
രണ്ട് സ്ത്രീകൾ. ഒരാൾ ഡോക്ടർ. ഡോക്ടറെന്ന് പറഞ്ഞാൽ ഗൈനക്കോളജിസ്റ്റ്. മറ്റൊരാൾ പ്രത്യേക സാഹചര്യങ്ങളാൽ വേശ്യാവൃത്തി തൊഴിലായി സ്വീകരിച്ചവൾ. ഇതിനിടെ തന്റെ വയറ്റിൽ കസ്റ്റമർമാരിൽ ആരോ ഒരാൾ ബീജത്തെ നിക്ഷേപിച്ചിരുന്നു. ഏതാണ്ട് നാല് മാസമായ ആ കുരുന്ന് ജീവൻ ഇല്ലാതാക്കാനാണ് മല്ലി എന്ന അഭിസാരിക ഗൈനക്കോളജിസ്റ്റിന്റെ മുന്നിലെത്തിയത്. ഡോക്ടറുടെ മുന്നിൽ വച്ച് മല്ലി തന്റെ ജീവിതത്തിന്റെ ദുരിതകാലം അനാവരണം ചെയ്യുന്നു. കൗമുദി ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ അവസാന റൗണ്ടിൽ ഇടംപിടിച്ച, എസ്.ഹരികൃഷ്‌ണൻ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത മല്ലി എന്ന ഹ്രസ്വചിത്രം പ്രേക്ഷക മനസിൽ വിങ്ങലായി മാറുന്നത് ഇങ്ങനെയൊക്കെയാണ്.
ആരും പറയാത്ത കഥയല്ല മല്ലിയുടേത്. ഇന്നും സമൂഹത്തിൽ സാഹചര്യം കൊണ്ട് മല്ലിയുടെ വേഷം കെട്ടേണ്ടി വന്നവർ ജനിച്ച് ജീവിച്ച് മരിക്കുന്നുണ്ട്. മല്ലിയുടെ കദനകഥ കേട്ടിരിക്കുന്ന ഗർഭിണിയായ ഡോക്ടർ പോലും ഒരുവേള ഇടതുകൈ കൊണ്ട് തന്റെ ഉദരത്തെ താങ്ങുന്നുണ്ട്. അത്ര തീക്ഷ്‌ണമാണ് മല്ലിയുടെ വേദന. അമ്മയാകാൻ പോകുന്ന ഡോക്ടർ കുഞ്ഞിനെ ഇല്ലാതാക്കാൻ എത്തുന്ന മല്ലിയെക്കാൾ വേദന സഹിക്കുന്നുണ്ടെന്ന് സിനിമ കാണിച്ചു തരുന്നു.
മല്ലിയുടെ കഥ സംവിധായകൻ പറയുന്നത് ഒരു ട്രാൻസ്‌ജെൻഡറിലൂടെയാണ്. ട്രാൻസ്ജെൻഡറായ അമ്മയിൽ നിന്ന് മല്ലി എന്ന അഭിസാരികയിലേക്കുള്ള ദൂരം വളരെ ചെറുതാണ്. ശരിക്കുമൊരു നൂൽപാലത്തിലൂടെയുള്ള അപഥ സഞ്ചാരമാണ് മല്ലിയുടെ ജീവിതം. ഒരാളും പറയാത്ത കഥയല്ലെങ്കിൽ കൂടി അതിനെ വ്യത്യസ്തമായ മറ്റൊരു വീക്ഷണ കോണിലൂടെ കാണുമ്പോൾ പ്രേക്ഷകന് മല്ലിയുടെ കഥ സംവേദനക്ഷമമാകുന്നു. മല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആദിത്യ രഘു കൈയടി നേടുന്ന പ്രകടനമാണ് നടത്തുന്നത്. ഗൈനക്കോളജിസ്റ്റിന്റെ വേഷത്തിലെത്തുന്ന ഡോ.കാർത്തികയും മികച്ചു നിൽക്കുന്നു.