
കുരുതിയോടൊപ്പമാണ് ഈ വർഷം തുടങ്ങുന്നത്.റോഷന്റെ പുതിയ സിനിമ വിശേഷങ്ങൾ
മലയാള സിനിമയിൽ നിന്ന് ഇന്ത്യൻ സിനിമയിലേക്ക് ഉദിച്ചു ഉയരുന്ന താരകമാണ് റോഷൻ മാത്യു എന്ന യുവനടൻ. തനിക്ക് കിട്ടുന്ന കഥാപാത്രങ്ങളെ കൈയടക്കത്തോടെ മികവാർന്നതാക്കാൻ ഈ നടന് സാധിക്കുന്നുണ്ട്. തിരിഞ്ഞു നോക്കുമ്പോൾ 2020 ഒരു മോശം വർഷമല്ലെന്ന് റോഷൻ ആത്മവിശ്വാസത്തോടെ പറയുന്നു. ഓരോ സിനിമയിലെ പകർന്നാട്ടം കഴിയുമ്പോഴും റോഷൻ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ് . കഴിഞ്ഞ വർഷം ഒ .ടി .ടി യിൽ നിറഞ്ഞ സ്വീകാര്യത ലഭിച്ച കപ്പേളയിലെ വിഷ്ണുവും സീ യു സൂണിലെ ജിമ്മിയും മലയാള സിനിമയിൽ സ്ഥാനം നേടിയ കഥാപാത്രങ്ങളാണ്. ഭാഷയുടെ അതിർ വരമ്പുകൾ കടന്ന് ബോളിവുഡിലും റോഷൻ കഴിഞ്ഞ വർഷം എത്തി. . പ്രതിസന്ധികളെ തരണം ചെയ്തു സിനിമാലോകം മുന്നോട്ട് പോകുമെന്ന പ്രതീക്ഷയിലാണെന്ന് പറഞ്ഞ് റോഷൻ സംസാരിച്ചു തുടങ്ങി.
2021 കുരുതിയിൽ തുടങ്ങുന്നു
ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായൊരു കഥാപാത്രം.ഞാൻ അധികം വർക്ക് ചെയ്യാത്ത ചില താരങ്ങൾക്കൊപ്പം അഭിനയിക്കുന്നു.വളരെ എക്സൈറ്റിംഗായൊരു വിഷയം.പൃഥ്വിരാജ് സുകുമാരന്റെ കുരുതിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. കുരുതിയോടൊപ്പമാണ് ഈ വർഷം തുടങ്ങുന്നത്. കഴിഞ്ഞ വർഷം തുടങ്ങിയ വിക്രം സാറിന്റെ കോബ്ര ലോക്ക്ഡൗൺ മൂലം നിറുത്തി വച്ചു. അതിന്റെ ബാക്കി ചിത്രീകരണം ഉണ്ടാവും ഈ വർഷം. സിബി മലയിൽ സാറിന്റെ കൊത്ത്,ഒപ്പം അനൗൺസ് ചെയ്യാത്ത രണ്ടു മുന്ന് സിനിമകളുടെ ചിത്രീകരണവും കാണും. ഒരു ബോളിവുഡ് ചിത്രവുമുണ്ട്. ഇനി റിലീസിന് ഒരുങ്ങുന്നത് മലയാളം ആന്തോളജി ചിത്രത്തിൽ ആഷിക് സാറിന്റെ (ആഷിക് അബു )പെണ്ണും ചെറുക്കനും എന്ന ചിത്രമാണ്.സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത വർത്തമാനം എന്ന ചിത്രവും റിലീസ് ചെയ്യാനുണ്ട്. പാർവതിയോടൊപ്പം അഭിനയിച്ച ചിത്രമാണ് അത്.

