suicide-

നെയ്യാറ്റിൻകര: കോടതി ഉത്തരവിനെ തുടർന്ന് വീടൊഴിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നെല്ലിമൂട് പോങ്ങിൽ നെട്ടത്തോട്ടം ലക്ഷംവീട് കോളനിക്കുസമീപം രാജനും ഭാര്യ അമ്പിളിയും മരിച്ചതോടെ മക്കളായ രാഹുലും രഞ്ജിത്തും തനിച്ചായി. രാഹുൽ പഠനം നിറുത്തി വർക്ക്‌ഷോപ്പിൽ ജോലിക്ക് പോകുകയാണ്. രഞ്ജിത് പ്ലസ് ടു വിദ്യാർത്ഥിയാണ്. ഇക്കഴിഞ്ഞ 22നായിരുന്നു സംഭവം. ഒരുവർഷം മുമ്പ് അയൽവാസി വസന്ത തന്റെ മൂന്ന് സെന്റ് പുരയിടം രാജൻ കൈയേറിയതായി കാണിച്ച് നെയ്യാറ്റിൻകര മുനിസിഫ് കോടതിയിൽ പരാതി നൽകിയിരുന്നു. അനുകൂല വിധി ലഭിച്ചതിനെ തുടർന്ന് വീട് ഒഴിപ്പിക്കാനെത്തിയപ്പോഴാണ് ദമ്പതികൾ തീകൊളുത്തിയത്.

പുരയിടത്തിൽ വീട് നിർമ്മിച്ചതിനാൽ കോടതി കമ്മിഷനെ നിയോഗിച്ച് ഒഴിപ്പിക്കാൻ ശ്രമിച്ചെങ്കിലും രാജൻ തടസപ്പെടുത്തിയിരുന്നു. 22ന് എത്തിയപ്പോൾ ആത്മഹത്യ ചെയ്യുമെന്ന് ദമ്പതികൾ പറഞ്ഞെങ്കിലും അധികൃതർ അത് ചെവിക്കൊണ്ടില്ല. എന്നാൽ സംഭവത്തിൽ പൊലീസിനെതിരെ പരാതിയുമായി മക്കൾ രംഗത്തെത്തി. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റർ തട്ടിമാറ്റുന്നതിനിടെ തീ കത്തുകയായിരുന്നെന്നാണ് മക്കളുടെ ആരോപണം. തീപിടിത്തത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവം നടന്ന് 20 മിനിട്ടിന് ശേഷം ഇവർക്ക് അനുകൂലമായി സ്റ്റേ ലഭിക്കുകയും ചെയ്തു. 70 ശതമാനത്തോളം പൊള്ളലേറ്റ രാജനെയും ഭാര്യ അമ്പിളിയെയും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി ഒന്നോടെ രാജനും ഇന്നലെ ഉച്ചയോടെ ഭാര്യ അമ്പിളിയും മരിക്കുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഗ്രേഡ് എസ്.ഐ അനിൽകുമാറിനും പൊള്ളലേറ്റു