
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ജപ്‌തി നടപടിക്കെതിരെ തീകൊളുത്തി ആത്മഹത്യ ചെയ്‌ത രാജന്റെ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് സംസ്ഥാന സർക്കാർ. അടിയന്തിര നടപടിക്ക് മുഖ്യമന്ത്രി നിർദേശം നൽകി. സർക്കാർ ഇവർക്ക് വീട് വച്ച് നൽകും.
രാജന്റെ കുടുംബത്തിന് യൂത്ത് കോണ്‍ഗ്രസ് വീട് വച്ച് നൽകുമെന്ന് നേരത്തെ ഷാഫി പറമ്പിലും ശബരീനാഥനും അറിയിച്ചിരുന്നു. പണക്കാരേയും മറ്റു സംരക്ഷിക്കുമ്പോൾ സർക്കാർ ഇവരെ തിരിഞ്ഞു നോക്കുന്നില്ല. പൊലീസിന്റെ കഴിവ് കേടും തെറ്റായ നടപടിയുമാണ് ഇവിടെ കാണുന്നതെന്നുമായിരുന്നു ശബരീനാഥൻ എം എൽ എയുടെ പ്രതികരണം. തുടർന്ന് മണിക്കൂറുകൾക്ക് അകമാണ് സർക്കാർ രാജന്റെ മക്കളെ ഏറ്റെടുക്കുമെന്ന അറിയിപ്പുണ്ടാകുന്നത്. മക്കളുടെ വിദ്യഭ്യാസം ഏറ്റെടുക്കണമെന്ന് നേരത്തെ രാജന്റെ സഹോദരിയുംആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ചൊവാഴ്‌ചയാണ് നെല്ലിമൂട് വേട്ടത്തോട്ടം സ്വദേശി രാജനും, ഭാര്യ അമ്പിളിയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇരുവരും ഗുരുതരമായി പൊളളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാജന്റെ ഇരു വൃക്കകളും തകരാറിലായതായിരുന്നു മരണകാരണം.
കുടിയൊഴിപ്പിക്കാൻ പൊലീസ് എത്തിയപ്പോഴാണ് ഭാര്യയെ കെട്ടിപിടിച്ച് കുപ്പിയിൽ സൂക്ഷിച്ചിരുന്ന പെട്രോൾ രാജൻ ശരീരത്തിൽ ഒഴിക്കുന്നത്. എന്നാൽ പൊലീസുകാരെ പിന്തിരിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും, എസ് ഐ ലൈറ്റർ തട്ടിയതാണ് അപകടത്തിന് ഇടയാക്കിയതെന്നും രാജൻ പറഞ്ഞിരുന്നു. ഭക്ഷണം കഴിക്കാൻ പോലും അനുവദിക്കാതെയാണ് പൊലീസ് തങ്ങളെ പുറത്താക്കാൻ ശ്രമിച്ചതെന്ന് രാജന്റെ മകൻ പറഞ്ഞു.