neyyatinkara

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ജപ്തി നടപടിയ്ക്കിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികൾ മരിച്ച സംഭവത്തിൽ ഡി.ജി.പി അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസിനെതിരെ ബന്ധുക്കളുടെയും നാട്ടുകാരുടെയും ഭാഗത്തുനിന്ന് ഗുരുതരമായ ആരോപണം ഉയരുന്നതിന്റെ സാഹചര്യത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. തിരുവനന്തപുരം റൂറൽ എസ്.പി ബി അശോകിനാണ് അന്വേഷണ ചുമതല.

മരിച്ച രാജന്റെയും അമ്പിളിയുടെയും അയൽവാസിയായ സ്ത്രീയുടെ സ്വാധീനത്തിന് വഴങ്ങി പൊലീസ് കുടിയൊഴിപ്പിക്കൽ നടപടികളുമായി മുന്നൊട്ടുപോയെന്നാണ് കുടുംബത്തിന്റെ ആരോപണം.ജനുവരി നാലുവരെ ഇവർക്ക് സാവകാശം നൽകിക്കൊണ്ടുള്ള ഉത്തരവ് കോടതി പുറപ്പെടുവിച്ചിരുന്നു. ഇതിന് വിരുദ്ധമായാണ് പൊലീസ് ഇറക്കിവിടൽ നടപടികളുമായി മുന്നോട്ട് പോയതെന്ന് ആരോപണമുണ്ട്.

നെയ്യാറ്റിൻകരയിൽ തർക്കഭൂമിയിലെ ഒഴിപ്പിക്കൽ നടപടിക്കിടെയാണ് രാജനും ഭാര്യ അമ്പിളിയും തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും ഇന്നലെയാണ് മരിച്ചത്. കുടിയൊഴിപ്പിക്കൽ തടയാൻ രാജൻ ഭാര്യയെ ചേർത്തുപിടിച്ച് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയപ്പോൾ പൊലീസുകാർ ലൈറ്റർ തട്ടിയതി​നെത്തുടർന്നാണ് അപകടം സംഭവിച്ചതെന്നാണ് രാജന്റെ മക്കൾ പറയുന്നത്.