
കൊച്ചി: ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ തനിക്കുണ്ടെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ കോടതിയിൽ. ജാമ്യാപേക്ഷ പരിഗണിക്കവെയാണ് എം ശിവശങ്കറിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നം ഉണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചത്. കസ്റ്റംസ് രജിസ്റ്റർ ചെയ്‌ത കേസിൽ ഒരു തെളിവും എം ശിവശങ്കറിനെതിരെ കിട്ടിയിട്ടില്ലെന്നും അതുകൊണ്ട് ജാമ്യം അനുവദിക്കണമെന്നും ആണ് ആവശ്യം.
ജാമ്യാപേക്ഷയെ എതിർത്ത കസ്റ്റംസ് സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന് പങ്കുണ്ടെന്ന വാദമാണ് കോടതിയിൽ ഉന്നയിച്ചത്. ഏഴ് തവണ സ്വപ്‌നയുമൊത്ത് ശിവശങ്കർ വിദേശയാത്ര നടത്തി. മുഴുവൻ ചെലവും വഹിച്ചത് താനെന്ന് ശിവശങ്കർ സമ്മതിച്ചിട്ടുണ്ട്. ഒരു സീനിയർ ഐ എ എസ് ഉദ്യോഗസ്ഥൻ എന്തിനിത് ചെയ്യണമെന്ന് കസ്റ്റംസ് കോടതിയിൽ ചോദിച്ചു. യാത്രകൾക്ക് പിന്നിൽ ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്നും കസ്റ്റംസ് വാദിച്ചു.
ഗുരുതരമായ ആരോഗ്യ പ്രശ്‌നം ഉണ്ടെന്ന എം ശിവശങ്കറിന്റെ വാദത്തേയും കസ്റ്റംസ് കോടതിയിൽ എതിർത്തു. 2015 മുതൽ രോഗം ഉണ്ടെന്നാണ് പറയുന്നത്. എന്നാൽ വിദേശ യാത്രകൾക്കൊന്നും രോഗം തടസമായില്ലേ എന്നാണ് കസ്റ്റംസ് ചോദിക്കുന്നത്. യു എ ഇ യുമായുളള ബന്ധത്തെ പോലും ഈ കേസ് ബാധിച്ചു. ലക്ഷക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്ന സ്ഥലമാണ് യു എ ഇ എന്ന് കോടതി ഓർക്കണമെന്നും കസ്റ്റംസ് പറഞ്ഞു. ശിവശങ്കറിന്റെ ജാമ്യ ഹർജിയിൽ കോടതി നാളെ വിധി പറയും.