23-and-me-

അച്ഛൻ അമ്മയുടെ ഭർത്താവല്ല, ക്രിസ്മസിന് കാമുകിക്ക് നൽകിയ ഗിഫ്റ്റ് അവരുടെ കുടുംബം തകർക്കാൻ പോന്നതായിരുന്നുവെന്ന് സ്വപ്നത്തിൽ പോലും യുവാവ് കരുതിയില്ല

ക്രിസ്മസിന് കാമുകിക്ക് വ്യത്യസ്തമായ ഒരു സമ്മാനം നൽകണം എന്ന് ചിന്തിച്ച യുവാവ് നൽകിയത് സ്വന്തമായി ഡി എൻ എ പരിശോധിക്കുവാനുള്ള 23 ആൻഡ് മി കിറ്റ്. അമേരിക്കൻ കമ്പനി വികസിപ്പിച്ച ഈ കിറ്റുപയോഗിച്ച് വ്യക്തികൾക്ക് സലൈവ ഉപയോഗിച്ചുള്ള പരിശോധനയിലൂടെ തങ്ങളുടെ പിതൃത്വത്തെക്കുറിച്ചുള്ള വിവരങ്ങൾ മനസിലാക്കാനാവും. എന്നാൽ ഈ കിറ്റിന്റെ ആധികാരികതയും കൃത്യതയെയും കുറിച്ച് ഉറപ്പെത്രയുണ്ടെന്ന് ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല.

എന്തായാലും ക്രിസ്മസിന് കാമുകൻ സന്തോഷത്തോടെ നൽകിയ കിറ്റ് ഉപയോഗിച്ച് തന്റെ പിതൃത്വം പരിശോധിച്ച പെൺകുട്ടിയുടെ കുടുംബത്തിന്റെ സമാധാനം ഇല്ലാതായിരിക്കുകയാണിപ്പോൾ.

കിറ്റ് മുഖേനയുള്ള സാംപിളയച്ചശേഷം കമ്പനിയുടെ വെബ് സൈറ്റിൽ പരിശോധന നടത്തിയ യുവതിക്ക് തന്റെ അച്ഛൻ അമ്മയുടെ ഭർത്താവല്ലെന്ന വസ്തുത എളുപ്പം മനസിലാക്കാനായി. കാരണം ജോൺ സ്മിത്തെന്ന പേരാണ് ഡി എൻ എ പരിശോധനയിലൂടെ യുവതിക്ക് ലഭിച്ചത്. കാര്യങ്ങളുടെ നിജസ്ഥിതി മാതാവിനോട് ചോദിച്ച് മനസിലാക്കുവാൻ തീരുമാനിച്ച യുവതി ഫോണിൽ വിളിച്ച് അമ്മയോട് ജോൺ സ്മിത്തിനെ അറിയാമോ എന്ന് ചോദിക്കുകയായിരുന്നു.

നീണ്ട നിശബ്ദതയായിരുന്നു മറുതലയ്ക്കൽ. അതിനു ശേഷം ഇക്കാര്യം ഭർത്താവ് അറിഞ്ഞോ എന്നാണ് മാതാവ് പെൺകുട്ടിയോട് ആദ്യം തിരക്കിയത്. മുപ്പത് വർഷമായി താൻ കൊണ്ടു നടന്ന രഹസ്യം മകളുടെ കാമുകന്റെ ഗിഫ്റ്റിലൂടെ പുറത്തായതിന്റെ ഷോക്കിലായിരുന്നു അവർ. അതേസമയം ഇനി താൻ എന്ത് ചെയ്യണമെന്ന് ആലോചിച്ച് വിഷമഘട്ടത്തിലാണ് പെൺകുട്ടി. അച്ഛനെ തേടി ഇറങ്ങണോ അതോ രഹസ്യം കാത്തുസൂക്ഷിച്ച് അമ്മയുടെ ദാമ്പത്യം തകർക്കാതെ കാക്കണോ എന്ന ചിന്തയിലാണ് അവൾ. ഒരാൾക്ക് ഒരു ഗിഫ്റ്റ് നൽകുമ്പോൾ നൽകുന്നയാളുടെ സന്തോഷത്തിനപ്പുറം ലഭിക്കുന്നയാളിൽ അതുണ്ടാക്കുന്ന മാറ്റങ്ങളും ആലോചിക്കണമെന്നാണ് ഈ സംഭവം നൽകുന്ന ഗുണപാഠം.