
കൊച്ചി: പ്രമുഖ മൾട്ടി കമ്മോഡിറ്റി എക്‌സ്ചേഞ്ചായ എം.സി.എക്‌സിൽ സ്വാഭാവിക റബറിന്റെ അവധി വ്യാപാരത്തിന് തുടക്കമായി. കേരളത്തിന് ഏറെ നേട്ടമാകുന്നതാണ് ഈ നടപടി. റബർ കർഷകർ, വ്യാപാരികൾ, കയറ്റുമതിക്കാർ, ഇറക്കുമതിക്കാർ, ടയർ വ്യവസായികൾ എന്നിവർക്കും ഗുണകരമാണ്.
2021 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള റബർ അവധി വ്യാപാരക്കരാർ നിലവിൽ എം.സി.എക്‌സിൽ ലഭ്യമാണ്. ആർ.എസ്.എസ്-4 ഗുണനിലവാരവുള്ള സ്വാഭാവിക റബറിന്റെ വില്പനയാണ് നടക്കുന്നത്. ഒരു മെട്രിക് ടണ്ണാണ് കുറഞ്ഞ ലോട്ട് സൈസ്. ഓരോ മാസത്തെയും അവസാന പ്രവൃത്തിദിനത്തിൽ അവധി വ്യാപാര കരാറിന്റെ സെറ്റിൽമെന്റ് നടക്കും. 100 കിലോഗ്രാം വീതമുള്ള റബറിന്റെ ലോട്ടുകൾക്കാണ് വില നിർണയിക്കുക.
പാലക്കാടാണ് ഡെലിവറി കേന്ദ്രം. റബറിന്റെ രാജ്യാന്തര വിലയും ചാഞ്ചാട്ടങ്ങളും കണക്കാക്കുമ്പോൾ എം.സി.എക്‌സിലെ അവധി വ്യാപാരം വില നിയന്ത്രണത്തിൽ കാര്യമായ ഇടപെടൽ സാദ്ധ്യമാക്കുമെന്ന് എം.സി.എക്‌സ് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ പി.എസ്. റെഡ്ഡി പറഞ്ഞു.