gold

കൊച്ചി: കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ സ്വർണവില വീണ്ടും വൻതോതിൽ ഉയരുന്നു. ഇന്നലെ കേരളത്തിൽ പവന് 320 രൂപ ഉയർന്ന് വില 37,680 രൂപയായി. ഈമാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. 40 രൂപ വർദ്ധിച്ച് 4,710 രൂപയാണ് ഗ്രാം വില.

35,920 രൂപയായിരുന്നു ഡിസംബർ ഒന്നിന് പവൻ വില; ഗ്രാമിന് 4,490 രൂപയും. തുടർന്ന്, കൂടിയും കുറഞ്ഞും നീങ്ങിയ സ്വർണവിലയിൽ പവന് ഈമാസമുണ്ടായ വർദ്ധന 1,730 രൂപയാണ്. ഗ്രാമിന് 220 രൂപയും കൂടി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൊവിഡ് ആശ്വാസ പാക്കേജിൽ ഒപ്പുവച്ചതിന് പിന്നാലെ, രാജ്യാന്തര വിലയിലുണ്ടായ കുതിപ്പാണ് കേരളത്തിലും പ്രതിഫലിച്ചത്.

രാജ്യാന്തരവില ട്രോയ് ഔൺസിന് 0.15 ശതമാനം കുതിപ്പുമായി ഇന്നലെ ഇന്ത്യൻ സമയം വൈകിട്ടോടെ 1,882 ഡോളറിലെത്തി. ഇന്ത്യയിലെ പ്രമുഖ കമ്മോഡിറ്റി എക്‌സ്‌ചേഞ്ചായ എം.സി.എക്‌സിൽ പത്തു ഗ്രാമിന് വില 0.77 ശതമാനം വർദ്ധിച്ച് 50,460 രൂപയായി.