2020

കലണ്ടർ താളുകളിൽ നിന്ന് ഒരു വർഷം കൂടി അടർന്നുവീഴുന്നു.കൊവിഡിന്റെ വരവിൽ ലോകം കതകടച്ചിരുന്നുപോയ വർഷമായിരുന്നു 2020. കളിക്കളങ്ങളിലെ ആരവങ്ങൾക്കും വിലക്കുവീണ കാലം. ഏറെനാളത്തെ കാത്തിരിപ്പിനുശേഷം മത്സരങ്ങൾ പലതും പുനരാരംഭിച്ചെങ്കിലും ഗാലറികളിലെ ആരവങ്ങൾ പഴയ രീതിയിലേക്ക് തിരികെവന്നിട്ടില്ല.ഈ കെട്ടകാലം കായികരംഗത്തുനിന്ന് അടർത്തിമാറ്റിയ ജീവിതങ്ങളും ഏറെയാണ്. മാലാഖയും ചെകുത്താനുമായി കളിക്കളത്തിലും ജീവിതത്തിലും മായാജാലം കാട്ടിയ ഡീഗോ മറഡോണയും അമേരിക്കൻ ബാസ്കറ്റ് ബാളിലെ അതുല്യ പ്രതിഭ കോബ് ബ്രയാന്റും ഇന്ത്യൻ ഹോക്കി ഇതിഹാസം ബൽബീർ സിംഗും ക്രിക്കറ്ററും ജനപ്രതിനിധിയുമായിരുന്ന ചേതൻ ചൗഹാനും ഫുട്ബാൾ പ്രതിഭ ചുനിഗോ സ്വാമിയും ഒക്കെ കാലയവനികയ്ക്കുള്ളിലേക്കു മറഞ്ഞത് 2020ന്റെ വലിയ നഷ്ടങ്ങളാണ്.....

മായാത്ത മറഡോണ

ഫുട്ബാൾ ആരാധകരുടെ ഹൃദത്തിലേക്ക് ഒരു ഇടിത്തീ പോലെയാണ് നവംബർ 25ന് ആ വാർത്ത പുറത്തേക്കുവന്നത്; സാക്ഷാൽ ഡീഗോ മറഡോണ ഓർമ്മയായിരിക്കുന്നു. ലോകമെങ്ങുമുള്ള ഫുട്ബാൾ സ്നേഹികൾ അദ്ദേഹത്തിന്റെ 60-ാം ജന്മദിനം ആഘോഷിച്ച് ഒരു മാസം തികയും മുമ്പാണ് അപ്രതീക്ഷിത നിര്യാണം. തലച്ചോറിലെ രക്തസ്രാവത്തിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഡീഗോ രോഗം ഭേഭമായി ആശുപത്രിവിട്ട് വീട്ടിലേക്ക് മടങ്ങി അധികം വൈകുന്നതിന് മുമ്പാണ് ഹൃദയാഘാതത്തെത്തുടർന്ന് മരിക്കുന്നത്.

അർജന്റീനയെ അവസാനമായി ലോകകപ്പ് ജേതാക്കളാക്കിയ, ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോളിനും ദൈവത്തിന്റെ കൈകൊണ്ട് നേടിയ ഗോളിനും ഒരേ മത്സരത്തിൽ ഇടം കണ്ടെത്തിയ, പ്രതിഭയുടെ ഉത്തുംഗശൃംഗത്തിൽ നിൽക്കുമ്പോഴും ലഹരിയുടെ ഉന്മാദവഴികൾ തേടിയലഞ്ഞ, സാമ്രാജ്യത്വത്തെയും അരാജകത്വത്തെയും പരസ്യമായി തള്ളിപ്പറയാൻ മടി കാട്ടാതിരുന്ന,മനുഷ്യത്വത്തിനുവേണ്ടി നിലകൊണ്ട, അതിലെല്ലാമുപരി ഒരു പിഞ്ചുകുഞ്ഞിന്റെ നിഷ്കളങ്കതയും പിടിവാശിയുമുള്ള പച്ച മനുഷ്യനായി ജീവിച്ചിരുന്ന ഡീഗോയുടെ അപ്രതീക്ഷിത വേർപാട് ഫുട്ബാളിന് മാത്രമല്ല ലോകത്തിന് തന്നെ തീരാനഷ്ടമായാണ് രേഖപ്പെടുത്തപ്പെട്ടത്.

