
മലയാളത്തിന്റെ മെഗാ താരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഇൗവർഷത്തെ പ്രോജക്ടുകളുടെ കാര്യത്തിൽ ഏറക്കുറെ തീരുമാനമായി.
പത്തുമാസമായി അഭിനയ രംഗത്ത് നിന്ന് വിട്ടുനിൽക്കുന്ന മമ്മൂട്ടി പുതുവർഷത്തിൽ അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിച്ചുതുടങ്ങും. ബിഗ് ബിക്കുശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ഇൗ ചിത്രത്തിന്റെ ചിത്രീകരണത്തീയതി തീരുമാനിച്ചിട്ടില്ല. അമൽ നീരദിന്റെ നിർമ്മാണ കമ്പനിയായ അമൽ നീരദ് പ്രൊഡക്ഷൻസാണ് ഇൗ ചിത്രം നിർമ്മിക്കുന്നത്.
അതേസമയം ആരാധകർ ആവേശപൂർവം കാത്തിരിക്കുന്ന ബിലാലിന്റെ ചിത്രീകരണം വൈകും. പോളണ്ട് ഉൾപ്പെടെയുള്ള വിദേശ ലൊക്കേഷനുകളിൽ ചിത്രീകരിക്കുന്ന ചിത്രം ലോകം കൊവിഡ് മുക്തമായ ശേഷമേ തുടങ്ങാനാവൂ.അമൽ നീരദിന്റെ ചിത്രത്തിന് ശേഷം നവാഗതയായ രതീന അർഷാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഉയരെ എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു രതീന അർഷാദ്.പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന സി.ബി.ഐ സീരീസിലെ അഞ്ചാം ഭാഗത്തിൽ രതീനയുടെ ചിത്രത്തിന് ശേഷം മമ്മൂട്ടി ജോയിൻ ചെയ്യും. കെ. മധു എസ്.എൻ. സ്വാമി ടീമൊരുക്കുന്ന ഇൗ ചിത്രം നിർമ്മിക്കുന്നത് സ്വർഗചിത്രയുടെ ബാനറിൽ അപ്പച്ചനാണ്. നിർമ്മാണ രംഗത്തേക്ക് വർഷങ്ങൾക്കുശേഷമുള്ള സ്വർഗചിത്രയുടെ തിരിച്ചുവരവാണിത്.

ജോഷിയുടെയും രഞ്ജിത്തിന്റെയും ചിത്രങ്ങളും 2021 ൽ മമ്മൂട്ടി കമ്മിറ്റ് ചെയ്തിട്ടുണ്ട്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ, നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ദ പ്രീസ്റ്റ് എന്നിവയായിരിക്കും പുതുവർഷത്തിലെ മമ്മൂട്ടിയുടെ ആദ്യ റിലീസുകൾ.
മോഹൻ ലാൽ സംവിധായകനാകുന്ന ബറോസ് ഇൗവർഷം ചിത്രീകരണമാരംഭിക്കും.ഇപ്പോൾ പാലക്കാട് ഉദയകൃഷ്ണയുടെ രചനയിൽ ബി. ഉണ്ണികൃഷ്ണൻ സംവിധാനം ആറാട്ടിലഭിനയിച്ച് വരികയാണ് മോഹൻലാൽ. ആറാട്ട് പൂർത്തിയാക്കിയ ശേഷം മോഹൻലാൽ ബറോസിന്റെ പണിപ്പുരയിലേക്ക് കടക്കും. ത്രീഡിയിൽ ഒരുങ്ങുന്ന ബറോസ് ഏറെ മുന്നൊരുക്കങ്ങൾ വേണ്ട ചിത്രമാണ്.
മോഹൻലാലിനൊപ്പം സ്പാനിഷ് താരങ്ങളായ പാസ് വേഗയും റാഫേൽ അമർഗോയും ബറോസിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.മലയാളത്തിലെ പ്രമുഖ താരങ്ങളിൽ പലരും ഇതിൽ അണിനിരക്കും. മോഹൻലാൽ ടൈറ്റിൽ റോളിൽ പ്രത്യക്ഷപ്പെടുന്ന ഫാന്റസി ത്രില്ലറായ ബറോസിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന് ഗോവയാണ്. ഇന്ത്യയിലെ ആദ്യ ത്രി ഡി ചിത്രമായ മൈഡിയർ കുട്ടിച്ചാത്തന്റെ സംവിധായകൻ ജിജോയുടേതാണ് ബറോസിന്റെ കഥ. ലിഡിയൻ നാദസ്വരമാണ് സംഗീത സംവിധായകൻ.സന്തോഷ് ശിവനാണ് ഛായാഗ്രാഹകൻ.
മെഗാഹിറ്റായ ദൃശ്യത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം -2 ആണ് മോഹൻലാൽ അഭിനയിച്ച് പൂർത്തിയാക്കിയ ചിത്രം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ദൃശ്യം-2 വിഷുവിന് റിലീസ് ചെയ്യാനാണ് പ്ളാൻ. ആറാട്ട് ഒാണം റിലീസായാണ് പ്ളാൻ ചെയ്യുന്നത്.

ജീത്തു ജോസഫിന്റെ മറ്റൊരു മോഹൻലാൽ ചിത്രമായ റാമിന്റെ അടുത്ത ഘട്ട ചിത്രീകരണം ഇംഗ്ളണ്ട് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലാണ് നടക്കേണ്ടത്. ലോകം കൊവിഡ് മുക്തമായ ശേഷമേ റാമിന്റെ ചിത്രീകരണം പുനരാരംഭിക്കാൻ കഴിയൂ.ആരാധകർ ആവേശപൂർവം കാത്തിരിക്കുന്ന മോഹൻ ലാൽ- പ്രിയദർശൻ ടീമിന്റെ മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസും ലോകം പഴയപടിയായതിന് ശേഷമേയുണ്ടാകൂവെന്ന് പ്രിയദർശൻ പറയുന്നു.അതേസമയം പ്രഭാസിന്റെ പുതിയ തെലുങ്ക് ചിത്രത്തിൽ അഭിനയിക്കാൻ ക്ഷണമുണ്ടെങ്കിലും അക്കാര്യത്തിൽ മോഹൻലാൽ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണറിവ്.മെഗാഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ചിത്രീകരണത്തീയതിയും തീരുമാനിച്ചില്ല.