
ന്യൂഡൽഹി: ഇന്ത്യയും ബ്രിട്ടനും തമ്മിലെ നിർണായക വ്യാപാര കരാർ ബ്രെക്‌സിറ്റിന് ശേഷം യഥാർത്ഥ്യമാകും. ഇതു സംബന്ധിച്ച സുപ്രധാന പ്രഖ്യാപനങ്ങൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ അടുത്തമാസത്തെ ഇന്ത്യാ സന്ദർശന വേളയിലുണ്ടാകും.
ജനുവരി 26ന്, റിപ്പബ്ളിക് ദിനാഘോഷത്തിൽ ഇന്ത്യയുടെ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് ജോൺസണാണ്. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റമാണ് 'ബ്രെക്‌സിറ്റ്" എന്നറിയപ്പെടുന്നത്. ബ്രെക്‌സിറ്റിന്റെ അവസാനവട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതൊടൊപ്പം തന്നെയാണ് ഇന്ത്യയും ബ്രിട്ടനും തമ്മിൽ സുപ്രധാന മേഖലകളെ ഉൾക്കൊള്ളിച്ചുള്ള സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച ചർച്ചകളും നടക്കുന്നത്.
സ്വതന്ത്ര വ്യാപാരക്കരാർ സംബന്ധിച്ച നിർണായക തീരുമാനങ്ങൾ അടുത്തമാസം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, കരാർ അന്തിമഘത്തിലെത്താൻ രണ്ടുമുതൽ മൂന്നുവർഷം വരെ എടുത്തേക്കും. ഇരു രാജ്യങ്ങളും നേട്ടമാകുന്നതും ദോഷം ചെയ്യാത്തതുമായ നിബന്ധനകൾ മാത്രം ഉൾക്കൊള്ളുന്നതായിരിക്കും അന്തിമകരാർ.
ഇന്ത്യയും ബ്രിട്ടനും തമ്മിലെ വ്യാപാരമൂല്യം നിലവിൽ (2019-20) വെറും 1,600 കോടി ഡോളറാണ്. 2009-10ൽ ഇത് 1,100 കോടി ഡോളറായിരുന്നു. വസ്‌ത്രം, ഊർജോത്പാദന യന്ത്രങ്ങൾ, പെട്രോളിയം, പെട്രോളിയം ഉത്പന്നങ്ങൾ, ഔഷധം, പാദരക്ഷകൾ എന്നിവയാണ് പ്രധാനമായും ബ്രിട്ടനിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. കെമിക്കൽ, ഇലക്‌ട്രോണിക്‌സ് ഉത്‌പന്നങ്ങൾ, വ്യാവസായിക മെഷീനറികൾ എന്നിവയാണ് ബ്രിട്ടനിൽ നിന്ന് വാങ്ങുന്ന പ്രധാന ഉത്‌പന്നങ്ങൾ.
കരുതലോടെ ഇന്ത്യ
ഫാർമ, ഫിൻടെക്, കെമിക്കൽസ്, പ്രതിരോധം, പെട്രോളിയം, ഭക്ഷ്യോത്പന്നങ്ങൾ എന്നീ ആറ് മേഖലകളിലൂന്നുന്നതാണ് ഇന്ത്യ-ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ. കരുതലോടെയാണ് ഇന്ത്യ കരാറിനെ സപീമിക്കുന്നത്. നേരത്തേ, ആസിയാൻ രാജ്യങ്ങളുമായും മറ്റും ഏർപ്പെട്ട കരാറുകൾ ഇന്ത്യൻ താത്പര്യങ്ങളെ മോശമാക്കിയ പശ്ചാത്തലത്തിലാണിത്.