എരിഞ്ഞുതീർന്ന കോബ്

ബ്ളാക്ക് മാംബ (കരിമൂർഖൻ) എന്ന സ്വയം നൽകിയ വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന അമേരിക്കൻ നാഷണൽ ലീഗ് ബാസ്കറ്റ് ബാൾ ഇതിഹാസം കോബ് ബ്രയാന്റ് 2020 ജനുവരി 26ന് പതിമൂന്നുകാരിയായ മകൾക്കൊപ്പം ബാസ്കറ്റ്ബാൾ മത്സരത്തിന് പോകുമ്പോൾ ഹെലികോപ്ടർ തകർന്നാണ് മരിച്ചത്. 1996മുതൽ 2016വരെ നീണ്ട പ്രൊഫഷണൽ കരിയറിൽ ലോസാഞ്ചലസ് ലേക്കേഴ്സിനായി അഞ്ച് എൻ.ബി.എ കിരീടങ്ങൾ നേടി കോബ് ചരിത്രം കുറിച്ചിരുന്നു. എൻ.ബി.എയിലെ ടോപ് സ്കോറർ എന്ന തന്റെ റെക്കാഡ് തകർത്ത ലെബ്രോൺ ജെയിംസിന് അഭിനന്ദനസന്ദേശം ട്വീറ്റ് ചെയ്തശേഷമാണ് കോബ് അന്ത്യ യാത്രയ്ക്കാെരുങ്ങിയത്.

പി.കെ ബാനർജി

ഇന്ത്യൻ ഫുട്ബാളിന്റെ സുവർണകാലത്ത് മുന്നേറ്റനിയിലെ മുന്നണിപ്പോരാളിയായിരുന്ന പി.കെ ബാനർജി 2020 മാർച്ച് 20നാണ് ഈ ലോകത്തോട് വിടപറഞ്ഞത്. 1955മുതൽ 66വരെയുള്ള കാലയളവിൽ ഇന്ത്യയ്ക്കായി 45 മത്സരങ്ങളിൽ കളിച്ച ബാനർജി 15 ഗോളുകളും നേടി.1972 മുതൽ 81 വരെ ദേശീയ ടീമിന്റെ പരിശീലകനുമായിരുന്നു.1961 ആദ്യമായി ഏർപ്പെടുത്തിയ അർജുന അവാർഡിന് ഫുട്ബാളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ബാനർജി 1990ൽ പത്മശ്രീയും സ്വന്തമാക്കി. 2004ൽ ഫിഫ ഒാർഡർ ഒഫ് മെരിറ്റ് നൽകി ആദരിച്ചു.

ചുനി ഗോ സ്വാമി

പി.കെ ബാനർജിയുടെ സമകാലികനും ഇതിഹാസതാരവുമായിരുന്ന ചുനി ഗോസ്വാമി കാലയവനികയ്ക്കുള്ളിൽ മറഞ്ഞത് ഏപ്രിൽ 30നാണ്. സ്വതന്ത്രഇന്ത്യയിൽ ഒളിമ്പിക്സിൽ പങ്കെടുക്കുകയും ഫസ്റ്റ്ക്ളാസ് ക്രിക്കറ്റ് കളിക്കുകയും ചെയ്ത ഏകതാരം ചുനി ദായാണ്. 1960ലെ റോം ഒളിമ്പിക്സിൽ ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്ടനായിരുന്നു ചുനി. രാജ്യത്തിനായി 30 മത്സരങ്ങളിൽ നിന്ന് ഒൻപത് ഗോളുകൾ നേടി. 1962 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ സ്വർണത്തിലേക്കും 1964 ഏഷ്യാകപ്പിൽ വെള്ളിയിലേക്കും ഇന്ത്യയെ നയിച്ചു. 1946ൽ തന്റെ എട്ടാം വയസിൽ മോഹൻ ബഗാന്റെ ജൂനിയർ ടീമിൽ ചേർന്ന ചുനി 1968ൽ വിരമിക്കുംവരെ അവി‌ടെത്തന്നെ തുടർന്നു. അഞ്ചുസീസണുകളിൽ ക്യാപ്ടനുമായിരുന്നു.ഫുട്ബാളിൽ നിന്ന് വിരമിച്ച ശേഷം ബംഗാളിന് വേണ്ടി രഞ്ജി ട്രോഫി ക്രിക്കറ്റിൽ കളിച്ചു. 82-ാം വയസിലാണ് അന്തരിച്ചത്.

