
ദുർഗാകൃഷ്ണയുടെ ജീവിതത്തിൽ ഒരുപാട് സന്തോഷം  നൽകിയ  വർഷമാണ് 2020
ദുർഗ കൃഷ്ണയ്ക്ക് 2020 അത്ര മോശം വർഷമായിരുന്നില്ല. മലയാളം കടന്ന് കന്നഡ സിനിമയിൽ സാന്നിദ്ധ്യം അറിയിച്ചു. പ്രിയപ്പെട്ട ലാലേട്ടനൊപ്പം റാമിൽ അഭിനയിച്ചു. ഏറ്റവും സന്തോഷമായി അഭിനയിച്ച കുടുക്ക് 2025. വിമാനത്തിൽ പറന്നിറങ്ങി വന്ന ദുർഗ കൃഷ്ണ ഇപ്പോൾ കുടുക്ക് 2025 ൽ വന്നു നിൽക്കുകയാണ്. ഈ വർഷം പ്രതീക്ഷയുടെ വർഷമാണെന്ന് ദുർഗ പറയുന്നു.വിമാനത്തിലെ ജാനകിയിൽ നിന്ന് കുടുക്കിലെ ഈവിലേക്ക് ദുർഗ നടന്നു കയറുമ്പോൾ സിനിമയെ കൂടുതൽ പഠിച്ചു സിനിമയെ കൂടുതൽ അറിഞ്ഞു.
കഴിഞ്ഞ വർഷം ഭാഗ്യവർഷം
എന്റെ ജീവിതത്തിൽ ഒരുപാട് സന്തോഷം നൽകിയ വർഷമാണ് 2020. ജീവനായി കണ്ടു ആരാധിക്കുന്ന ഏട്ടന്റെ (മോഹൻലാൽ )കൂടെ അഭിനയിക്കാൻ സാധിച്ചു.തൃഷ മാം അഭിനയിച്ച കഥാപാത്രത്തിന്റെ അനിയത്തി കഥാപാത്രം മീരയായാണ് ഞാൻ അഭിനയിക്കുന്നത്. തൃഷയുടെ അനിയത്തി ആണെങ്കിലും മുഴുവൻ സീനുകളും ലാലേട്ടനൊപ്പമാണ്. റാമിലേക്ക് ലാലേട്ടനാണ് വിളിക്കുന്നത്. പിന്നീട് ജിത്തു സാർ (ജിത്തു ജോസഫ് ) വിളിച്ചു. മീരയ്ക്ക് വേണ്ടി തടി കുറച്ചിരുന്നു. റാമിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളെല്ലാം കഴിഞ്ഞു. തിയേറ്ററുകൾ തുറന്നാലുടൻ റാം റിലീസ് കാണും. തൃഷ മാമിനോപ്പം അഭിനയിക്കാൻ സാധിച്ചത് മറ്റൊരു ഭാഗ്യമായി കാണുന്നു. വളരെ ലളിതമായ വ്യക്തിയാണ് മാം.

മാരന്റെ  ഈവ്
ആദ്യ സിനിമ വിമാനവും ജാനകിയും എനിക്ക് പ്രിയപ്പെട്ടതാണെങ്കിലും ഈ ലോക്ക്ഡൗണിൽ ചെയ്ത കുടുക്ക് 2025 ക്ലോസ് ടൂ മൈ ഹാർട്ടാണ്. കുടുക്കിന്റെ പോസ്റ്ററുകളും ലൊക്കേഷൻ ചിത്രങ്ങളും പങ്കുവയ്ക്കുമ്പോൾ #kudukku 2025 close to my heart എന്ന് ഹാഷ് ടാഗ് കൊടുക്കാറുണ്ട്. ഞാൻ വളരെ സന്തോഷവതിയായി കംഫോർട്ടായി ചെയ്തു തീർത്ത സിനിമ. പുതിയൊരു കുടുംബത്തിൽ എത്തിയ ഫീലായിരുന്നു. ബിലഹരി യുടെ തിരക്കഥ ഇഷ്ടപ്പെട്ടതുകൊണ്ടാണ് കുടുക്കിന്റെ ഭാഗമാവുന്നത്. കൃഷ്ണ ശങ്കർ മാരൻ. കിച്ചുവുമായി ആദ്യം സംസാരിക്കാനൊക്കെ മടിയായിരുന്നു. ബിലയാണ് ഇങ്ങനെയായാൽ ശരിയാവില്ല എന്ന് പറഞ്ഞത്. ഷൂട്ട് തുടങ്ങുന്നതിന്റെ മുൻപ് ഫോട്ടോഷൂട്ടും വർക്ക് ഷോപ്പും ഉണ്ടായിരുന്നു. അപ്പോഴേക്കും എല്ലാവരുമായി സെറ്റായി.ലോക് ഡൗണിന് ശേഷം ഭാവിയിൽ മനുഷ്യർ എങ്ങനെയായിരിക്കും, അവർക്ക് വരുന്ന മാറ്റങ്ങൾ  എന്തെല്ലാമാണ്  എന്നാണ് കുടുക്കിൽ പറയുന്നത്. ഞാൻ ഇതുവരെ വർക്ക് ചെയ്ത സെറ്റ് പോലെയായിരുന്നില്ല കുടുക്ക് 2025. അതുപോലെ ഈവ് എന്ന കഥാപാത്രം പെട്ടെന്നൊന്നും ആർക്കും പിടികിട്ടാത്ത കഥാപാത്രമാണ്.ചില സമയത്ത് അവളോട് ഇഷ്ടം തോന്നും ചില സമയത്ത് ദേഷ്യം തോന്നും അങ്ങനെ ആർക്കും അവളെ മനസിലാവില്ല. ടൂർ പോവുപോലെയായിരുന്നു ഓരോ ദിവസവും സെറ്റിൽ പോയിരുന്നത്. ബിലഹരിയും കൃഷ്ണ ശങ്കറുമെല്ലാം കുടുക്കിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. പക്ഷേ ഒരിക്കൽപോലും അവരെയൊന്നും ടെൻഷനടിച്ച് കണ്ടിട്ടേയില്ല. കുടുക്കിൽ മനോഹരമായ നല്ല ഗാനങ്ങളുണ്ട്.
