
തിരുവനന്തപുരം : രാജ്യത്തെ തന്നെ ഏറ്റവും മികച്ച തുറമുഖങ്ങളിലൊന്നാകാൻ തയ്യാറെടുക്കുകയാണ് വിഴിഞ്ഞം തുറമുഖം. നിർമ്മാണം പൂർത്തിയാകുന്നതോടെ ലോകഗതാഗത ഭൂപടത്തിൽ വിഴിഞ്ഞം അവഗണിക്കാനാവാത്ത സ്ഥാനത്താകും. ചരിത്രപരമായ പ്രത്യേകതകളുള്ള വിഴിഞ്ഞത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് പുളിങ്കുടി ആഴിമല. കടലിനോട് ചേരുന്ന കുന്നിൻ സമീപത്ത് ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാലാണ് ആഴിമല എന്ന പേരിൽ അറിയപ്പെടുന്നത്. ഇവിടെ ഇപ്പോൾ മറ്റൊരു വിസ്മയം ഉയരുകയാണ്. ആഴിമല ശിവക്ഷേത്രത്തിൽ നിർമ്മാണം പൂർത്തിയാകുന്ന ഗംഗാധരേശ്വര പ്രതിമ രാജ്യത്തെ തന്നെ ഇത്തരം പ്രതിമകളിൽ ഏറ്റവും വലുതാണ്. 58 അടി ഉയരമുള്ള ശിവപ്രതിമയുടെ നിർമ്മാണത്തിന് അഞ്ചുകോടിയോളം രൂപയാണ് ചെലവ്. ഇന്ത്യയിലെ ഏറ്റവും വലിയ ഗംഗാധരേശ്വര പ്രതിമയും കേരളത്തിലെ ഏറ്റവും വലിയ ശിവ പ്രതിമയെന്ന ഖ്യാതിയും നിർമ്മാണം പൂർത്തിയാകുന്നതോടെ ആഴിമല ക്ഷേത്രത്തിലെ ശിവരൂപത്തിന് സ്വന്തമാകും .ഡിസംബർ 31ന് ഭക്തജനങ്ങൾക്കായി തുറന്നു നൽകും. ശില്പകലയിൽ ബിരുദധാരിയും തദ്ദേശവാസിയുമായ ദേവദത്തനെന്ന യുവശില്പിയുടെ ആറുവർഷത്തോളമുള്ള പരിശ്രമമാണ് ഗംഗാധരേശ്വര പ്രതിമ
പ്രത്യേകതകൾ
പൂർണമായും കോൺക്രീറ്റിലാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. കടലിനോട് ചേർന്ന് കിടക്കുന്നതിനാൽ കടൽക്കാറ്റിനെ പ്രതിരോധിക്കുന്ന തരത്തിലാണ് പ്രതിമയുടെ രൂപകല്പന.
കടൽത്തീരത്തിനും ക്ഷേത്രത്തിനും നടുവിലായാണ് ഗംഗാധരേശ്വരനെ സ്ഥാപിച്ചിരിക്കുന്നത്.
വാസ്തുകലകൾ നിറഞ്ഞ തട്ടിൻപുറങ്ങൾ, ചെറുതും വലുതുമായ ശില്പങ്ങൾ പൊതിഞ്ഞ ചിത്രത്തൂണുകൾ, ശിവന്റെ ഒമ്പത് നാട്യഭാവങ്ങൾ, അർദ്ധനാരീശ്വര രൂപവും പരമശിവന്റെ ശയനരൂപവും കൊത്തിവച്ച ചുവരുകൾ എന്നിവയ്ക്കും പ്രതിമയിൽ സ്ഥാനം നൽകിയിട്ടുണ്ട്..
ആഴിമല ശ്രീമഹാദേവക്ഷേത്രത്തിന്റെ ചരിത്ര ലിഖിതങ്ങൾ ആലേഖനം ചെയ്ത ചുവരുകൾ ധ്യാനമണ്ഡപത്തിന്റെ മാറ്റ്കൂട്ടും
ധ്യാനമണ്ഡപം
കടൽത്തീരത്തിനോട് ചേർന്നു കിടക്കുന്ന പാറക്കൂട്ടങ്ങൾക്കു മുകളിൽ ഗംഗാധരേശ്വരന്റെ രൂപത്തിന് താഴെ ഭാഗത്താണ് മണ്ഡപം.. 3500 ചതുരശ്ര അടി വിസ്തൃതിയിൽ വാസ്തുശില്പ ഭംഗികളോടെ ശില്പാലംകൃതവും ഗുഹാന്തരീക്ഷവും.. ഗംഗാധരേശ്വര പ്രതിമയുടെ സമീപത്തുള്ള ചെറിയ കവാടത്തിൽ നിന്നുമാണ് ധ്യാനമണ്ഡപത്തിലേക്കുള്ള പ്രവേശനം.. 27 പടികൾ കടന്ന് ഗുഹയ്ക്കുള്ളിലെത്താം.. ശിവന്റെ അപൂർവമായ ശയന രൂപവും അർദ്ധനാരീശ്വര രൂപവുമുണ്ട്
ഗംഗാധരേശ്വര പ്രതിമയുടെ ഭാഗത്തുനിന്നുള്ള കവാടം കൂടാതെ കടൽത്തീരത്തുനിന്ന് വരുന്നവർക്ക് നേരെ പ്രവേശിക്കാനായി മറ്റൊരു കവാടവും നിർമ്മാണത്തിലുണ്ട്.. ധ്യാനമണ്ഡപത്തിൽ ഒരേസമയം 300ഓളംപേർക്ക് ഇരിക്കാം.
ഗുരുവും ക്ഷേത്രവും
ശ്രീനാരായണഗുരുവുമായും ബന്ധപ്പെട്ട കഥകൾ ഈ ക്ഷേത്രത്തിനുണ്ട്. അരുവിപ്പുറത്ത് നടത്തിയ പ്രതിഷ്ഠയ്ക്ക് ശേഷം ഗുരു എത്തിയത് ഇവിടെയാണത്രെ. ഈ പ്രദേശത്തിന്റെ ഭംഗിയും ഇവിടുത്തെ ഈശ്വര സാന്നിദ്ധ്യം തിരിച്ചറിയുകയും ഇവിടുത്തെ ജീവൽ സമാധിയെക്കുറിച്ച് പ്രദേശവാസികളോട് വിശദീകരിച്ച അദ്ദേഹം ക്ഷേത്രം നിർമ്മിക്കണമെന്ന് ആവശ്യപ്പെടുകയും അതിനുള്ള സ്ഥലം കാണിച്ചു കൊടുക്കുകയും ചെയ്തു. അങ്ങനെയാണ് ഇവിടെ ക്ഷേത്രം നിർമ്മിക്കപ്പെട്ടതെന്നാണ് വിശ്വാസം.
തിരുവനന്തപുരത്ത് വിഴിഞ്ഞത്തിനും പൂവാറിനും ഇടയിലായാണ് ആഴിമല സ്ഥിതി ചെയ്യുന്നത്. കിഴക്കേകോട്ടയിൽ നിന്നും തമ്പാനൂരിൽ നിന്നും വിഴിഞ്ഞം വഴി പൂവാറിലേക്കുള്ള ബസിൽ കയറിയാൽ ആഴിമല ബസ് സ്റ്റോപ്പിലിറങ്ങാം. ഇവിടെ നിന്നും 100 മീറ്റർ ദൂരമേയുള്ളൂ ക്ഷേത്രത്തിലേക്ക്.