
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീട് ഒഴിപ്പിക്കൽ നടപടിക്കിടെ ആത്മഹത്യാ ശ്രമത്തിൽ ദമ്പതികൾ മരണമടഞ്ഞ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവം നടന്നയിടം കമ്മീഷൻ അംഗങ്ങൾ ഉടൻ സന്ദർശിക്കുമെന്നും ബാലാവകാശ കമ്മീഷൻ അധികൃതർ അറിയിച്ചു. ദമ്പതികളുടെ മക്കളുടെ പുനരധിവാസം തങ്ങൾ ഏറ്റെടുക്കുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം അറിയിച്ചു.
സംഭവത്തെ തുടർന്ന് വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെട്ടു. കുട്ടികൾക്ക് വീട് വച്ചുനൽകാൻ ജില്ലാ കളക്‌ടർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്‌ച സംഭവിച്ചിട്ടുണ്ടോയെന്നും സർക്കാർ പരിശോധിക്കും.
അതേസമയം സംഭവത്തിൽ മേൽക്കോടതി നടപടിയ്‌ക്കിടെ കാത്തുനിൽക്കാതെയാണ് പൊലീസ് മൂന്ന് സെന്റിലെ വീട്ടിൽ നിന്നും കുടുംബത്തെ ഒഴിപ്പിക്കാൻ വ്യഗ്രത കാട്ടിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ബിനീഷ് കോടിയേരിയുടെ വീട്ടിൽ ഓടിയെത്തിയ ബാലാവകാശ കമ്മീഷൻ എന്തുകൊണ്ട് ഈ കുട്ടികളെ മറന്നുവെന്നും അദ്ദേഹം ഫേസ്‌ബുക്കിലിട്ട കുറിപ്പിൽ ചോദിച്ചു.
കേസിൽ പൊലീസ് ഉദ്യോഗസ്ഥരുടെ വീഴ്‌ച പരിശോധിക്കണമെന്നും വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ആന്റണി ഡൊമിനിക്ക് തിരുവനന്തപുരം റൂറൽ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. റൂറൽ എസ്.പി ബി. അശോകനാണ് കേസ് അന്വേഷിക്കുന്നത്.