
കൊച്ചി: മാരുതി സുസുക്കിയുടെ മിനി ട്രക്ക് സൂപ്പർ ക്യാരിയുടെ വില്പന 70,000 യൂണിറ്റുകൾ പിന്നിട്ടു. 2016ൽ വിപണിയിലെത്തിയ സൂപ്പർ ക്യാരി, 2018ലാണ് 10,000 യൂണിറ്റുകളുടെ വില്പന നേട്ടം കുറിച്ചത്. തൊട്ടടുത്തവർഷം വില്പന 30,000 യൂണിറ്റുകളിലെത്തി. ഈവർഷം അത് 70,000 കടന്നു.
മാരുതി സുസുക്കിയുടെ ആദ്യ വാണിജ്യ വാഹനമെന്ന പെരുമയുള്ള സൂപ്പർ ക്യാരിക്ക് ബി.എസ്-6 മലിനീകരണ നിയന്ത്രണചട്ടം പാലിക്കുന്ന എസ്-സി.എൻ.ജി., 1196 സി.സി 4-സിലിണ്ടർ പെട്രോൾ എൻജിൻ വേരിയന്റുകളുണ്ട്. വില്പനയിൽ 75 ശതമാനവും പെട്രോൾ എൻജിൻ പതിപ്പാണ്. 2017ലാണ് സൂപ്പർ ക്യാരിയുടെ എസ്-സി.എൻ.ജി പതിപ്പ് മാരുതി സുസുക്കി അവതരിപ്പിച്ചത്. 2020ൽ കമ്പനിയുടെ മിഷൻ ഗ്രീൻ മില്യൺ പദ്ധതിയുടെ ഭാഗമായി ബി.എസ്-6 ചട്ടം പാലിക്കുന്ന ആദ്യ എസ്-സി.എൻ.ജി പതിപ്പും വിപണിയിലെത്തി.
അടിയന്തരഘട്ടങ്ങളിൽ ഫ്യുവൽ ബാക്കപ്പ് നൽകുന്ന 5-ലിറ്ററിന്റെ പെട്രോൾ ടാങ്ക് കൂടിയുള്ള ബൈ-ഫ്യുവൽ എൻജിൻ വേരിയന്റും മികവാണ്. 235 നഗരങ്ങളിലായി, 320 കൊമേഴ്‌സ്യൽ ഔട്ട്‌ലെറ്റുകളിലൂടെ സൂപ്പർ ക്യാരി ലഭിക്കും. മിനി ട്രക്ക് ശ്രേണിയിൽ 2019-20ലെ 15 ശതമാനത്തിൽ നിന്ന് 20 ശതമാനത്തിലേക്ക് നടപ്പുവർഷം സൂപ്പർ ക്യാരിയുടെ വിപണി വിഹിതം ഉയർന്നിട്ടുണ്ട്.