ബൽബീർ സിംഗ് സീനിയർ

ധ്യാൻചന്ദിന് ശേഷം ഇന്ത്യൻ ഹോക്കി കണ്ട ഏറ്റവും വലിയ പ്രതിഭ, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ സ്പോർട്സ് ഹീറോ ബൽബീർ സിംഗ് സീനിയറും വിടവാങ്ങിയത് 2020ലാണ്.മൂന്ന് ഒളിമ്പിക്സുകളിൽ (1948-ലണ്ടൻ,1952-ഹെൽസിങ്കി, 1956-മെൽബൺ) സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ നെടുംതൂണായിരുന്നു അദ്ദേഹം. ഈ മൂന്ന് ഒളിമ്പിക്സുകളിൽ നിന്ന് മാത്രം 22 ഗോളുകൾ ബൽബീർ സിംഗ് അടിച്ചുകൂട്ടിയിരുന്നു.ഹെൽസിങ്കി ഒളിമ്പിക്സിന്റെ ഫൈനലിൽ നെതർലാൻഡ്സിനെതിരെ അഞ്ചുഗോളുകൾ ബൽബീർ നേടിയിരുന്നു. ഒരു ഒളിമ്പിക്സ് ഫൈനലിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കാഡ് ഇപ്പോഴും അദ്ദേഹത്തിന് സ്വന്തമാണ്. പത്മ ശ്രീ നേടിയ ആദ്യ കായിക താരമായ ബൽബീർ സിംഗ് മേയ് 25ന് തന്റെ 96-ാം വയസിലാണ് ലോകത്തോട് വിടപറഞ്ഞത്.

രജീന്ദർ ഗോയൽ

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ റെക്കാഡിനുടമയായിരുന്നു രജീന്ദർ ഗോയൽ. രഞ്ജിയിൽ 637 വിക്കറ്റുകൾ സ്വന്തമാക്കിയെങ്കിലും ഒരിക്കൽപ്പോലും ഇന്ത്യൻ കുപ്പായമണിയാനുള്ള ഭാഗ്യം ലഭിക്കാതെപോയ അപൂർവ്വ പ്രതിഭയായിരുന്നു ഇടംകയ്യൻ സ്പിന്നറായ ഗോയൽ. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഇടംകയ്യൻ സ്പിന്നറായ ബിഷൻസിംഗ് ബേദിയുടെ പ്രതാപകാലത്ത് മറ്റൊരു ഇടംകയ്യൻ സ്പിന്നറെക്കൂടി ടീമിലെടുക്കാൻ സെലക്ടർമാർ മടിച്ചിടത്ത് തുടങ്ങി ഗോയലിന്റെ കഷ്ടകാലം. അദ്ദേഹത്തിന്റെ കരിയറിലുടനീളം അതുതുടർന്നു.1974-75ലെ വിൻഡീസിനെതിരായ പരമ്പരയിൽ ടീമിലേക്ക് വിളിവന്നെങ്കിലും പ്ളേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയില്ല. കഴിഞ്ഞ ജൂൺ 21ന് തന്റെ 77-ാം വയസിൽ ഗോയൽ ലോകത്തോട് വിട പറഞ്ഞു.