2020 പ്രതീക്ഷിച്ചത് നടന്നില്ല ,പ്രതീക്ഷിക്കാത്തത് നടന്നു
ലോക്ക്ഡൗൺ തുടക്ക സമയത്ത് എല്ലാവരെയും ബാധിച്ചതുപോലെ ഒരു അവസ്ഥ എന്നെയും ബാധിച്ചിരുന്നു.പക്ഷേ പ്രതീക്ഷിക്കാത്ത ഒരുപാട് നല്ല കാര്യങ്ങൾ സമ്മാനിച്ച വർഷമാണ്. കപ്പേള തിയേറ്ററിൽ റിലീസ് ചെയ്തപ്പോഴേക്കും തിയേറ്ററുകൾ അടച്ചിരുന്നു. ഒ .ടി .ടി യിൽ റിലീസ് ചെയ്തപ്പോൾ നമ്മൾ ഉദ്ദേശിച്ച പ്രേക്ഷകരിലേക്ക് ചിത്രം എത്തി.നല്ല പ്രതികരണവും ലഭിച്ചു. കഴിഞ്ഞ വർഷം സിനിമയിലെ പ്രതിസന്ധികൾക്ക് ഉള്ളിൽ നിന്നുകൊണ്ട് ഒരുക്കിയ സീ യു സൂണിൽ പ്രധാന വേഷം ചെയ്യാൻ സാധിച്ചു. മഹേഷ് നാരയണന്റെയും ഫഹദിന്റെയും കൂടെ വർക്ക് ചെയ്യണമെന്ന് കുറേകാലമായി ആഗ്രഹിച്ച കാര്യമാണ് സീ യു സൂണിലൂടെ സാധ്യമായത്. ബോളിവുഡ് അനുരാഗ് സാറിന്റെ (അനുരാഗ് കശ്യപ് ) ചിത്രം ചോക് ഡിന്റെ റിലീസ്. കുറച്ചു നാളായി ചെയ്യണമെന്ന് വിചാരിച്ച് സമയം കിട്ടാതെ മാറ്റിവച്ച ചില കാര്യങ്ങളൊക്കെ ചെയ്തു തീർത്തു.അപ്രതീക്ഷിതമായി സംഭവിച്ച സാഹചര്യം മൂലം വലിയൊരു പ്രോജക്ട് ഇല്ലാതായിട്ടുണ്ട് . എന്നെ സംബന്ധിച്ച് അത് വലിയൊരു നഷ്ടമാണ്. പക്ഷേ അതിനെ ബാലൻസ് ചെയ്യുന്ന രീതിയുള്ള സിനിമകൾ വന്നതുകൊണ്ട് ആ നഷ്ടം മറക്കുന്നു.
സിനിമ മേഖല പ്രതിസന്ധികളെ മറികടക്കും
ഒരിക്കലും നിന്നുപോവുന്നതല്ല സിനിമ. സിനിമ ,നാടകം തുടങ്ങിയവയിൽ ജോലി ചെയ്യുന്നവർ ഒരിക്കലും അതിനെ ജോലിയായല്ല കാണുന്നത്. പാഷനുള്ളവരാണ് സിനിമയിലും നാടകത്തിലും അണിയറയിലും മുന്നണിയിലും പ്രവർത്തിക്കുന്നവർ. അതിൽ നിന്ന് വരുന്ന വരുമാനമെല്ലാം സെക്കന്ററിയാണ്. അതുകൊണ്ട് തന്നെ എന്ത് തരത്തിലുള്ള പ്രതിസന്ധികൾ വന്നാലും അതിനെ മറികടക്കും. എന്തൊക്കെ സംഭവിച്ചാലും നമുക്ക് ആർട്ട് വേണം. സിനിമ ,പുസ്തകം ഇതെല്ലം നമുക്ക് ആവശ്യമുള്ളതാണ്.എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും അതിനെയെല്ലാം മറികടക്കാനുള്ള വഴികൾ നമ്മൾ കണ്ടുപിടിക്കും. സിനിമകൾ പഴയരീതിയിൽ തിരിച്ചു വരും. അല്ലെങ്കിൽ അതിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് .

പുതിയ വർഷം പുതിയ തുടക്കം
പുതിയ വർഷമാണ്. കഴിഞ്ഞ വർഷങ്ങളിൽ എനിക്ക് ചെയ്യാൻ സാധികാത്ത കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കണം. മാറ്റണമെന്ന് വിചാരിച്ച് സാധിക്കാത്ത കാര്യങ്ങൾ മാറ്റാൻ ശ്രമിക്കുക.
