
റിയാദ്: കൊവിഡ് വൈറസിന്റെ വകഭേദം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലേക്കുള്ള യാത്രാവിലക്ക് ഒരാഴ്ചത്തേക്ക് കൂടി നീട്ടി. ഇതോടെ രാജ്യത്തെ കര, നാവിക, വ്യോമ അതിർത്തികൾ അടച്ചിടാനുള്ള തീരുമാനം ഇനിയും നീളും. പ്രവാസികൾക്ക് ഒരാഴ്ചകൂടി കഴിഞ്ഞാൽ മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിയുകയുള്ളു. എന്നാൽ രാജ്യത്തിന് അകത്തുള്ള വിദേശികൾക്ക് ചാർട്ടേഡ് വിമാനത്തിൽ രാജ്യത്തിന് പുറത്തേക്ക് പോകാൻ അനുമതി ഉണ്ട്. ഇതോടെ വന്ദേഭാരത് മിഷൻ പദ്ധതി വീണ്ടും തുടങ്ങാൻ കഴിയും.
കഴിഞ്ഞയാഴ്ചയാണ് അതിർത്തികൾ അടച്ചിട്ടുകൊണ്ട് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിറങ്ങിയത്. ആദ്യം ഒരാഴ്ചത്തേക്ക് അടച്ചിട്ട ആ ഉത്തരവാണ് ഒരാഴ്ചത്തേക്ക് കൂടി നീട്ടിയത്. ഇതു പ്രകാരം സൗദിയിലേക്ക് പുറമെ നിന്ന് ആർക്കും ഒരാഴ്ചത്തേക്ക് പ്രവേശിക്കാനാകില്ല. ഒരാഴ്ചക്ക് ശേഷം സ്ഥിതി പരിശോധിച്ച് നിരോധനം പിൻവലിക്കും. ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് സൗദിയിൽ കണ്ടെത്തിയിട്ടില്ല. എന്നാൽ കൊവിഡ് വാക്സിൻ നൽകിത്തുടങ്ങിയിട്ടുണ്ട്.. ഏഴ് ലക്ഷം പേർ ഇതിനായി രജിസ്റ്റർ ചെയ്തു കഴിഞ്ഞു. വാക്സിൻ ദൗത്യം പുരോഗമിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് കരുതലിന്റെ ഭാഗമായി ഒരാഴ്ച കൂടി അതിർത്തികളടച്ചിട്ടത്. ഇതോടെ സൗദിയിലേക്കെത്താൻ വിദേശത്ത് കുടങ്ങിയ പ്രവാസികൾ ഒരാഴ്ച കൂടി കാത്തിരിക്കേണ്ടി വരും.