്ട്രീയവിഷയങ്ങളിലും എതിർപ്പ് തുടരുമ്പോഴും ആര്യ ഞങ്ങളുടെ ഓരോരുത്തരുടെയും മേയറായി അനുഭവപ്പെടേണ്ടതുണ്ട്. ജനാധിപത്യം ആവശ്യപ്പെടുന്നത് അതാണ്. എന്നാൽ അത് ഇപ്പോഴേ തടയാനാണ് ചിലർ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് ജയിച്ച നിമിഷം തന്നെ തനിക്ക് വോട്ടുചെയ്തവരുടെ മാത്രം പ്രതിനിധി ആയിരിക്കുമെന്ന് വിളിച്ചുപറഞ്ഞ പാർട്ടിക്കാരും ഉള്ള നാടാണിത്. ആ കൂട്ടത്തിലേയ്ക്ക് ആര്യയുടെ പേര് വലിച്ചിഴയ്ക്കപ്പെടരുത്. ഇടുങ്ങിയ ചിന്താഗതികളുമായി സമൂഹ മാദ്ധ്യമങ്ങളിൽ പുലഭ്യം പറഞ്ഞു ചുറ്റിനടക്കുന്ന ചിലർ ആര്യയ്ക്ക് നന്മ ചെയ്യുന്നവർ ആയിരിക്കില്ല. ശത്രുക്കളെ സൃഷ്ടിക്കുന്നവർ ആയിരിക്കും. ആര്യ ഇത് ശ്രദ്ധിക്കണം. നിയന്ത്രിക്കണം. എൻറെ ഇളയ മകനേക്കാളും പ്രായം കുറഞ്ഞ ആര്യയോട് വളരെ ആത്മാർത്ഥതയോടെയാണ് ഞാനീ വരികൾ പറയുന്നത്. സി.പി.എം. വഴി മേയറായ പലരുമായും സൗഹൃദമുണ്ടായിരുന്ന, നഗരത്തിലെ ഉത്തരവാദിത്വമുള്ള ഒരു പൗരനെന്ന നിലയിൽ. മേയർമാരെയും ചികിത്സിക്കാൻ അവസരം ഉണ്ടായിട്ടുള്ള ഒരു ഡോക്ടറെന്ന നിലയിൽ. ചികിത്സയിലും പാർട്ടി വ്യത്യാസമില്ല. ഡോ: എസ്. എസ്. ലാൽ
തിരുവനന്തപുരം മേയറാകുന്ന ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങൾ. ഈ ചെറിയ പ്രായത്തിൽ കൈവന്ന വലിയ ഉത്തരവാദിത്വം ആര്യക്ക്...
Posted by S S Lal on Monday, 28 December 2020