
കോട്ടയം: പാലാ സീറ്റിൽ മാണി സി കാപ്പൻ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് കേരള കോൺഗ്രസ് നേതാവ് പി ജെ ജോസഫ്. പാലാ സീറ്റ് ജോസഫ് വിഭാഗം കാപ്പന് വിട്ടുനൽകും. എൻ സി പി ആയി തന്നെ കാപ്പൻ പാലായിൽ മത്സരിക്കുമെന്നും പി ജെ ജോസഫ് വ്യക്തമാക്കി.
അവസാനം മാണി സി കാപ്പൻ തന്നെയായിരിക്കും പാലായിൽ സ്ഥാനാർത്ഥി എന്നാണ് തന്റെ നിഗമനമെന്ന് പി ജെ ജോസഫ് പറഞ്ഞു. അവസാന നിമിഷം അട്ടിമറി ഉണ്ടായ തൊടുപുഴ നഗരസഭ ഭരണം ഒരു വർഷത്തിനുളളിൽ യു ഡി എഫ് തിരിച്ച് പിടിക്കും. യു ഡി എഫിലെ പ്രശ്‌നങ്ങളല്ല, കാലുമാറ്റമാണ് ഭരണം നഷ്‌ടമാകാൻ കാരണമെന്നും പി ജെ ജോസഫ് വിശദീകരിച്ചു. മദ്ധ്യതിരുവിതാംകൂറിലെ ഭൂരിപക്ഷം നഗരസഭകളിലും യു ഡി എഫ് ഭരണം പിടിച്ചു. ജോസ് കെ മാണിയുടെ അവകാശവാദം പൊളളയാണെന്ന് തെളിഞ്ഞെന്നും പി ജെ ജോസഫ് പറഞ്ഞു.
അതേസമയം, വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് എൻ സി പി നേതൃത്വം അറിയിച്ചു. പാലാ സീറ്റ് എൻ സി പിയുടേത് തന്നെയാണെന്നും പി ജെ ജോസഫിന്റെ പ്രസ്‌താവനയെപ്പറ്റി അറിയില്ലെന്നും എൻ സി പി സംസ്ഥാന അദ്ധ്യക്ഷൻ പീതംബരൻ മാസ്റ്റർ പറഞ്ഞു.