murder

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ സർക്കാർ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു. മുരുക്കുംപുഴ വിജയകുമാറാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ. കേസുമായി ബന്ധപ്പെട്ട വിചാരണ തിരുവനന്തപുരം സെഷൻസ് കോടതിയിൽ ആരംഭിക്കും. ഹക്ക് മുഹമ്മദ്, മിഥിലാജ് എന്നീ ഡി വൈ എഫ് ഐ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്.

തിരുവോണത്തലേന്നായിരുന്നു ബൈക്കിലെത്തിയ സംഘം ഹക്കിനേയും മിഥിലാജിനേയും വെട്ടിക്കൊന്നത്. പെട്ടെന്നുളള പ്രകോപനത്തിൽ ഉണ്ടായ കൊലപാതകം എന്നായിരുന്നു പ്രതികളുടെ മൊഴി. എന്നാൽ അക്രമം ആസൂത്രിതമാണോ, പുറത്തു നിന്ന് ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കൊലപാതകത്തിന് ശേഷം പ്രതികൾ അടൂർ പ്രകാശ് എം പിയെ വിളിച്ചിരുന്നെന്ന് മന്ത്രി ഇ പി ജയരാജൻ പറഞ്ഞത് നേരത്തെ വിവാദമായിരുന്നു.

ഇരട്ടക്കൊലപാതകത്തിന് കാരണം രാഷ്ട്രീയ വൈരാഗ്യമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. പ്രതികളായ ഒമ്പത് പേർക്കെതിരെ പൊലീസ് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പാർലമെന്റ് തിരെഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടെ തുടങ്ങിയ കൈയാങ്കളിയുടെ വൈരാഗ്യമാണ് പിന്നീട് കൊലപാതകത്തിൽ കലാശിച്ചത്.