story

ബ്രിട്ടൻ: ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് യൂറോപ്പിന്റെ പലഭാഗങ്ങളിലേക്കും പടരുന്നതായി റിപ്പോർട്ട്. അതീവ മാരകമായ ഈ വൈറസിന് 70ശതമാനം വ്യാപനശേഷി ഉണ്ടെന്നതും ആശങ്ക ഉയർത്തുന്നതാണ്. ഫ്രാൻസ്, സ്വീഡൻ, സ്പെയിൻ, കാനഡ, പോർച്ചുഗലിന്റെ ഭാഗമായ മഡെയ്റ ദ്വീപ് സമൂഹത്തിലും കണ്ടെത്തിയതാണ് അതീവ ജാഗ്രതയ്ക്ക് കാരണം. വിദേശരാജ്യങ്ങളിൽ നിന്നുള്ളവർക്ക് 31 വരെ രാജ്യത്തേയ്ക്ക് പ്രവേശനാനുമതി ഇല്ലെന്നും ജപ്പാൻ അറിയിച്ചു. ചൈനയിൽ ബെയ്ജിംഗ് ഉൾപ്പടെയുള്ള നഗരങ്ങളിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

യൂറോപ്യൻ യൂണിയന്റെ ഭാഗമായി 27രാജ്യങ്ങളിലും മുതിർന്ന പൗരന്മാർക്കും ആരോഗ്യപ്രവർത്തകർക്കുമായി ഫൈസർ ബയോടെക് വാക്സിൻ വിതരണം തുടങ്ങി. പുതിയ വൈറസിനെതിരെയും വാക്സിൻ ഫലപ്രദമാണെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. എന്നാൽ ബ്രിട്ടണിൽ ഓക്സ്ഫഡ് - അസ്ട്രസെനക്ക വാക്സിൻ വിതരണം ജനുവരി 4ന് ആരംഭിക്കും. രണ്ടാഴ്ചയ്ക്കകം 20 ലക്ഷം പേർക്ക് ഓക്സ്ഫഡ് അല്ലെങ്കിൽ ഫൈസർ വാക്സിൻ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വിദേശമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 8.18 കോടിയായി ഉയർന്നു. 1.81 ലക്ഷം പേർ മരണപ്പെട്ടതായും 5.79 കോടി പേർ രോഗമുക്തിയും നേടി. കൊവിഡ് രോഗികളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന അമേരിക്കയിൽ 1.9 കോടി പേർ രോഗബാധിതരായി. 3.48 ലക്ഷം മരണവും റിപ്പോർട്ട് ചെയ്തു. രണ്ടാമത് നിൽക്കുന്ന ഇന്ത്യയിൽ 1.05 കോടി പേർ രോഗബാധിതരായി. 1.51 ലക്ഷം മരണവും 9.81ലക്ഷം പേർക്ക് രോഗമുക്തിയും നേടി.

റഷ്യൻ നിർമ്മിത വാക്സിൻ സ്വീകരിക്കാനൊരുങ്ങി പുടിൻ

മോസ്കോ: റഷ്യൻ നിർമ്മിത കൊവിഡ് പ്രതിരോധ വാക്സിനായ സ്പുട്നിക് -വി സ്വീകരിക്കാൻ തയാറെന്ന് പ്രസിഡൻറ് വ്ലാഡിമർ പുടിൻ അറിയിച്ചു. റഷ്യൻ വാക്സിൻ ഫലപ്രദവും സുരക്ഷിതവുമാണെന്നും വാക്സിൻ നിറുത്തിവയ്ക്കേണ്ടതില്ലെന്നും അത് ലഭ്യമാകുന്നതിനായി തങ്ങൾ കാത്തിരിക്കുകയാണെന്നും പുടിൻ പറഞ്ഞിരുന്നു. രാജ്യത്ത് നിർമ്മിച്ച സ്പുട്നിക് -വി വാക്സിൻ റഷ്യ ഡിസംബറിന്റെ തുടക്കത്തിൽ തന്നെ മോസ്കോയിലെ ഒരു വിഭാഗത്തിന് നൽകിയായിരുന്നു. അതേസമയം, 60 വയസിന് മുകളിലുള്ളവർക്ക് കുത്തിവയ്പ്പിന് തിങ്കളാഴ്ച മുതൽ അപേക്ഷ നൽകി തുടങ്ങാമെന്ന് മോസ്കോ മേയർ സെ‌ർ ജി സോബിയാനിൻ അറിയിച്ചിരുന്നു. പ്രായമായവർക്കായി പ്രത്യേക ട്രയലിന് അംഗീകാരം നൽകിയതായി റഷ്യൻ ആരോഗ്യ മന്ത്രാലയവും അറിയിച്ചിരുന്നു.