
മെൽബൺ : തന്റെ കരിയറിൽ ആദ്യമായി ഇക്കുറി മുൻ ചാമ്പ്യൻ റോജർ ഫെഡററർക്ക് ആസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ടൂർണമെന്റിൽ കളിക്കാനാവില്ല.കഴിഞ്ഞ ഫെബ്രുവരി മുതൽ പരിക്കുമൂലം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുന്ന 39കാരനായ ഫെഡറർ കഴിഞ്ഞ മാസം പരിശീലനം പുനരാരംഭിച്ചിരുന്നെങ്കിലും കാൽമുട്ടിൽ രണ്ട് ശസ്ത്രക്രിയകൾ കൂടി വേണ്ടിവന്നതോടെ ആസ്ട്രേലിയൻ ഓപ്പണിൽ നിന്ന് പിന്മാറേണ്ടി വരികയായിരുന്നു.
ഫെഡററർ പങ്കെടുക്കുമെന്ന് കഴിഞ്ഞയാഴ്ച ആസ്ട്രേലിയൻ ഓപ്പൺ സംഘാടകർ അറിയിച്ചിരുന്നു. ആറ് തവണ ആസ്ട്രേലിയൻ ഓപ്പൺ നേടിയ താരമാണ് ഫെഡററർ.2004ൽ ആസ്ട്രേലിയൻ ഓപ്പണിലൂടെയായിരുന്നു ഫെഡററുടെ ആദ്യ ഗ്രാൻസ്ളാം നേട്ടം. അതിനുശേഷം എല്ലാ വർഷവും മുടങ്ങാതെ ഫെഡററർ മെൽബണിൽ കളിക്കാനെത്തിയിരുന്നു.2018ൽ ഇവിടെ കിരീടം നേടിയാണ് 20 ഗ്രാൻസ്ളാമുകൾ തികച്ചത്.
അതേസമയം ബ്രിട്ടീഷ് താരം ആൻഡി മുറെ,ഇന്ത്യൻ താരം സുമിത് നാഗൽ എന്നിവർക്ക് വൈൽഡ് കാർഡ് എൻട്രി നൽകിയതായി ആസ്ട്രേലിയൻ ഓപ്പൺ സംഘാടകർ അറിയിച്ചു.2021 ഫെബ്രുവരി എട്ടിനാണ് ടൂർണമെന്റ് തുടങ്ങുന്നത്.