youtube

എഴുപത് വയസുള്ള സുമൻ ധമാനെതേടി ഭാഗ്യം എത്താൻ കുറച്ചൊന്നു വൈകി, ചെറുമകന്റെ കുസൃതിയിൽ വാർദ്ധക്യ കാലത്ത് നിരവധിയാളുകളുടെ നാവിൽ പുതുരുചി നൽകാൻ ഇവർക്കായി. യുട്യൂബ് വീഡിയോകളിലൂടെ മഹാരാഷ്ട്രയിലെ താരമായിരിക്കുകയാണ് സുമൻ ധമാനെന്ന വീട്ടമ്മ ഇപ്പോൾ. ഇവരുടെ യുട്യൂബിൽ ഇപ്പോൾ പ്രതിമാസം എൺപത് ലക്ഷത്തോളം വ്യൂസാണ് ലഭിക്കുന്നത്. 'ആപ്ലി ആജി' എന്നപേരിൽ സുമൻ ധമാന്റെ പേരക്കുട്ടിയായ യാഷ് യുട്യൂബിൽ ആരംഭിച്ച പാചക ചാനലാണ് ഞൊടിയിടയിൽ ഹിറ്റായി മാറിയത്. കഴിഞ്ഞ ഒരു വർഷത്തിനകം തന്നെ 580,000 സബ്സ്‌ക്രൈബേഴ്സിനെ സ്വന്തമാക്കിയ ചാനലിന് യൂട്യൂബിൽ നിന്നും അംഗീകാരവും തേടിയെത്തിയിട്ടുണ്ട്.

സാധാരണ പാചക ചാനലിൽ നിന്നും വ്യത്യസ്തമായി വീട്ടിനുള്ളിലെ പരിമിതമായ സാഹചര്യങ്ങളുപയോഗിച്ചാണ് സുമൻ ധമാന്റെ പാചകം. മാറാത്തി ഭാഷയിൽ അമ്മൂമ്മയുടെ തനി നാടൻ പാചകം മൊബൈലിൽ പകർത്തി ചെറിയ എഡിറ്റിംഗ് ജോലികളൊക്കെ നിർവഹിച്ച ശേഷമാണ് യാഷ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരുന്നത്. പത്താം ക്ലാസിൽ പഠിക്കുകയായിരുന്ന യാഷ് പഠനത്തിരക്കിനിടയിൽ ആഴ്ചയിൽ രണ്ട് വീഡിയോ എന്ന കണക്കിനാണ് യൂട്യൂബിൽ മുത്തശ്ശിയുടെ പാചക വീഡിയോകൾ അപ്‌ലോഡ് ചെയ്തിരുന്നത്.

പ്രാദേശിക ഭാഷയിലുള്ള വീഡിയോകൾക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഇതിനൊപ്പം ആഹാരം പാകം ചെയ്യുന്നതിനായി സുമൻ ധമാൻ വീട്ടിൽ തയ്യാറാക്കുന്ന സുഗന്ധവ്യഞ്ജനങ്ങളെ കുറിച്ചും കാഴ്ചക്കാരിൽ നിന്നും അന്വേഷണങ്ങൾ ധാരാളമെത്തി. ഇതോടെ മുത്തശ്ശിയും ചെറുമകനും ചേർന്ന് സുഗന്ധവ്യഞ്ജനങ്ങൾ വാണിജ്യപരമായി നിർമ്മിച്ച് ആവശ്യക്കാർക്ക് അയക്കുവാനുള്ള തീരുമാനത്തിലാണ് ഇപ്പോൾ.