
കോട്ടയം: സാമ്പത്തിക സർവേയ്ക്ക് എത്തിയ ഉദ്യോഗസ്ഥനെ തടയുകയും പൗരത്വ ബില്ലിന്റെ സർവേ എന്ന നിലയിൽ വീഡിയോ പകർത്തി വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചാരണം നടത്തുകയും ചെയ്ത സംഭവത്തിൽ താഴത്തങ്ങാടി അറുപുഴയിലെ 15 എസ്.ഡി.പി.ഐ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് എതിരെ പൊലീസ് കേസെടുത്തു.
തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. താഴത്തങ്ങാടി അറുപുഴ ഭാഗത്ത് സാമ്പത്തിക സർവേ നടത്തുന്നതിനാണ് സ്റ്റാറ്റിസ്റ്റിക്കൽ വിഭാഗത്തിലെ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയത്. പൊലീസ് സംഘത്തിന്റെ സംരക്ഷണത്തിലായിരുന്നു വീടുകൾ കയറി പരിശോധന നടത്തിയത്. ഇതിനിടെ, താഴത്തങ്ങാടി അറുപുഴ ഭാഗത്ത് എത്തിയ ഉദ്യോഗസ്ഥ സംഘത്തെ ഒരു വിഭാഗം തടയുകയായിരുന്നു. തുടർന്നു, ഇവരുടെ വീഡിയോ എടുത്ത് പൗരത്വ ബില്ലിന്റെ സർവേയുടെ ഭാഗമായി എത്തിയവരാണ് എന്നു പ്രചരിപ്പിക്കുകയും ചെയ്തു. വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തിയാണ് ഉദ്യോഗസ്ഥരെ രക്ഷിച്ചത്. കണ്ടാലറിയുന്ന 15 പേർക്കെതിരെ കേസെടുക്കുകയും ചെയ്തു. അടുത്ത ദിവസങ്ങളിൽ തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.