jail

കാസർകോട് : കഞ്ഞിയും ഗോതമ്പുണ്ടയും മാത്രം വിളമ്പി ഭക്ഷണത്തിലൂടെയും ശിക്ഷയുടെ കാഠിന്യം തടവ് പുള്ളികൾക്ക് നൽകിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ചിക്കനും മത്സ്യവും ഉൾപ്പടെയുള്ള ഗംഭീര മെനുവാണ് ജയിൽ വകുപ്പ് തയ്യാറാക്കിയിട്ടുള്ളത്. ഇതു കൂടാതെ മാനസിക ഉല്ലാസത്തിനുള്ള നിരവധി സംവിധാനങ്ങളും ജയിലിൽ തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ പരിഷ്‌കരിച്ച മെനുവിലെ ഒരു വിഭവം കഴിച്ചു മടുത്തുവെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചീമേനി ജയിലിലെ തടവുകാർ.

പച്ചക്കറികളുടെ ഗുണങ്ങളെല്ലാം സമ്മേളിക്കുന്ന അവിയലിനോടാണ് തടവുപുള്ളികൾ നോ പറഞ്ഞിരിക്കുന്നത്. മലയാളിയെ സംബന്ധിച്ചിടത്തോളം സദ്യയിൽ ഇലയിൽ കറിക്കൂട്ടുകളുടെ ആരംഭം തന്നെ അവിയലിൽ നിന്നുമാണ്. കറികളിൽ വിളമ്പുന്നതിന്റെ അളവ് പരിശോധിച്ചാലും അവിയലാണ് മുന്നിട്ട് നിൽക്കുന്നത്. നിലവിൽ തടവുകാർക്ക് ആഴ്ചയിൽ മൂന്ന് ദിവസമാണ് ഉച്ചഭക്ഷണത്തിൽ അവിയൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലാണിവ. അതേസമയം സസ്യാഹാരികളായ തടവുകാർക്ക് എല്ലാ ദിവസവും അവിയൽ നൽകാറുണ്ട്. മത്സ്യത്തിനും മാംസത്തിനും പകരമായിട്ടാണ് അവിയൽ മെനുവിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. അവിയലിന് പകരം മറ്റൊരു കറി ഇവർ ആവശ്യപ്പെടുന്നത് ഇതിനാലാണ്. എന്നാൽ തടവുകാരുടെ ആഗ്രഹം നടക്കുമോ എന്നതിൽ തീരുമാനം ആയിട്ടില്ല.