തിരു സാറിന്റെ കന്നഡ സിനിമ
പ്രമുഖ സിനിമോറ്റോഗ്രാഫർ തിരു സാറിന്റൊപ്പം ഒരു സിനിമ ചെയ്യാൻ സാധിച്ചുവെന്നത് തന്നെ ഭാഗ്യമുള്ള കാര്യമാണ്. ലോക് ഡൗണിന് ശേഷം ആദ്യം ചെയ്തത് കന്നഡ സിനിമയാണ്. നവാഗതനായ ജയശങ്കർ പണ്ഡിറ്റാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധനഞ്ജയനാണ് നായകനായി എത്തുന്നത്. മലയാളത്തിൽ നിന്ന് രാഹുൽ മാധവ് ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മലയാളത്തിൽ നിന്ന് വന്നതുകൊണ്ട് തന്നെ എല്ലാവരും നല്ല സ്നേഹത്തിലാണ് പെരുമാറിയത്.

സിനിമ ലോകം ആഘോഷമാക്കുന്നു
സിനിമയെ കുറിച്ച് ഒന്നും അറിയാതെ സിനിമയിൽ എത്തിപ്പെട്ട ഒരാളാണ് ഞാൻ. മറ്റുള്ളവർ പറയുന്ന പോലെ സിനിമയിലേക്കുള്ള എൻട്രി ബുദ്ധിമുട്ടൊന്നുമുണ്ടായിരുന്നില്ല. ഇപ്പോൾ സിനിമ പഠിച്ചു. സിനിമ സൗഹൃദങ്ങൾ വന്നുചേർന്നു.പുറത്തു പോവുമ്പോഴെല്ലാം മറ്റുള്ളവർ തിരിച്ചറിയുന്നതും സ്നേഹം കാണിക്കുന്നതുമൊക്കെ ആസ്വദിക്കാറുണ്ട്.
നാടൻ ലുക്ക്  ഇമേജ്  മാറ്റാൻബോൾഡ് ലുക്കിൽ ഫോട്ടോഷൂട്ട്
വിമാനത്തിൽ നാടൻ വേഷമായിരുന്നു.പ്രേതത്തിലും ലവ് ആക്ഷൻ ഡ്രാമയിലുമെല്ലാം തികച്ചും വ്യത്യസ്ത ലുക്ക്. പക്ഷേ എനിക്ക് എപ്പോഴും ഒരു നാടൻ ഇമേജാണ്. അത് ബ്രേക്ക് ചെയ്യണമെന്ന ഉദ്ദേശത്തോടെയായിരുന്നു ബോൾഡ് ലുക്കിലുള്ള ഫോട്ടോഷൂട്ട് നടത്തിയത്. അതിന് ശേഷം ആ ഇമേജിൽ മാറ്റം വന്നപോലെ തോന്നുന്നുണ്ട്.
ചില സമയത്ത്  ഡയറ്റുംചില സമയത്ത്  ഡൈ ഈറ്റും
ശരീര ഭാരത്തെ കുറിച്ച് വലിയ ശ്രദ്ധയില്ലാത്ത ഒരാളാണ് ഞാൻ. ആവശ്യത്തിന് അനുസരിച്ച് തടി കൂട്ടുകയും കുറയ്ക്കുകയും ചെയ്യാറുണ്ട്. ഭക്ഷണം ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ചില സമയത്ത് ഡൈ ഈറ്റാണ് (ചത്തു തിന്നും) .
അച്ഛനും  അമ്മയും  അനിയനും
കോഴിക്കോടാണ് ഞങ്ങളുടെ വീട്. ഇപ്പോൾ കൊച്ചിയിലാണ് ഞങ്ങൾ താമസം. അച്ഛൻ കൃഷ്ണലാൽ ,ബിസിനസാണ്. അമ്മ ജിഷ. അനിയൻ ദുഷ്യന്ത് കൃഷ്ണ. അവൻ സിനിമറ്റോഗ്രാഫി പഠിക്കുന്നു.