ചേതൻ ചൗഹാൻ

കായികരംഗത്തുനിന്ന് കൊവിഡ് കവർന്ന പ്രമുഖരിൽപ്പെട്ടയാളാണ് ചേതൻ ചൗഹാൻ.ടെസ്റ്റ് ക്രിക്കറ്റിൽ സുനിൽ ഗാവസ്കറുടെ ദീർഘകാലത്തെ ഓപ്പണിംഗ് പങ്കാളി.1973മുതൽ 81വരെ ചേതൻ സണ്ണിക്കാെപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്തു. 3000ത്തിലേറെ റൺസ് കൂട്ടിച്ചേർത്തു. പത്ത് സെഞ്ച്വറി പാർട്ണർഷിപ്പുകൾ പടുത്തുയർത്തി. എന്നാലാവട്ടെ സ്വന്തം പേരിൽ ഒരു സെഞ്ച്വറി പോലും നേടിയില്ല. ക്രിക്കറ്റ് വിട്ട ശേഷം രാഷ്ട്രീയത്തിലേക്കിറങ്ങി. രണ്ട് തവണ യു.പിയിലെ അമ്രോഹ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലെത്തി. ഉത്തർപ്രദേശിൽ കാബിനറ്റ് മന്ത്രിയായിരിക്കവേയാണ് കൊവിഡ് ബാധിതനായി ജൂലായ് 12ന് 73-ാം വയസിൽ മരണമടയുന്നത്.

ഡീൻ ജോൺസ്

കലാപകാരിയായ കളിക്കാരനും വിവാദങ്ങളിൽപ്പെട്ട കമന്റേറ്ററുമായ ഡീൻ ജോൺസ് മുംബയ്‌യിൽ ഹോട്ടൽമുറിയിൽ കുഴഞ്ഞുവീണ് മരിച്ചത് സെപ്തംബർ24നാണ്. ഐ.പി.എൽ കമന്ററിക്കായി ചാനൽ സ്റ്റുഡിയോയിൽ എത്തിയതായിരുന്നു അദ്ദേഹം. 1987ൽ ഏകദിന ലോകകപ്പും 1989ൽ ആഷസും നേടിയ ആസ്ട്രേലിയൻ ക്രിക്കറ്റ് ടീമുകളിൽ അംഗമായിരുന്നു.ഇന്ത്യയ്ക്കെതിരെ ചെപ്പോക്കിൽ നേടിയ ഇരട്ട സെഞ്ച്വറി ഇന്നും ആരാധകരുടെ ഓർമ്മയിലുണ്ട്.

പൗളോ റോസി

ഒത്തുകളിക്ക് ഒത്താശചെയ്തതിന് വിലക്കപ്പെട്ടിരുന്ന ഒരു താരം പിന്നീട് രാജ്യത്തിന് ലോകകപ്പ് നേടിക്കാെടുത്ത കഥയാണ് പൗളോ റോസിക്ക് പറയാനുണ്ടായിരുന്നത്.ഗാരിഞ്ചയ്ക്കും മരിയോ കെംപസിനും ശേഷം ലോകകപ്പ് കിരീ‌ടവും ഗോൾഡൻ ബാളും ഗോൾഡൻ ബൂട്ടും ഒരുമിച്ചുനേടിയ ഏകഫുട്ബാളറും റോസി തന്നെ. 1982 ലോകകപ്പിൽ ആറു ഗോളുകൾ നേടിയ റോസിയാണ് ഇറ്റലിയുടെ കിരീടധാരണത്തിന് പിന്നിലെ രാജശിൽപ്പിയായത്. ഈ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെതിരെ ഹാട്രിക്ക് നേടിയതായിരുന്നു ഏറ്റവും മികച്ച പ്രകടനം.48 മത്സരങ്ങളിൽ നിന്ന് 20 ഗോളുകളാണ് റോസി നേടിയത്. ഇതിൽ ഒൻപത് എണ്ണവും ലോകകപ്പുകളിലായിരുന്നു.