പുതിയ മാറ്റങ്ങൾ ,തയ്യാറെടുപ്പുകൾ
മലയാളത്തിലും മറ്റു ഭാഷകളിലും എനിക്കിഷ്ടപ്പെട്ട ഒരു ഗ്രൂപ്പുണ്ട്. ഒപ്പം അഭിനയിക്കണമെന്ന് തോന്നിയ താരങ്ങൾ,സംവിധായകർ ,ടെക്നിഷ്യൻമാർ തുടങ്ങി എന്നെ എക്സ്സൈറ്റ് ചെയ്ത അവരോടൊപ്പം വർക്ക് ചെയ്യണമെന്ന അതിയായ ആഗ്രഹമുണ്ട്. വരുന്ന കഥാപാത്രങ്ങൾ നിലവിൽ അവസാനം ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണോയെന്ന് നോക്കും. ഒരു നല്ല ടീമിന്റെ കൂടെ വർക്ക് ചെയ്യണമെന്നുള്ളതാണ് മുൻഗണന. അതിപ്പോൾ മുൻപും അങ്ങനെയാണ് ഓരോ തിരഞ്ഞെടുപ്പും നടത്തിയത്. ലോക്ക്ഡൗൺ ആയപ്പോൾ കുറേകാലം അടുപ്പിച്ചു വീട്ടിൽ ഇരുന്നപ്പോൾ ഹോം സിക്ക്നെസ്സ് ഉണ്ടായി. അതിനെയെല്ലാം ബാലൻസ് ചെയ്തു വർക്കിലേക്ക് മാത്രം ശ്രദ്ധ കൊണ്ടുവരണം. പണ്ട് എന്തൊക്കെ ചെയ്തിരുന്നു ഇപ്പോൾ അതേപോലെയോ അല്ലെങ്കിൽ അതിനേക്കാൾ നന്നായി ചെയ്യാനോ ശ്രമിക്കണം.
നെഗറ്റിവിറ്റികളെ റോഷൻ എങ്ങനെ നേരിടുന്നു ?
നെഗറ്റിവിറ്റികളിലൂടെ കടന്നു പോവുമ്പോൾ എപ്പോഴും ഒരേ വഴിയിലൂടെ പരിഹാരം കണ്ടെത്താൻ കഴിയില്ല. ഓരോ പ്രാവശ്യവും പുതിയതാണ് അതിനുണ്ടാക്കുന്ന കാരണങ്ങളും പുതിയതാണ്.അതുകൊണ്ട് തന്നെ അത്തരത്തിലുള്ള നെഗറ്റിവിറ്റികളിൽ നിന്ന് പുറത്തു കടക്കാൻ പുതിയ വഴികൾ കണ്ടുപിടിച്ചേ മതിയാവുകയൊള്ളു. ജീവിതത്തിൽ ചില കാര്യങ്ങൾ മാറ്റണം എന്ന് വിചാരിക്കുമ്പോൾ അത് മാറ്റാൻ വേണ്ടി സഹായിക്കുമെന്ന് എനിക്ക് തോന്നുന്ന കാര്യങ്ങൾ ഞാൻ ചെയ്യാൻ ശ്രമിക്കും. ചില സമയത്ത് അത് വർക്കാവും. ചിലപ്പോൾ അത് ശരിയാവില്ല. ചിലപ്പോൾ സുഹൃത്തുക്കളുടെ സഹായം തേടേണ്ടിവരും .
റോഷൻ അഹങ്കരിയാണെന്ന് പറയുന്നവരുണ്ടാവാം...അവരോട് റോഷന് എന്താണ് പറയാനുള്ളത്?
അങ്ങനെ പറയുന്നവരുണ്ടാകാം എന്നല്ലേ . അത് വ്യക്തതയുള്ള കാര്യമല്ലല്ലോ. അതുകൊണ്ട് തന്നെ നമ്മൾ അതിനോട് പ്രതികരിക്കേണ്ട ആവശ്യമില്ലല്ലോ. എനിക്ക് പ്രാധാന്യമുള്ള ഒരു സുഹൃത്ത് എന്നെകുറിച്ച് അങ്ങനെ വിചാരിക്കുന്നെങ്കിൽ ഞാൻ അത് മനസിലാക്കാൻ ശ്രമിക്കും. അല്ലാതെ പറയുന്നവരോട് എനിക്ക് ഒന്നും പറയാനില്ല.