
ഓഫ് ബീറ്റ് സിനിമകൾക്കൊപ്പം മാസ് ത്രില്ലറുകൾക്കും ഡേറ്റ് നൽകി പുതിയ വർഷത്തിലും പൃഥ്വിരാജ് 'പെർഫെക്ട്" മിക്സിന്റെ വഴിയിലാണ്....
ഒരേ സമയം മാസും ക്ളാസും. ബോക്സോഫീസിലും നിരൂപക മനസുകളിലും നിറഞ്ഞാടിയ പോയവർഷത്തെ സൂപ്പർഹിറ്റ് അയ്യപ്പനും കോശിയുടെ 'പെർഫെക്ട്" മിക്സിന്റെ വഴിയേ തന്നെയാണ് പുതിയ വർഷത്തിലും പൃഥ്വിരാജ്.തനു ബാലക്ക് സംവിധായകനാകുന്ന കോൾഡ് കേസ് പൂർത്തിയാക്കിയ പൃഥ്വിരാജ് ഇപ്പോൾ മനുവാര്യർ സംവിധായകനാകുന്ന കുരുതി എന്ന ചിത്രത്തിന്റെ ഈരാറ്റുപേട്ടയിലെ സെറ്റിലാണ്.
ബോളിവുഡിൽ കോഫിബ്ളൂം എന്ന ചിത്രമൊരുക്കിയ മനുവാര്യർ അനുരാഗ് കശ്യപിന്റെ തിരക്കഥയിൽ അമിതാഭ് ബച്ചനെ കേന്ദ്ര കഥാപാത്രമാക്കി യുദ്ധ് എന്ന വെബ് സീരീസും സംവിധാന ചെയ്തിട്ടുണ്ട്.

കുരുതി ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്. മുരളിഗോപി, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, സ്രിൻഡ, മണികണ്ഠൻ ആർ. ആചാരി തുടങ്ങിയവരും താരനിരയിലുണ്ട്.കോൾഡ് കേസിൽ സത്യജിത്ത് എന്ന അസിസ്റ്റന്റ് പൊലീസ് കമ്മിഷണറുടെ വേഷമാണ് പൃഥ്വിരാജിന്. അരുവി എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തമായ അദിതി ബാലനാണ് നായിക. നിവിൻ പോളി നായകനാകുന്ന പടവെട്ടാണ് അദിതിയുടെ ആദ്യ മലയാള ചിത്രം.
ക്യൂനിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ജനഗണമനയാണ് പൃഥ്വിരാജിന്റെ മറ്റൊരു ചിത്രം. സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. മാജിക്ക് ഫ്രെയിംസിന്റെയും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും സുപ്രിയാ മേനോനും ചേർന്ന് നിർമ്മിക്കുന്ന ജനഗണമനയിലെ പൃഥ്വിരാജിന്റെ പോർഷനുകൾ പൂർത്തിയായിക്കഴിഞ്ഞു. ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം എന്ന് തുടങ്ങുമെന്ന കാര്യത്തിൽ തീരുമാനമായില്ല.

ബ്ളസ്സി സംവിധാനം ചെയ്യുന്ന ആട് ജീവിതത്തിന്റെ നാല്പത് ശതമാനം ചിത്രീകരണമാണ് ഇനി അവശേഷിക്കുന്നത്. വിദേശ ലൊക്കേഷനുകളിലുൾപ്പെടെ ചിത്രീകരണം ബാക്കിയുള്ളതിനാൽ ലോകം കൊവിഡ് മുക്തമായ ശേഷമേ ആടുജീവിതത്തിന്റെ ചിത്രീകരണം പുനരാരംഭിക്കാൻ കഴിയൂ.ബോളിവുഡിൽ വൻ ഹിറ്റായ അന്ധാദുൻ എന്ന ചിത്രത്തിന്റെ റീമേക്കാണ് ഈ വർഷം പൃഥ്വിരാജ് അഭിനയിക്കുന്ന പുതിയ ചിത്രം. പ്രശസ്ത ഛായാഗ്രാഹകനായ രവി കെ. ചന്ദ്രനാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
രതീഷ് അമ്പാട്ട് - മുരളി ഗോപി ടീമിന്റെ ചിത്രത്തിലാണ് അന്ധാദുൻ റീമേക്കിന് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്നത്. രതീഷ് അമ്പാട്ടും മുരളിഗോപിയും വിജയ് ബാബുവും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

നവാഗതനായ ഇർഷാദ് പരാരി സംവിധാനം ചെയ്യുന്ന അയൽവാശി എന്ന ചിത്രത്തിനും പുതുവർഷം പൃഥ്വിരാജ് ഡേറ്റ് നൽകിയിട്ടുണ്ട്. രണ്ട് അയൽക്കാർ തമ്മിലുള്ള വാശിയുടെ കഥ പറയുന്ന ചിത്രത്തിലെ മറ്റൊരു പ്രധാന താരം ഇന്ദ്രജിത്താണ്.ജിനു എബ്രഹാമിന്റെ രചനയിൽ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയാണ് 2021ലെ പൃഥ്വിരാജിന്റെ മാസ് പ്രോജക്ടുകളിലൊന്ന്.മെഗാഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ എന്നു തുടങ്ങാനാകുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ആശീർവാദ് ഫിലിംസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന എമ്പുരാന്റെ രചന നിർവഹിക്കുന്നത് മുരളിഗോപിയാണ്. സംവിധാനത്തോടൊപ്പം എമ്പുരാനിൽ പൃഥ്വിരാജ് ഒരു മുഴുനീള വേഷവുമവതരിപ്പിക്കുന്നുണ്ട്.